ഐസിസ് ക്യാമ്പിൽ കഴിഞ്ഞ 4 ഓസ്‌ട്രേലിയൻ വനിതകൾ രാജ്യത്തേക്ക് മടങ്ങുന്നു
സിഡ്നി: ഐസിസിൽ (ISIS) ചേർന്ന നാല് ഓസ്‌ട്രേലിയൻ വനിതകളും അവരുടെ ഒമ്പത് കുട്ടികളും സിറിയയിലെ അൽ റോജ് (Al Roj) ക്യാമ്പിൽ നിന്ന് പുറത്തുകടന്നതായി റിപ്പോർട്ട്. ഇവർ താൽക്കാലിക പാസ്‌പോർട്ടുകൾ കരസ്ഥമാക്കുകയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിനുള്ള വിമാനയാത്രാ രേഖകൾ ഉറപ്പാക്കുകയും ചെയ്തതായി ‘7News സിഡ്നി’ റിപ്പോർട്ട് ചെയ്യുന്നു. മടങ്ങിയെത്തുന്ന വനിതകളിൽ മൂന്ന് പേർ മെൽബണിൽ നിന്നുള്ളവരും ഒരാൾ സിഡ്നിയിൽ നിന്നുള്ള ആളുമാണ്.
2026 ഫെബ്രുവരിയിൽ 34 പേരടങ്ങുന്ന ഒരു വലിയ സംഘം ദമാസ്കസിലേക്ക് യാത്ര ചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും അധികൃതർ ഇത് തടഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഘത്തിന്റെ മടക്കം വാർത്തയാകുന്നത്. പൗരന്മാർക്ക് അനിവാര്യമായ കോൺസുലാർ സഹായങ്ങൾ നൽകുന്നുണ്ടെങ്കിലും, ഇവരെ നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക ദൗത്യങ്ങളൊന്നും സർക്കാർ ഏറ്റെടുത്തിട്ടില്ലെന്നാണ് വിശദീകരണം. രാജ്യസുരക്ഷ മുൻനിർത്തി അധികൃതർ ഈ പുതിയ സംഘത്തെ കർശനമായി നിരീക്ഷിച്ചുവരികയാണ്.
അതെസമയം, ഇവരുടെ മടങ്ങിവരവ് ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഈ വനിതകൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് (temporary exclusion orders) ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. കൂടാതെ, ഇവരുടെ സുരക്ഷാ പരിശോധനാ മാനദണ്ഡങ്ങൾ (security vetting), പ്രാദേശിക സമൂഹങ്ങളുമായി ഇത് സംബന്ധിച്ച് നടത്തിയ കൂടിയാലോചനകൾ എന്നിവ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ തിരിച്ചെത്തുമ്പോൾ ഇവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുമോ എന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിൽ നിന്ന് വ്യക്തത തേടുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമായാണ് സമൂഹവും ഇതിനെ നോക്കിക്കാണുന്നത്.