ഓസ്ട്രേലിയയിലെ ചൈൽഡ് കെയർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം
ഓസ്ട്രേലിയയിലെ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ (ECEC) മേഖലയിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക: നിങ്ങളുടെ Mandatory Child Safety Training Australia-യുടെ പുതിയ ഘട്ടം നാളെ (ജൂലൈ 31, 2026) മുതൽ ആരംഭിക്കുന്നു. ജീവനക്കാർക്കിടയിലെ ഫോൺ ഉപയോഗ നിയന്ത്രണം അടക്കം കുട്ടികളുടെ സുരക്ഷ മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമായി താഴെ വായിക്കാം.
Mandatory Child Safety Training: അടുത്ത ഘട്ടത്തിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്നതാണ് നിർബന്ധിത ചൈൽഡ് സേഫ്റ്റി ട്രെയിനിംഗ്. ഇതിന്റെ ആദ്യ ഘട്ടമായ ‘ഫൗണ്ടേഷൻ ട്രെയിനിംഗ്’, രാജ്യത്തെ 99 ശതമാനം ജീവനക്കാരും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ (Jason Clare) അറിയിച്ചു.
നാളെ ആരംഭിക്കുന്ന അടുത്ത ഘട്ടത്തിൽ, കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ (detecting grooming) എങ്ങനെ തിരിച്ചറിയാമെന്നും അവ കൃത്യമായി റിപ്പോർട്ട് ചെയ്യാമെന്നതുമാണ് പ്രധാനമായും പരിശീലിപ്പിക്കുന്നത്. ഈ ട്രെയിനിംഗ് പൂർത്തിയാക്കാൻ ജീവനക്കാർക്ക് ഇനി ആറ് മാസത്തെ സമയം ലഭിക്കും.
കർശന നിയമങ്ങളുമായി സർക്കാർ: പുതിയ മാറ്റങ്ങൾ എന്തൊക്കെ?
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കർശനമായ നിയമങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. സുരക്ഷാ വീഴ്ചകൾ വരുത്തുന്ന ചൈൽഡ് കെയർ സെന്ററുകളുടെ ഫണ്ടിംഗ് റദ്ദാക്കാനുള്ള അധികാരം സർക്കാരിന് നൽകുന്ന പുതിയ നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
പുതിയതായി ആരംഭിച്ച National Early Childhood Worker Register, ചൈൽഡ് കെയർ സെന്ററുകളിലെ സിസിടിവി പരിശോധനകൾ, കൂടാതെ ജീവനക്കാരുടെ ഫോൺ ഉപയോഗത്തിനുള്ള വിലക്കുകൾ എന്നിവ പുതിയ സുരക്ഷാ പാക്കേജിന്റെ ഭാഗമാണ്. ഇത് കൂടാതെ, സെന്ററുകളിലെ സർക്കാരിന്റെ മിന്നൽ പരിശോധനകളും വർദ്ധിപ്പിച്ചിട്ടുണ്ട്.
ചൈൽഡ് കെയർ ജീവനക്കാർക്ക് സബ്സിഡി സഹായം നിലവിലുണ്ട്
ഈ നിർബന്ധിത പരിശീലനങ്ങൾ പൂർത്തിയാക്കാൻ സ്ഥാപനങ്ങളെയും ജീവനക്കാരെയും സഹായിക്കുന്നതിനായി ഓരോ വർഷവും $40 മില്യൺ ഡോളർ വരെ സർക്കാർ ചിലവഴിക്കുന്നുണ്ട്. നിലവിലുള്ള ചൈൽഡ് കെയർ സബ്സിഡി വഴിയാണ് ഇത് ലഭ്യമാക്കുന്നത്.
ഈ ട്രെയിനിംഗ് പൂർത്തിയാക്കിയ ജീവനക്കാരിൽ 97 ശതമാനം പേരും തങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചതായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി ജെസ് വാൽഷ് (Jess Walsh) വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക: ചൈൽഡ് കെയർ മേഖലയിലെ ഈ പുതിയ സുരക്ഷാ മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? മലയാളികളായ ജീവനക്കാർക്ക് ഇത് കൂടുതൽ ഗുണം ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
News by
Sajin Thiruvallam
News Editor

News Editor