‘ സ്തനത്തിൽ ’ ആക്രമിച്ച കേസ് ; പ്രോസിക്യൂഷൻ നാടകീയമായി പിൻവലിച്ചു
Photo credit: 10 News
മെൽബൺ: വിക്ടോറിയൻ പാർലമെന്റിലെ ജീവനക്കാരിയെ പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസിൽ പ്രമുഖ ഓസ്‌ട്രേലിയൻ നടി അലീഷ്യ ഗാർഡിനർക്ക് ആശ്വാസം. 2024-ൽ നടന്ന പലസ്തീൻ അനുകൂല പ്രക്ഷോഭത്തിനിടെ പാർലമെൻ്റ് ജീവനക്കാരിയെ കയ്യേറ്റം ചെയ്തു എന്നതായിരുന്നു താരത്തിനെതിരായ പ്രധാന ആരോപണം. എന്നാൽ ഇന്ന് മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ അപ്രതീക്ഷിതമായി ഈ കുറ്റം പിൻവലിക്കുകയായിരുന്നു. അതെസമയം , ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പാർലമെൻ്റ് വളപ്പ് വിട്ടുപോകാൻ തയ്യാറായില്ലെന്ന കുറ്റത്തിന് അവർക്ക് കോടതി 500 ഡോളർ പിഴ ചുമത്തി.
‘ഓഫ്‌സ്പ്രിങ്’, ‘ഡെഡ്‌ലോക്ക്’ എന്നീ പ്രശസ്ത ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ അമ്പതുകാരിയായ അലീഷ്യ ഗാർഡിനർക്കെതിരെ രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2024 മേയ് 7-ന് വിക്ടോറിയൻ ട്രഷറർ ടിം പല്ലസ് ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു പാർലമെന്റിലെ പബ്ലിക് ഗാലറിയിൽ ഒരു സംഘം പലസ്തീൻ അനുകൂല പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി അതിക്രമിച്ചുകയറിയത്. പ്രതിഷേധക്കാരെ പുറത്താക്കുന്നതിനിടെ, പാർലമെന്റ് ജീവനക്കാരിയായ ഒരു സ്ത്രീയുടെ സ്തനത്തിൽ ഗാർഡിനർ പിടിച്ചു തിരിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.
കോടതിയിലെ നാടകീയ രംഗങ്ങൾ
ഇന്ന് കോടതിയിൽ നടന്ന വാദത്തിനിടെ, പേര് വെളിപ്പെടുത്താത്ത പരാതിക്കാരിയായ ഉദ്യോഗസ്ഥ മണിക്കൂറുകളോളം സാക്ഷിമൊഴി നൽകി. തന്നെ ഉറ്റുനോക്കിയ ശേഷം കൈകൾ ഉയർത്തി ഗാർഡിനർ പാഞ്ഞടുക്കുകയായിരുന്നെന്നും, അതിനിടെ ഇടതു സ്തനത്തിൽ പിടിച്ച് തിരിച്ചപ്പോൾ കത്തികൊണ്ട് കുത്തിയതുപോലുള്ള കടുത്ത വേദന അനുഭവിച്ചെന്നും അവർ കോടതിയെ അറിയിച്ചു. ഒരു സ്ത്രീയോട് മറ്റൊരു സ്ത്രീ കാണിക്കേണ്ട സാമാന്യ മര്യാദകളായ ‘ഗേൾ കോഡ്’ ആണ് ഗാർഡിനർ ലംഘിച്ചതെന്നും അവർ ആരോപിച്ചിരുന്നു.
എന്നാൽ ആരോപണങ്ങളെ ഗാർഡിനറുടെ അഭിഭാഷക അഞ്ജലിൻ സെൻട്രോൺ ശക്തമായി എതിർത്തു. തന്റെ കക്ഷിക്കെതിരെ ഉന്നയിക്കപ്പെട്ട ആക്രമണ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ഗാർഡിനർക്ക് 30 വർഷത്തെ മികച്ച അഭിനയ ജീവിതത്തിന്റെ പാരമ്പര്യമുണ്ടെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഉച്ചഭക്ഷണത്തിന് ശേഷം കോടതി വീണ്ടും ചേർന്നപ്പോഴാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടായത്. ആക്രമണം സംബന്ധിച്ചുള്ള കുറ്റാരോപണങ്ങൾ വ്യക്തമായ കാരണം വിശദീകരിക്കാതെ തന്നെ പ്രോസിക്യൂഷൻ പെട്ടെന്ന് പിൻവലിക്കുകയായിരുന്നു. ഇതോടെ ഗാർഡിനർ ഈ കേസിൽ പൂർണ്ണമായും കുറ്റവിമുക്തയായി. എന്നാൽ, പ്രതിഷേധം നടന്ന സമയത്ത് പാർലമെന്റ് പ്രദേശം വിട്ടുപോകാൻ വിസമ്മതിച്ചു എന്ന കുറ്റം അവർ അംഗീകരിച്ചു.
തുടർന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് മാൽക്കം തോമസ് ഗാർഡിനർക്ക് 500 ഡോളർ പിഴ ചുമത്തിക്കൊണ്ട് ഉത്തരവിട്ടു. വിധി പ്രസ്താവിക്കുന്നതിനിടെ, സിനിമാ-സീരിയൽ താരങ്ങളുടെയും അഭിഭാഷകരുടെയും സാമ്പത്തിക അസ്ഥിരതകളെക്കുറിച്ച് മജിസ്ട്രേറ്റ് തമാശരൂപേണ പരാമർശിക്കുകയും ചെയ്തു.
തുടർന്നും ശബ്ദമുയർത്തും: അലീഷ്യ ഗാർഡിനർ
കോടതിക്ക് പുറത്തെത്തിയ ഗാർഡിനർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി താൻ നിഷേധിച്ചിരുന്ന ഒരു കുറ്റമാണ് ഇപ്പോൾ പൊലീസ് പിൻവലിച്ചിരിക്കുന്നതെന്ന് അവർ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. “ഒരു പ്രധാനപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനാണ് ഞാൻ അന്ന് അവിടെ പോയത്. ഞാൻ വിശ്വസിക്കുന്ന ശരികൾക്ക് വേണ്ടി ഇനിയും എന്റെ ശബ്ദം ഉയർത്തുക തന്നെ ചെയ്യും,” അവർ വ്യക്തമാക്കി. മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ അവർ കോടതി വളപ്പിൽ നിന്നും മടങ്ങി.
News by
Sajin Thiruvallam
News Editor

News Editor