സോഷ്യൽ മീഡിയ നിയന്ത്രണം: ഓസ്‌ട്രേലിയയിൽ നീക്കം ചെയ്തത് 47 ലക്ഷം അക്കൗണ്ടുകൾ

News Desk ജനുവരി 16, 2026
സോഷ്യൽ മീഡിയ നിയന്ത്രണം: ഓസ്‌ട്രേലിയയിൽ നീക്കം ചെയ്തത് 47 ലക്ഷം അക്കൗണ്ടുകൾ
കാൻബറ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമം ഫലം കാണുന്നു. നിയമം പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ, 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ 47 ലക്ഷത്തിലധികം (4.7 മില്യൺ) അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയോ നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്തതായി കണക്കുകൾ.
 
കഴിഞ്ഞ ഡിസംബർ 10-നാണ് ആൽബനിസ് സർക്കാർ കൊണ്ടുവന്ന, ലോകശ്രദ്ധയാകർഷിച്ച ഈ നിയമം നിലവിൽ വന്നത്. ഈ-സേഫ്റ്റി (eSafety) കമ്മീഷണറുടെ പ്രാഥമിക വിശകലനം അനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പുതിയ നിയമം അനുസരിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
 
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:
 
നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷത്തിലധികം ആളുകളാണ് വിവരങ്ങൾക്കായി ഈ-സേഫ്റ്റി വെബ്സൈറ്റ് സന്ദർശിച്ചത്. ഇത് രക്ഷിതാക്കളും പൊതുജനങ്ങളും നിയമത്തെ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണ്. സോഷ്യൽ മീഡിയ കമ്പനികൾ നിയമം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഈ-സേഫ്റ്റി കമ്മീഷണർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
 
കുട്ടികളെ ഓൺലൈൻ ലോകത്തെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ആന്റണി അൽബനിസ് പറഞ്ഞു. “സോഷ്യൽ മീഡിയ കമ്പനികൾ നിയമം പാലിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആശ്വാസകരമാണ്. മാറ്റങ്ങൾ ഒറ്റരാത്രികൊണ്ട് സംഭവിക്കില്ല, എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഫലങ്ങൾ വളരെ വലുതാണ്. കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാനും രക്ഷിതാക്കൾക്ക് ആശ്വാസം നൽകാനും ഇതിലൂടെ സാധിക്കും,” പ്രധാനമന്ത്രി വ്യക്തമാക്കി.
 
ഇതൊരു വലിയ നേട്ടമാണെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് പ്രതികരിച്ചു. “നീക്കം ചെയ്യപ്പെടുന്ന ഓരോ അക്കൗണ്ടും കുട്ടികൾക്ക് ഇന്റർനെറ്റിന് പുറത്തുള്ള ലോകത്ത് സമയം ചെലവഴിക്കാനും വ്യക്തിത്വം രൂപപ്പെടുത്താനും ലഭിക്കുന്ന അവസരമാണ്. തുടക്കത്തിൽ തന്നെ പൂർണത പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഈ നിയമം അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്,” മന്ത്രി പറഞ്ഞു.

RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW