ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിൽ നിർണായക മാറ്റം
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്കൊപ്പം വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും വലിയ ചർച്ചയാകുന്ന കാലമാണിത്. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമാക്കാൻ സർക്കാർ തലത്തിൽ നിരന്തരം പരീക്ഷണങ്ങൾ നടക്കാറുമുണ്ട്. ഈ പശ്ചാത്തലത്തിൽ, NSW ഡിജിറ്റൽ ഡ്രൈവർ ലൈസൻസ് സംവിധാനത്തിൽ പുതിയൊരു മാറ്റം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് അധികൃതർ. ഈ പുതിയ സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഇത് സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരുമോ?
Click here to listen to this news…
വെസ്റ്റേൺ സിഡ്നിയിൽ തുടങ്ങിയ പൈലറ്റ് പദ്ധതി
2026 സെപ്റ്റംബർ 30-നാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഈ പുതിയ ഡിജിറ്റൽ പരിഷ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കസ്റ്റമർ സർവീസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് മന്ത്രി Jihad Dib, റോഡ്സ് മന്ത്രി Jenny Aitchison എന്നിവരാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിലാണ് ഈ പരീക്ഷണം നടപ്പിലാക്കുന്നത്:
വെസ്റ്റേൺ സിഡ്നി (Western Sydney), ബ്ലൂ മൗണ്ടൻസ് (Blue Mountains) എന്നീ മേഖലകളിലെ ഡ്രൈവർമാർക്കാണ് നിലവിൽ ഈ അവസരം.
ഡിജിറ്റൽ ഐഡന്റിറ്റി നവീകരണത്തിനായി സർക്കാർ ഈ വർഷം $11.5 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്.
ഇതിനോടകം 19,000-ലധികം പ്രദേശവാസികൾ ഈ അപ്‌ഗ്രേഡ് ഉപയോഗിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എങ്ങനെയാണ് പുതിയ പരിശോധനാ സംവിധാനം പ്രവർത്തിക്കുന്നത്?
ക്ലബ്ബുകൾ പോലുള്ള വിനോദ കേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ ലൈസൻസ് പരിശോധിക്കുന്ന രീതിയിലാണ് പ്രധാന മാറ്റം കൊണ്ടുവരുന്നത്. Service NSW ആപ്പിലൂടെ സുരക്ഷിതമായ ഒരു QR കോഡ് ജനറേറ്റ് ചെയ്താണ് ഉപഭോക്താക്കൾ വിവരങ്ങൾ കൈമാറുന്നത്. ലൈസൻസ് ഉടമയുടെ സമ്മതത്തോടെ (Consent) മാത്രമേ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കൂ.
നിലവിൽ പെൻറിത്തിലെ (Penrith) പ്രമുഖ വെന്യൂവായ Panthers Penrith Rugby Leagues Club-ൽ മാത്രമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുമതിയുള്ളതായി Service NSW പോർട്ടൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രായപരിധി ഉറപ്പുവരുത്തുമ്പോൾ മേൽവിലാസമോ ജനനത്തീയതിയോ പൂർണ്ണമായി വെളിപ്പെടുത്താതെ തന്നെ വിവരങ്ങൾ നൽകാനുള്ള ഫീച്ചറുകൾ ക്രമേണ നടപ്പിലാക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നുണ്ട്. നിയമപ്രകാരമുള്ള പ്രായപരിധി പരിശോധിക്കാൻ ഇത് സഹായകരമാണെന്ന് ClubsNSW ചീഫ് എക്സിക്യൂട്ടീവ് Rebecca Riant ചൂണ്ടിക്കാട്ടി.
സംസ്ഥാന വ്യാപനവും നിലവിലെ വ്യവസ്ഥകളും
പുതിയ ഡിജിറ്റൽ മാറ്റങ്ങൾ വരുമ്പോഴും ചില അടിസ്ഥാന വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നുണ്ട്. നിലവിലുള്ള പ്ലാസ്റ്റിക് ലൈസൻസ് കാർഡുകൾക്ക് പകരമല്ല ഈ ഡിജിറ്റൽ പതിപ്പ്. പ്ലാസ്റ്റിക് കാർഡിന്റെ അതേ നിയമസാധുത നിലനിർത്തിക്കൊണ്ടുതന്നെ ഡിജിറ്റൽ ലൈസൻസ് ഉപയോഗിക്കുന്നത് ഇപ്പോഴും ഓപ്ഷണൽ മാത്രമാണ്.
സംസ്ഥാന വ്യാപകമായി ഇത് എപ്പോൾ നടപ്പിലാക്കും എന്ന കാര്യത്തിൽ ഔദ്യോഗിക രേഖകളിൽ വ്യത്യസ്ത സമയക്രമങ്ങളാണ് കാണുന്നത്:
മന്ത്രിതല റിലീസ് പ്രകാരം അടുത്ത വർഷം സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, ഈ വർഷം അവസാനം തന്നെ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് Service NSW വെബ്‌സൈറ്റും വ്യക്തമാക്കുന്നു.
നിങ്ങളുടെ പ്രതികരണം: വേദി കളിൽ പ്രവേശിക്കുമ്പോഴും മറ്റും മുഴുവൻ വിവരങ്ങളും പങ്കുവെക്കാതെ QR കോഡ് വഴി പ്രായം മാത്രം തെളിയിക്കുന്ന ഇത്തരം സംവിധാനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
News by
Sajin Thiruvallam
News Editor

News Editor