ഓസ്‌ട്രേലിയയിൽ വൻ മയക്കുമരുന്ന് വേട്ട; 10 പേർ അറസ്റ്റിൽ
പെർത്ത്: ഓസ്‌ട്രേലിയൻ അന്വേഷണ ഏജൻസികളെ വട്ടംകറക്കിയ വൻ മയക്കുമരുന്ന് – കള്ളപ്പണം വെളുപ്പിക്കൽ സംഘം പിടിയിൽ. വെസ്റ്റേൺ ഓസ്‌ട്രേലിയ ജോയിന്റ് ഓർഗനൈസ്ഡ് ക്രൈം ടാസ്‌ക് ഫോഴ്‌സ് (WA JOCTF) മൂന്ന് മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് രാജ്യവ്യാപകമായി വേരുകളുള്ള പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.
അന്തർസംസ്ഥാന വാഹനങ്ങളിൽ അതിർത്തി കടത്തിയാണ് ഇവർ പ്രധാനമായും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ, ഇടപാടുകളിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുന്ന ഹൈടെക് രീതിയാണ് സംഘം അവലംബിച്ചിരുന്നത്. 114 കിലോ മെത്താംഫെറ്റാമൈൻ (ഐസ്), 6.3 കിലോ ഹെറോയിൻ, 4 കിലോ കെറ്റാമൈൻ എന്നിവയ്ക്ക് പുറമെ 1.13 ദശലക്ഷം ഡോളർ (ഏകദേശം 1.1 മില്യൺ) പണവും അന്വേഷണ സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 57 ദശലക്ഷം ഡോളർ വിലമതിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പെർത്തിലെ എഗ്ലിംഗ്ടൺ, സീക്രട്ട് ഹാർബർ, ക്വീൻസ് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് സംഘത്തലവനായ 28-കാരനുൾപ്പെടെയുള്ളവർ പിടിയിലായത്. ഒരു സൗത്ത് ഓസ്‌ട്രേലിയൻ സ്വദേശിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പണത്തിനും മയക്കുമരുന്നിനും പുറമെ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. എ.എഫ്.പിയും (AFP) പടിഞ്ഞാറൻ, ദക്ഷിണ ഓസ്‌ട്രേലിയൻ പൊലീസും സംയുക്തമായാണ് ഈ വൻ വേട്ട നടത്തിയത്.
സമൂഹത്തിന് വൻ ഭീഷണിയാകുമായിരുന്ന 1.1 ദശലക്ഷം മയക്കുമരുന്ന് ഇടപാടുകളാണ് ഈ നീക്കത്തിലൂടെ അന്വേഷണ ഏജൻസികൾ തകർത്തത്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
News by
Sajin Thiruvallam
News Editor

News Editor