VFS ഗ്ലോബൽ ഓസ്ട്രേലിയ പ്രവർത്തനം നിർത്തിവച്ച സംഭവം: വിദേശകാര്യ മന്ത്രിക്ക് ഹൈബി ഈഡൻ എംപിയുടെ കത്തും മറുപടിയും
ഓസ്‌ട്രേലിയയിൽ വിഎഫ്എസ് (VFS) ഗ്ലോബൽ വഴിയുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങൾ നിർത്തിവച്ചതുമൂലം പ്രവാസികൾ നേരിടുന്ന അടിയന്തര പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡൻ നൽകിയ കത്തിന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ മറുപടി. ഡൽഹി ഹൈക്കോടതിയിലെ നിയമനടപടികൾ കാരണം സേവനങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിൽ, അടിയന്തര ആവശ്യങ്ങളുള്ളവർക്ക് കോൺസുലേറ്റുകൾ വഴി നേരിട്ട് ഇടക്കാല സംവിധാനങ്ങൾ (interim arrangements) ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും, നിയമപരമായ തടസ്സങ്ങൾ വേഗത്തിൽ നീക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. പാസ്‌പോർട്ട്, വിസ അപേക്ഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതിസന്ധിയുടെ കാരണം: എന്തുക്കൊണ്ടാണ് VFS സേവനങ്ങൾ നിർത്തിവച്ചത്?
പുതിയ ഔട്ട്‌സോഴ്‌സിങ് കരാറുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള നിയമനടപടികളാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണം. VFS ഗ്ലോബലിന്റെ മുൻ കരാർ 30 ജൂൺ 2026-ന് അവസാനിച്ചതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് തുടക്കമിട്ടത്. പുതിയ ടെൻഡർ പ്രക്രിയയിൽ VFS ഗ്ലോബലിനെ തന്നെ (L1 ബിഡ്ഡറായി) വീണ്ടും തിരഞ്ഞെടുത്തിരുന്നെങ്കിലും, ഹൈക്കോടതിയിലെ ചില നിയമ വെല്ലുവിളികളും ഇടക്കാല ഉത്തരവുകളും കാരണം പുതിയ ക്രമീകരണങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ഫലമായി 1 ജൂലൈ 2026 മുതൽ രാജ്യത്തുടനീളം VFS ഗ്ലോബൽ വഴിയുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് പൂർണമായും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഹൈബി ഈഡൻ എംപിയുടെ അടിയന്തര ഇടപെടൽ
ഓസ്ട്രേലിയയിലെ ഇന്ത്യൻസ് നേരിടുന്ന ഈ വലിയ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് എറണാകുളം എംപി ഹൈബി ഈഡൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് 2 ജൂലൈ 2026-ന് കത്തയച്ചത്. ഡൽഹി ഹൈക്കോടതിയിൽ ഈ വിഷയത്തിൽ അടിയന്തര ഹിയറിങ് നടത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും, അതുവരെ പാസ്‌പോർട്ട്, വിസ, OCI എന്നിവ അടിയന്തരമായി ആവശ്യമുള്ളവർക്കായി കോൺസുലേറ്റുകൾ വഴി ഇടക്കാല സംവിധാനങ്ങൾ ഉടൻ ഒരുക്കണമെന്നും എംപി കത്തിൽ അഭ്യർത്ഥിച്ചിരുന്നു.
ഓസ്ട്രേലിയൻ മലയാളി സമൂഹത്തെ ബാധിക്കുന്നത് എങ്ങനെ?
സ്കൂൾ അവധിക്കാലവും യാത്രകളും ആരംഭിക്കുന്ന ജൂലൈ മാസത്തിൽ തന്നെയുണ്ടായ ഈ തീരുമാനം മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ തിരിച്ചടിയാണ്. താഴെ പറയുന്ന സേവനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്:
പാസ്‌പോർട്ട് പുതുക്കൽ: അടിയന്തര യാത്രകൾ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായി പാസ്‌പോർട്ട് പുതുക്കേണ്ടവർ കടുത്ത ബുദ്ധിമുട്ടിലാണ്.
വിസ സേവനങ്ങൾ: ടൂറിസം, ബിസിനസ്, മെഡിക്കൽ, ഫാമിലി വിസിറ്റ് ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ വിസ അപേക്ഷകൾ നിലവിൽ സ്വീകരിക്കുന്നില്ല.
OCI കാർഡും മറ്റ് സേവനങ്ങളും: OCI പുതുക്കൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), മറ്റ് ഡോക്യുമെന്റ് അറ്റസ്റ്റേഷനുകൾ എന്നിവ നിർത്തിവച്ചു.
അപ്പോയിന്റ്‌മെന്റുകൾ റദ്ദായി: സിഡ്നി, മെൽബൺ, പെർത്ത്, ബ്രിസ്‌ബേൻ, അഡലെയ്ഡ് തുടങ്ങിയ നഗരങ്ങളിൽ ഈ മാസത്തേക്ക് നേരത്തെ എടുത്ത അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കപ്പെട്ടു.
അപേക്ഷകർ ഇനി എന്ത് ചെയ്യണം?
അടിയന്തര സാഹചര്യങ്ങളിൽ വിസ/പാസ്‌പോർട്ട് ആവശ്യമുള്ളവർ VFS-ന് പകരം ഇന്ത്യൻ ഹൈക്കമ്മീഷനെയോ ബന്ധപ്പെട്ട കോൺസുലേറ്റുകളെയോ നേരിട്ട് സമീപിക്കുക.
പുതിയ അപ്ഡേറ്റുകൾക്കായി VFS Global Australia, High Commission of India എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം വിശ്വസിക്കുക.
മുൻപ് സമർപ്പിച്ച, പ്രോസസ്സിങ്ങിലുള്ള അപേക്ഷകൾ പെൻഡിങ് ആയി തുടരും. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായി റെഡിയായ പാസ്‌പോർട്ടുകൾ തിരികെ ലഭിക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ല.
News by
Sajin Thiruvallam
News Editor

News Editor