സൗത്ത് ഈസ്റ്റ് ഓസ്ട്രേലിയയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
കാൻബറ: തെക്കുകിഴക്കൻ ഓസ്ട്രേലിയയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതൽ വാരാന്ത്യം വരെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, എ.സി.ടി എന്നീ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിലായി മോശം കാലാവസ്ഥ അനുഭവപ്പെടും.
വ്യാഴാഴ്ച കിഴക്കൻ വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. കാൻബറയ്ക്ക് തെക്കുള്ള സതേൺ ടേബിൾലാൻഡ്സ് , സ്നോവി മൗണ്ടൻസ് , കിഴക്കൻ വിക്ടോറിയ എന്നിവിടങ്ങളിൽ കനത്ത മഴമൂലം ‘മിന്നൽ പ്രളയത്തിന്’ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിക്ടോറിയയുടെ തീരപ്രദേശങ്ങളിലും (ഗിപ്സ്ലാൻഡ് കോസ്റ്റ്, ടോർക്വി, ബെല്ലാരിൻ പെനിൻസുല), മാസിഡോൺ റേഞ്ചസിലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ വീശാൻ സാധ്യതയുണ്ട്. ഇത് മരങ്ങൾ വീഴുന്നതിനും വൈദ്യുതി തടസ്സപ്പെടുന്നതിനും കാരണമായേക്കാം.
വെള്ളിയാഴ്ച ന്യൂ സൗത്ത് വെയിൽസ് തീരത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം കാരണം സിഡ്നിക്ക് തെക്കുള്ള പ്രദേശങ്ങളിൽ (വൂളോങ്കോങ്ങ് മുതൽ വിക്ടോറിയൻ അതിർത്തി വരെ) കനത്ത മഴ ലഭിക്കും. ഞായറാഴ്ചയോടെ ഇല്ലവാര , സൗത്ത് കോസ്റ്റ് പ്രദേശങ്ങളിൽ 150 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
വിക്ടോറിയയിലെ കാട്ടുതീ ബാധിത പ്രദേശങ്ങളായ ലോംഗ്വുഡ്, വാൽവ എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ ശക്തമായ കാറ്റ് വീശുന്നത് ഇവിടെ വീണ്ടും തീപിടുത്തമുണ്ടാകാൻ കാരണമായേക്കാം.
മോശം കാലാവസ്ഥ വിമാന-ഗതാഗത സംവിധാനങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും, ബോട്ട് യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ വിവരങ്ങൾക്കായി ബ്യൂറോ ഓഫ് മെറ്റിയറോളജിയുടെ വെബ്സൈറ്റ് സന്ദർശിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.