പ്രണയസാഫല്യത്തിന് രണ്ട് വയസ്സ്; ജോഡിയെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി ആൽബനീസ്: വാലന്റൈൻസ് ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ്

Photo : X.com
കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഈ വാലന്റൈൻസ് ദിനത്തിൽ തന്റെ പ്രിയതമ ജോഡി ഹെയ്ഡണോടുള്ള സ്നേഹം ഒരിക്കൽ കൂടി ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. വിവാഹാഭ്യർത്ഥന നടത്തിയതിന്റെ രണ്ടാം വാർഷികത്തിൽ, ഇരുവരും ഒന്നിച്ചുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. “ബാക്കി ജീവിതം നമ്മൾ ഒരുമിച്ച് ചിലവഴിക്കുമെന്ന് ഞാൻ പ്രപ്പോസ് ചെയ്തതിന് ഇന്ന് രണ്ട് വർഷം തികയുന്നു. ജോഡി, ഇന്നും എന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നായിരുന്നു ആൽബനീസിന്റെ വാക്കുകൾ. ഹൃദയസ്പർശിയായ ഈ കുറിപ്പിനൊപ്പം രണ്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു; ഒന്ന് 2024-ലെ വാലന്റൈൻസ് ദിനത്തിൽ നടന്ന പ്രപ്പോസലിന്റെ ചിത്രവും, മറ്റൊന്ന് കഴിഞ്ഞ വർഷം നടന്ന അവരുടെ വിവാഹദിനത്തിലെ മനോഹരമായ ചിത്രവും.

ചരിത്രമായ പ്രണയവും വിവാഹവും
2020-ൽ മെൽബണിൽ നടന്ന ഒരു ബിസിനസ് ഡിന്നറിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 2024 ഫെബ്രുവരി 14-ന്, വാലന്റൈൻസ് ദിനത്തിൽ കാൻബറയിലെ ഒരു റെസ്റ്റോറന്റിലെ ഡിന്നറിന് ശേഷം, ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജിന്റെ’ ബാൽക്കണിയിൽ വെച്ചായിരുന്നു ആൽബനീസ് ജോഡിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ആൽബനീസ് പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ഈ പ്രപ്പോസൽ അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

തുടർന്ന്, കഴിഞ്ഞ വർഷം (2025) നവംബർ 29-ന് കാൻബറയിലെ ‘ദി ലോഡ്ജിൽ’ വെച്ച് ഇരുവരും വിവാഹിതരായി. വളരെ സ്വകാര്യമായി നടന്ന ഈ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിലെ ഏറ്റവും വലിയ കൗതുകം ഇവരുടെ പ്രിയപ്പെട്ട വളർത്തുനായയായ ‘ടോട്ടോ’ ആയിരുന്നു. ടോട്ടോയാണ് വിവാഹമോതിരം വേദിയിലേക്ക് എത്തിച്ച റിംഗ് ബെയറർ എന്നത് ചടങ്ങിന് മാറ്റുകൂട്ടി.
ഇരുവരുടെയും വിവാഹം ഓസ്ട്രേലിയൻ രാഷ്ട്രീയ ചരിത്രത്തിലും ഇടം നേടിയിട്ടുണ്ട്. അധികാരത്തിലിരിക്കെ വിവാഹനിശ്ചയം നടത്തുന്ന ആദ്യ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും, പിന്നീട് അധികാരത്തിലിരിക്കെത്തന്നെ വിവാഹിതനാകുന്ന ആദ്യ പ്രധാനമന്ത്രിയും ആന്റണിആൽബനീസ് ആണ്.
തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും സ്നേഹം പങ്കുവെക്കാനും കുടുംബത്തിന് സമയം കണ്ടെത്താനും ആൽബനീസ് കാണിക്കുന്ന താൽപ്പര്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. വിവാഹശേഷം ഇരുവരും ആഘോഷിക്കുന്ന ആദ്യ വാലന്റൈൻസ് ദിനം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്.
