SA-യിൽ ജൂലൈ 1 മുതൽ പുതിയ മാറ്റങ്ങൾ; അറിയേണ്ടതെല്ലാം
അഡ്ലെയ്ഡ്: ഓസ്ട്രേലിയയിലെ സൗത്ത് ഓസ്ട്രേലിയ സംസ്ഥാനത്ത് ജൂലൈ 1 മുതൽ പുതിയ മാറ്റങ്ങൾ (South Australia July 1 Changes) പ്രാബല്യത്തിൽ വരുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്ക് ആശ്വാസമായി, സംസ്ഥാനത്തെ സീനിയേഴ്സ് കാർഡിന്റെ (Seniors Card) നിബന്ധനകളിൽ സർക്കാർ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഒപ്പം, പബ്ലിക് ട്രാൻസ്പോർട്ടിനായുള്ള മെട്രോ കാർഡ് (metroCARD) നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്ന സുപ്രധാന തീരുമാനവുമുണ്ട്. എന്നാൽ വാഹന ഉടമകൾക്ക് ചെറിയൊരു തിരിച്ചടിയായി രജിസ്ട്രേഷൻ നിരക്കുകളിൽ നേരിയ വർദ്ധനവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
സീനിയേഴ്സ് കാർഡ് നിബന്ധനകളിൽ വൻ ഇളവ്
സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനപ്രകാരം ജൂലൈ 1 മുതൽ സീനിയേഴ്സ് കാർഡിനായുള്ള യോഗ്യതാ നിബന്ധനകളിൽ വലിയ മാറ്റങ്ങൾ വരും. പുതിയ മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
60 വയസ്സിന് മുകളിലുള്ള എല്ലാ സൗത്ത് ഓസ്ട്രേലിയൻ പെർമനന്റ് റെസിഡന്റുകൾക്കും ഇനിമുതൽ സീനിയേഴ്സ് കാർഡ് ലഭിക്കും. മുൻപ് ആഴ്ചയിൽ 20 മണിക്കൂറിൽ താഴെ ജോലി ചെയ്യുന്നവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഈ നിബന്ധന സർക്കാർ എടുത്തുകളഞ്ഞു.
അബോറിജിനൽ, ടോറസ് സ്ട്രെയിറ്റ് ഐലൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് 50 വയസ്സ് മുതൽ സീനിയേഴ്സ് കാർഡിന് അപേക്ഷിക്കാം.
ഈ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ 80,000-ത്തോളം പുതിയ ആളുകൾക്ക് കൂടി കാർഡിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. സീനിയേഴ്സ് കാർഡ് ഉപയോഗിച്ച് അഡ്ലെയ്ഡ് മെട്രോയിൽ 24 മണിക്കൂറും സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ ഗ്രോസറി, ഇന്ധനം, ഹോം മെയിന്റനൻസ് തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ഡിസ്കൗണ്ടും ലഭിക്കും.
മെട്രോ കാർഡ് നിരക്കിൽ മാറ്റമില്ല, വാഹന രജിസ്ട്രേഷൻ ഉയരും
ജീവിതച്ചെലവ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി, പബ്ലിക് ട്രാൻസ്പോർട്ടിനായുള്ള മെട്രോ കാർഡ് (metroCARD) നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കുറഞ്ഞത് ഒക്ടോബർ 1 വരെ നിലവിലെ (2025-26) നിരക്കുകൾ തന്നെ തുടരും. ഇന്ധന വിപണിയിലെ വിലക്കയറ്റം യാത്രക്കാരെ ബാധിക്കാതിരിക്കാനാണിത്.
അതേസമയം, സംസ്ഥാനത്തെ വാഹന ഉടമകൾക്ക് ജൂലൈ 1 മുതൽ രജിസ്ട്രേഷൻ പുതുക്കുന്നതിനായി കൂടുതൽ തുക നൽകേണ്ടി വരും.
ഒരു 4 സിലിണ്ടർ കാറിന്റെ 12 മാസത്തെ രജിസ്ട്രേഷൻ നിരക്ക് $693.52 ആയി ഉയരും. ഇതിൽ 3.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
മെട്രോപൊളിറ്റൻ ക്ലാസ് വൺ വാഹനങ്ങളുടെ നിർബന്ധിത തേർഡ് പാർട്ടി പ്രീമിയവും (CTP) $264.31-ൽ നിന്ന് $274.73 ആയി ഉയർന്നിട്ടുണ്ട്.
News by
Sajin Thiruvallam
News Editor

News Editor