ട്രംപിന് ബ്രിട്ടീഷ് രാജാവിന്റെ സർപ്രൈസ്!
വാഷിംഗ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷ വേളയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അപൂർവ ഉപഹാരം സമ്മാനിച്ച് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ഏപ്രിൽ 28-ന് വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക ഔദ്യോഗിക വിരുന്നിലാണ് (സ്റ്റേറ്റ് ഡിന്നർ) ചരിത്രപ്രാധാന്യമുള്ള ഈ സമ്മാനദാനം നടന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് റോയൽ നേവി ഉപയോഗിച്ചിരുന്ന ‘എച്ച്.എം.എസ്. ട്രംപ്’ (HMS Trump) എന്ന അന്തർവാഹിനിയുടെ യഥാർത്ഥ പിച്ചള മണിയാണ് ട്രംപിന് ലഭിച്ചത്. മണിയിൽ ‘ട്രംപ്’ എന്ന് കൊത്തിവെച്ചിട്ടുള്ളത് കൗതുകമായി.
ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവെക്കുന്ന നാവിക ചരിത്രത്തിന്റെയും സഖ്യത്തിന്റെയും ശക്തമായ പ്രതീകമായാണ് നയതന്ത്ര വിദഗ്ധർ ഈ സമ്മാനത്തെ വിലയിരുത്തുന്നത്. വിരുന്നിനിടെ ഓക്കസ് (AUKUS) സഖ്യത്തെ പരാമർശിച്ച് രാജാവ് നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. “നമ്മെ തമ്മിൽ ബന്ധിപ്പിക്കാൻ ഒരു റിങ് (മണിയടി/ഫോൺകോൾ) മതി” എന്ന രാജാവിന്റെ നർമ്മം സദസ്സിൽ വലിയ ചിരിപടർത്തി.

അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 27 മുതൽ 30 വരെ നടക്കുന്ന രാജാവിന്റെ നാലുദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ വിരുന്ന് സംഘടിപ്പിച്ചത്. നേരത്തെ യു.എസ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും ചാൾസ് രാജാവ് അഭിസംബോധന ചെയ്തിരുന്നു. പ്രഥമ വനിത മെലാനിയ ട്രംപ്, രാജ്ഞി കമില എന്നിവരും വിരുന്നിൽ പങ്കെടുത്തു.

അന്തർവാഹിനിയുടെ പേരും അമേരിക്കൻ പ്രസിഡന്റിന്റെ പേരും ഒന്നായതിലെ യാദൃച്ഛികത ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ആഗോള വെല്ലുവിളികൾക്കിടയിലും അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ ചരിത്ര നിമിഷങ്ങൾ.
News by
Sajin Thiruvallam
News Editor

News Editor