WA-യിൽ ജൂലൈ 1 മുതൽ പുതിയ മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

admin ജൂൺ 29, 2026
WA-യിൽ ജൂലൈ 1 മുതൽ പുതിയ മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ജൂലൈ 1 മുതൽ പുതിയ മാറ്റങ്ങൾ (Western Australia July 1 Reforms) പ്രാബല്യത്തിൽ വരുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്ക് ആശ്വാസമായി സംസ്ഥാനത്തെ ഡ്രൈവർമാർക്ക് 100 ഡോളറിന്റെ ഫ്യൂവൽ സപ്പോർട്ട് പേയ്‌മെന്റ് നൽകുന്നതാണ് ഇതിലെ പ്രധാന പ്രഖ്യാപനം. ഇതിന് പുറമെ റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കണ്ടെയ്‌നർ ഡിപ്പോസിറ്റ് സ്കീം വിപുലീകരണവും, സർക്കാർ ഏജൻസികൾക്കായുള്ള പുതിയ പ്രൈവസി നിയമങ്ങളും ജൂലൈ ഒന്ന് മുതൽ തന്നെ സംസ്ഥാനത്ത് നടപ്പിലാകും.

ഡ്രൈവർമാർക്ക് ഒറ്റത്തവണ $100 ഫ്യൂവൽ സപ്പോർട്ട്

സംസ്ഥാന ബഡ്ജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച 100 ഡോളർ ഫ്യൂവൽ സപ്പോർട്ട് പേയ്‌മെന്റ് ജൂലൈ 1 മുതൽ വിതരണം ചെയ്ത് തുടങ്ങും. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് പെർമിറ്റ്, പ്രൊവിഷണൽ അല്ലെങ്കിൽ എക്‌സ്ട്രാഓർഡിനറി ലൈസൻസ് ഉള്ള എല്ലാവർക്കും ഈ തുകയ്ക്ക് അർഹതയുണ്ട്. എന്നാൽ റദ്ദാക്കപ്പെട്ടതോ സസ്പെൻഡ് ചെയ്യപ്പെട്ടതോ ആയ ലൈസൻസുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ഏകദേശം 2.3 ദശലക്ഷം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് ServiceWA ആപ്പ് വഴി ഈ തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം. ആപ്പ് വഴി ഈ തുക ചാരിറ്റിക്ക് സംഭാവന ചെയ്യാനുള്ള ഓപ്ഷനും സർക്കാർ ഒരുക്കിയിട്ടുണ്ട്.

കണ്ടെയ്‌നർ ഡിപ്പോസിറ്റ് സ്കീം വിപുലീകരണം

പശ്ചിമ ഓസ്ട്രേലിയയിലെ വിജയകരമായ റീസൈക്ലിംഗ് പദ്ധതിയായ Containers for Change സ്കീമും ജൂലൈ 1 മുതൽ വിപുലീകരിക്കും. പുതിയ മാറ്റപ്രകാരം ഇനി പറയുന്ന കണ്ടെയ്നറുകൾക്കും 10 സെന്റ് (10c) റീഫണ്ട് ലഭിക്കുന്നതാണ്:

ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ജ്യൂസ് കണ്ടെയ്നറുകൾ

ഫ്ലേവേർഡ് മിൽക്ക്, കോർഡിയൽ കണ്ടെയ്നറുകൾ

വൈൻ, സ്പിരിറ്റ് എന്നിവയുടെ ഗ്ലാസ് ബോട്ടിലുകൾ

പ്ലാസ്റ്റിക്, സാഷെ, കാസ്കുകളിലുള്ള വൈൻ

വാട്ടർ കാസ്കുകൾ

150ml മുതൽ 3 ലിറ്റർ വരെ ഉൾക്കൊള്ളുന്ന കണ്ടെയ്നറുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിപുലീകരണത്തോടെ പ്രതിവർഷം 200 ദശലക്ഷം അധിക കണ്ടെയ്‌നറുകൾ കൂടി റീസൈക്ലിംഗ് പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.

സർക്കാർ ഏജൻസികൾക്ക് പുതിയ പ്രൈവസി നിയമങ്ങൾ

പൊതുമേഖലയിലെ വ്യക്തിഗത വിവര സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി Privacy and Responsible Information Sharing Act 2024 (PRIS Act) ജൂലൈ 1 മുതൽ പൂർണ്ണമായി നടപ്പിലാക്കും. സർക്കാർ ഏജൻസികൾ വ്യക്തിഗത വിവരങ്ങൾ എങ്ങനെ ശേഖരിക്കണം, ഉപയോഗിക്കണം, സംഭരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാനദണ്ഡങ്ങൾ ഈ നിയമം അനുശാസിക്കുന്നു. ഒരു ചീഫ് ഡാറ്റാ ഓഫീസറെ നിയമിക്കാനും, ഡാറ്റ പങ്കിടുന്നതിൽ സുതാര്യത ഉറപ്പുവരുത്താനും പുതിയ നിയമം സഹായിക്കും.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW