ഓസ്‌ട്രേലിയൻ മന്ത്രിക്ക് വൻ പിഴ
കാൻബറ: ഓസ്‌ട്രേലിയൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പോർട്സ് മന്ത്രി അനിക വെൽസിന്റെ യാത്രാച്ചെലവുകളിൽ ചട്ടലംഘനം. നികുതിദായകരുടെ പണം ഉപയോഗിച്ച് കുടുംബാംഗങ്ങൾ നടത്തിയ യാത്രകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന്, പിഴയടക്കം 10,116 ഡോളർ മന്ത്രി സർക്കാരിലേക്ക് തിരിച്ചടച്ചു. ഇൻഡിപെൻഡന്റ് പാർലമെന്ററി എക്സ്പെൻസസ് അതോറിറ്റി (IPEA) നടത്തിയ സമഗ്രമായ ഓഡിറ്റിലാണ് ഈ കണ്ടെത്തൽ.
268 പേജുകളുള്ള ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, മന്ത്രിയുടെ കുടുംബാംഗങ്ങൾ നടത്തിയ നാല് യാത്രകളിലാണ് പ്രധാനമായും ലംഘനങ്ങൾ നടന്നിരിക്കുന്നത്. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ സമയവും കുടുംബാംഗങ്ങളുടെ യാത്രകളും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സർക്കാർ ചെലവിൽ ബുക്ക് ചെയ്ത വാടക കാറുകൾ കൂടുതലും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. എ.എഫ്.എൽ (AFL) ഗ്രാൻഡ് ഫൈനലിന് ശേഷം, മന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ പൂർത്തിയായതിന് ശേഷവും ഭർത്താവിന്റെ മടക്കയാത്രയ്ക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ചത് പ്രധാന ലംഘനങ്ങളിൽ ഒന്നാണ്.
അതേസമയം, മന്ത്രിയും സ്റ്റാഫും ന്യൂയോർക്കിലേക്ക് നടത്തിയ ഒരു ലക്ഷം ഡോളറിലധികം ചെലവ് വന്ന വിവാദ യാത്രയ്ക്ക് ഓഡിറ്റിൽ ക്ലീൻ ചിറ്റ് ലഭിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നതിനാലാണ് ഇത്രയും തുക ചിലവായതെന്നാണ് വിലയിരുത്തൽ. വിവാദമായ ത്രെഡ്ബോ യാത്രയും ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭാവിയിൽ ഇത്തരം അമിതച്ചെലവുകൾ ഒഴിവാക്കാൻ, ഉയർന്ന തുകയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗുകൾ മുൻകൂട്ടി അതോറിറ്റിയെ അറിയിക്കണമെന്ന പുതിയ നിർദ്ദേശവും IPEA മുന്നോട്ടുവെച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ തന്റെ ഭാഗത്തുനിന്നുണ്ടായത് സത്യസന്ധമായ തെറ്റുകളാണെന്ന് മന്ത്രി അനിക വെൽസ് പ്രതികരിച്ചു. കൂടുതൽ ലാഭകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ശ്രമിച്ചതാണ് പിഴവിന് കാരണമായതെന്നും അവർ ക്ഷമാപണം നടത്തി. പ്രധാനമന്ത്രി ആന്റണി ആൽബനീസ് മന്ത്രിക്ക് പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ യാത്രാച്ചെലവുകളെ സംബന്ധിച്ച് ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്.
News by
Sajin Thiruvallam
News Editor

News Editor