ഓസ്ട്രേലിയൻ ചൈൽഡ് കെയറുകളിൽ പുതിയ സുരക്ഷാ നിയമങ്ങൾ
ഓസ്ട്രേലിയയിലെ ചൈൽഡ് കെയർ മേഖലയിൽ സുരക്ഷയും ഗുണനിലവാരവും കർശനമാക്കുന്നതിനായി ‘നാഷണൽ ഏർലി എജ്യുക്കേഷൻ ആൻഡ് കെയർ കമ്മീഷൻ’ (ദേശീയ കമ്മീഷൻ) രൂപീകരിക്കാൻ ഒരുങ്ങി ആൽബനീസീ ലേബർ സർക്കാർ. സംസ്ഥാന-ടെറിട്ടറി സർക്കാരുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുക. വരുന്ന ജൂലൈയിൽ നടക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ ഇത് പ്രധാന ചർച്ചാവിഷയമാകും.
പത്ത് ലക്ഷത്തിലധികം ഓസ്ട്രേലിയൻ കുടുംബങ്ങൾ ആശ്രയിക്കുന്ന ചൈൽഡ് കെയർ മേഖല കൂടുതൽ സുരക്ഷിതമാക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 226 ദശലക്ഷം ഡോളറിന്റെ ബൃഹത്തായ സുരക്ഷാ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നാഷണൽ ഏർലി ചൈൽഡ്ഹുഡ് വർക്കർ രജിസ്റ്റർ രൂപീകരിക്കുക, ജീവനക്കാർക്ക് നിർബന്ധിത ചൈൽഡ് സേഫ്റ്റി ട്രെയിനിംഗ് നൽകുക, സെന്ററുകളിൽ സിസിടിവി (CCTV) ട്രയൽ ആരംഭിക്കുക, മുന്നറിയിപ്പില്ലാതെയുള്ള പരിശോധനകൾ വർദ്ധിപ്പിക്കുക, സെന്ററുകളിൽ ജീവനക്കാരുടെ വ്യക്തിഗത മൊബൈൽ ഫോണുകൾക്ക് വിലക്കേർപ്പെടുത്തുക തുടങ്ങിയ നിർണായക മാറ്റങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
കുടുംബങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങളിൽ മികച്ച ചൈൽഡ് കെയർ സേവനങ്ങൾ ലഭ്യമാക്കാനും പുതിയ കമ്മീഷൻ സഹായിക്കും. നിലവിലെ ഓസ്ട്രേലിയൻ ചിൽഡ്രൻസ് എജ്യുക്കേഷൻ ആൻഡ് കെയർ ക്വാളിറ്റി അതോറിറ്റി (ACECQA) സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനും ഇത് വഴിയൊരുക്കും. 2024-ലെ പ്രൊഡക്റ്റിവിറ്റി കമ്മീഷന്റെ ശുപാർശകൾ പ്രകാരമാണ് സർക്കാരിന്റെ ഈ പുതിയ നീക്കം.
ചൈൽഡ് കെയർ ജീവനക്കാർക്ക് 15 ശതമാനം ശമ്പള വർദ്ധനവ്, പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ‘3 ഡേ ഗ്യാരണ്ടി’, പുതിയ സെന്ററുകൾ നിർമ്മിക്കാൻ 1 ബില്യൺ ഡോളറിന്റെ ഏർലി എജ്യുക്കേഷൻ ഫണ്ട് തുടങ്ങി നിരവധി പദ്ധതികൾ ഇതിനകം തന്നെ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയൻ കുട്ടികൾക്ക് അർഹമായ മികച്ച പ്രാഥമിക വിദ്യാഭ്യാസം സുരക്ഷിതമായ ചുറ്റുപാടിൽ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഇതിനായി യൂണിയനുകളുമായും മറ്റ് അധികാരികളുമായും കൂടിയാലോചനകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയറും ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ മന്ത്രി ഡോ. ജെസ് വാൽഷും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.
News by
Sajin Thiruvallam
News Editor

News Editor