ബോണ്ടായ് ബീച്ച് ഭീകരാക്രമണം: മുഖ്യപ്രതി നവീദ് അക്രം ജയിലിലേക്ക്; കോടതിയിൽ ഹാജരാക്കുന്നത് ഏപ്രിലിൽ
സിഡ്‌നി: 15 പേരുടെ മരണത്തിനിടയാക്കിയ ബോണ്ടി ബീച്ച് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി നവീദ് അക്രമിനെ (24) ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നു. സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് നടപടി. അടുത്ത ഏപ്രിൽ മാസം കോടതിയിൽ ഹാജരാക്കുന്നതുവരെ ഇയാൾ ജയിലിൽ തുടരും.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിഡ്‌നിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1000 അധിക പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലും ഭീകരവിരുദ്ധ സേന വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കും അക്രമം നടത്തുന്നവർക്കും എതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.40-ഓടെ ബോണ്ടി ബീച്ചിൽ നടന്ന ‘ഹനുക്ക’ (Chanukah) ആഘോഷങ്ങൾക്കിടെയാണ് നവീദ് അക്രമും പിതാവ് സാജിദ് അക്രമും (50) ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൂതവിരുദ്ധ ആക്രമണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആക്രമണത്തിൽ 10 മുതൽ 87 വയസ്സ് വരെ പ്രായമുള്ള 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിതാവ് സാജിദ് അക്രം കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ നവീദ് അക്രം കോമയിലായിരുന്നു. ചൊവ്വാഴ്ച ബോധം തെളിഞ്ഞ ഇയാൾക്കെതിരെ ബുധനാഴ്ച കുറ്റം ചുമത്തി.
15 കൊലപാതകങ്ങൾ, 40 വധശ്രമങ്ങൾ, ഭീകരപ്രവർത്തനം, പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തൽ, നിരോധിത ഭീകര ചിഹ്നങ്ങൾ പ്രദർശിപ്പിക്കൽ, സ്‌ഫോടകവസ്തുക്കൾ സ്ഥാപിക്കൽ തുടങ്ങി 59 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.