മെൽബണിൽ വൻ കള്ളപ്പണം വെളുപ്പിക്കൽ ; 4 പേർ പിടിയിൽ
മെൽബൺ: കോടിക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ച വൻ സംഘത്തെ (Money Laundering Syndicate) ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) തകർത്തു. സംഭവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കുറ്റം ചുമത്തി.

2025 ജൂണിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം ഓൺലൈൻ ബാങ്കിംഗ് വഴി ക്രിപ്റ്റോകറൻസിയിലേക്ക് (Cryptocurrency) മാറ്റി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ആറ് മാസത്തിനിടെ കോടിക്കണക്കിന് രൂപ ഇവർ ഇത്തരത്തിൽ വെളുപ്പിച്ചതായാണ് സംശയിക്കുന്നത്.

വിക്ടോറിയ പോലീസിന്റെ വൈപ്പർ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ മെൽബണിലെ ഡോൺകാസ്റ്റർ, ബോക്സ് ഹിൽ, സൗത്ത് ബാങ്ക് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 1.5 ദശലക്ഷം ഡോളർ (1.5 Million AUD) പണം പിടിച്ചെടുത്തു. കൂടാതെ രണ്ട് തോക്കുകൾ, അനധികൃത പുകയില ഉൽപ്പന്നങ്ങൾ, ആഡംബര വാച്ചുകൾ, ബാഗുകൾ, പണം എണ്ണുന്ന മെഷീനുകൾ എന്നിവയും കണ്ടെടുത്തു.
സംഭവത്തിൽ ബോക്സ് ഹിൽ സ്വദേശിയായ 39-കാരി, സൗത്ത് ബാങ്ക് സ്വദേശിയായ 36-കാരൻ, ഡോൺകാസ്റ്റർ ഈസ്റ്റിൽ നിന്നുള്ള രണ്ട് പേർ (34, 41 വയസ്സ്) എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്ന് മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും എ.എഫ്.പി അറിയിച്ചു.
News & Photos :AFP