ഓസ്ട്രേലിയയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂട്; താപനില 48 ഡിഗ്രി വരെ ഉയർന്നേക്കാം
സിഡ്നി: അടുത്ത ആഴ്ചയോടെ ഓസ്ട്രേലിയയിലുടനീളം ഉഷ്ണതരംഗം (Heatwave) ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തും.
ഈ വാരാന്ത്യത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ചൂട്, ചൊവ്വാഴ്ചയോടെ സൗത്ത് ഓസ്ട്രേലിയയിലേക്കും തുടർന്ന് വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിലേക്കും വ്യാപിക്കും.
ഉൾനാടൻ പ്രദേശങ്ങളിൽ (Inland areas) ചൂട് 45 മുതൽ 48 ഡിഗ്രി വരെ ഉയർന്നേക്കാം.
അഡ്ലെയ്ഡിൽ താപനില 39 മുതൽ 41 ഡിഗ്രി വരെയും, മെൽബണിൽ ബുധൻ മുതൽ വെള്ളി വരെ 30 മുതൽ 39 ഡിഗ്രി വരെയും എത്തിയേക്കും. വിക്ടോറിയയിലെ മിൽഡുറയിൽ വ്യാഴാഴ്ച 45 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മിക്ക സംസ്ഥാനങ്ങളെയും ഉഷ്ണതരംഗം ബാധിക്കുമെങ്കിലും ഉൾനാടൻ പ്രദേശങ്ങളിലായിരിക്കും ഇതിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുകയെന്ന് വെതർസോൺ അറിയിച്ചു.