സിഡ്നിയിൽ ലെജിയണയേഴ്സ് രോഗബാധ: മൂന്ന് പേര് ആശുപത്രിയിൽ ; ജാഗ്രതാ നിർദ്ദേശം
സിഡ്നി: സിഡ്നി സിബിഡിയിലെ ക്ലാരൻസ് സ്ട്രീറ്റ് പരിസരത്ത് സന്ദർശനം നടത്തിയവർക്ക് ലെജിയണയേഴ്സ് രോഗബാധയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.
ഡിസംബർ 9-നും 18-നും ഇടയിൽ ഈ പ്രദേശത്ത് സമയം ചെലവഴിച്ച മൂന്ന് പേരെ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്പരം ബന്ധമില്ലാത്ത മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് സൗത്ത് ഈസ്റ്റേൺ സിഡ്നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ലെജിയണയേഴ്സ് രോഗ ലക്ഷണങ്ങൾ: പനി, വിറയൽ, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധയേറ്റ് 10 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഇത് ഗുരുതരമായ ന്യുമോണിയയിലേക്ക് നയിച്ചേക്കാം.
ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. കെട്ടിടങ്ങളിലെ കൂളിംഗ് ടവറുകളിൽ നിന്നുള്ള മലിനജല കണികകൾ ശ്വസിക്കുന്നതിലൂടെയാണ് ബാക്ടീരിയ ശരീരത്തിൽ എത്തുന്നത്.
രോഗത്തിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിറ്റി ഓഫ് സിഡ്നിയുമായി ചേർന്ന് പ്രദേശത്തെ കൂളിംഗ് ടവറുകളിൽ പരിശോധന നടക്കുകയാണെന്ന് ഹെൽത്ത് ഡിസ്ട്രിക്റ്റ് ആക്ടിംഗ് ഡയറക്ടർ മാർക്ക് ഫെേഴ്സൺ അറിയിച്ചു.
പ്രായമായവർ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, പുകവലിക്കാർ എന്നിവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മേൽപ്പറഞ്ഞ തീയതികളിൽ സിഡ്നി സിബിഡിയിൽ പോയവർ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Photo : AI