അഡ്ലെയ്ഡ് SAMC ഓണാഘോഷം ഇനി മണിക്കുറുകൾ മാത്രം; എത്തുന്നതിന് മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സൗത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് മലയാളി സമൂഹം ആവേശമായി കാത്തിരുന്ന SAMC – യുടെ ‘ഒന്നിച്ചാവാം നല്ലോണം – ഓണം ഫെസ്റ്റ് 2026’ ഇന്ന് നടക്കും. 1000-ത്തോളം പേർ പങ്കെടുക്കുന്ന സൗത്ത് ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷത്തിന് ക്ലോവെല്ലി പാർക്കിലെ കോസ്ഗ്രോവ് കമ്മ്യൂണിറ്റി ഹാൾ വേദിയാകും. സുഗമമായ നടത്തിപ്പിനായി സംഘാടകർ കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
വിഭവസമൃദ്ധമായ ഓണസദ്യയും സമയക്രമവും
രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് കോസ്ഗ്രോവ് ഹാളിൽ വിഭവസമൃദ്ധമായ ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്. അവസാന സിറ്റിംഗ് 2.30-ന് അവസാനിക്കുന്നതിനാൽ തിരക്ക് ഒഴിവാക്കാൻ ഏവരും നേരത്തെ തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വൈകുന്നേരം 4.00 മുതൽ സാംസ്കാരിക ചടങ്ങുകളും തുടർന്ന് കലാപരിപാടികളും ആരംഭിക്കും. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരവും നർത്തകിയുമായ മോക്ഷ (Mokksha) ചടങ്ങിലും ആഘോഷ പരിപാടികളിലും മുഖ്യാതിഥിയായി പങ്കെടുക്കും.
ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു
ദിവസങ്ങൾക്ക് മുൻപ് തന്നെ പരിപാടിയുടെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നതായി സൗത്ത് അഡ്ലെയ്ഡ് മലയാളി കമ്മ്യൂണിറ്റി (SAMC) ഭാരവാഹികൾ ഔദ്യോഗികമായി അറിയിച്ചു. വേദിയിൽ കൗണ്ടർ ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ല.
നിലവിൽ ടിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ, കേരള തനിമയാർന്നതവും ആധുനികവുമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ എന്നിവയുടെ പ്രത്യേക സ്റ്റാളുകളും വേദിയിൽ സജ്ജമാക്കിയിട്ടുണ്ട്.
കർശനമായ പാർക്കിംഗ് നിയമങ്ങൾ
വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് സംഘാടകർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകളുടെ ഡ്രൈവ്വേകൾക്ക് മുന്നിലോ ‘No Parking’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഏരിയകളിലോ യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലോക്കൽ കൗൺസിലിൽ നിന്നോ പൊലീസിൽ നിന്നോ വലിയ തുക പിഴയായി ലഭിക്കാൻ സാധ്യതയുണ്ട്.
Photo : AI-Generated
News by
Sajin Thiruvallam
News Editor

News Editor