ഓസ്‌ട്രേലിയയിൽ ഭവന പ്രതിസന്ധി രൂക്ഷം: 5% ഡെപ്പോസിറ്റ് പദ്ധതി വിദേശികൾക്കും നൽകുന്നതിൽ വാക്പോര്; ലക്ഷ്യങ്ങൾ പാളിയെന്ന് പ്രതിപക്ഷം
കാൻബെറ: ഓസ്‌ട്രേലിയ നേരിടുന്ന രൂക്ഷമായ ഭവന പ്രതിസന്ധിയും ഫെഡറൽ സർക്കാരിന്റെ പദ്ധതികളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷ വാക്പോര്. അഞ്ച് വർഷത്തിനുള്ളിൽ 12 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം വലിയ തിരിച്ചടി നേരിടുകയാണെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലറും പ്രതിപക്ഷ ഉപനേതാവ് ജെയ്ൻ ഹ്യൂമും തമ്മിൽ മാധ്യമങ്ങളിലൂടെ തുറന്ന ഏറ്റുമുട്ടൽ നടത്തിയത്.
ഭവന നിർമ്മാണത്തിൽ വൻ ഇടിവ് സർക്കാരിന്റെ ലക്ഷ്യങ്ങൾ എങ്ങുമെത്തിയില്ലെന്നും ഇതുവരെ വെറും 2,60,000 വീടുകൾ മാത്രമാണ് നിർമ്മിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. ലക്ഷ്യത്തേക്കാൾ ഒരു ലക്ഷത്തോളം വീടുകളുടെ കുറവാണ് നിലവിലുള്ളത്. ഭവന പദ്ധതികൾ വേഗത്തിലാക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ സമ്മതിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ വീടുകളുടെ നിർമ്മാണം വേഗത്തിലാക്കാനുമായി സംസ്ഥാന സർക്കാരുകളുമായി പുതിയ കരാറുകളിൽ കഴിഞ്ഞ ആഴ്ചകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും, നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കുന്ന പഴയ നിയന്ത്രണങ്ങൾ മരവിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രണ നിയമങ്ങളിൽ സംസ്ഥാന സർക്കാരുകൾ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5% ഡെപ്പോസിറ്റ് സ്കീമും പുതിയ വിവാദവും സർക്കാരിന്റെ 5% ഡെപ്പോസിറ്റ് സ്കീം വഴി ലക്ഷക്കണക്കിന് യുവാക്കൾക്ക് ആദ്യമായി സ്വന്തമായി വീട് വാങ്ങാൻ സാധിച്ചതായി മന്ത്രി മാർക്ക് ബട്ട്‌ലർ അവകാശപ്പെട്ടു. വീട് വാങ്ങാനുള്ള ഡെപ്പോസിറ്റ് തുക കണ്ടെത്താൻ യുവാക്കൾ എടുക്കുന്ന പത്ത് വർഷത്തോളം വരുന്ന കാലതാമസം ഒഴിവാക്കാൻ ഈ പദ്ധതി വഴി സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ പദ്ധതി രാജ്യത്തെ ഭവന വില കുതിച്ചുയരാൻ കാരണമാകുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് ജെയ്ൻ ഹ്യൂം കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്തേക്കാൾ പ്രതിവർഷം 30,000 വീടുകൾ കുറവാണ് ഇപ്പോൾ നിർമ്മിക്കപ്പെടുന്നത്. കുടിയേറ്റം നിയന്ത്രിക്കാൻ ലേബർ സർക്കാരിന് കഴിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. അതിന് പുറമെ ഓസ്‌ട്രേലിയൻ പൗരന്മാരല്ലാത്തവർക്കും (Permanent Residents) 5% ഡെപ്പോസിറ്റ് സ്കീം നൽകുന്നത് വിപണിയിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നും അവർ ആരോപിച്ചു. എന്നാൽ പൗരത്വത്തിലേക്കുള്ള പാതയിലുള്ള, വർഷങ്ങളായി രാജ്യത്ത് സ്ഥിരതാമസമുള്ളവർക്ക് (PR) ഈ ആനുകൂല്യം നൽകുന്നത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി ബട്ട്‌ലർ തിരിച്ചടിച്ചു.
ഭവന പ്രതിസന്ധി മറികടക്കാൻ പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഭവന പ്രതിസന്ധി മറികടക്കാൻ 2,000 പേജുകളുള്ള ദേശീയ നിർമ്മാണ കോഡിലെ (National Construction Code) അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ജെയ്ൻ ഹ്യൂം നിർദ്ദേശിച്ചു. കുടിയേറ്റ നിരക്ക് കുറച്ചാൽ മാത്രമേ ഭവന, ആരോഗ്യ, അടിസ്ഥാന സൗകര്യ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാനാകൂ എന്നും അവർ വ്യക്തമാക്കി.
ആൻസാക് ദിന സ്മരണകൾ ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ ആൻസാക് ദിനത്തിൽ (ANZAC Day) രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ഇരു നേതാക്കളും ആദരവർപ്പിച്ചു. 111 വർഷങ്ങൾക്ക് മുൻപ് ഗല്ലിപ്പോളിയിൽ സേവനമനുഷ്ഠിച്ച തന്റെ മുത്തച്ഛനെ അനുസ്മരിച്ച മന്ത്രി മാർക്ക് ബട്ട്‌ലർ, നാളെ പുലർച്ചെ നടക്കുന്ന പ്രഭാത പ്രാർത്ഥനകളിൽ (Dawn Services) പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. വെറും 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു രാജ്യത്ത് നിന്ന് ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 4,17,000 ഓസ്‌ട്രേലിയക്കാരിൽ 62,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും, അവരുടെ ത്യാഗങ്ങൾ വിസ്മരിക്കാനാകില്ലെന്നും ജെയ്ൻ ഹ്യൂം ഓർമ്മിപ്പിച്ചു.
News by
Sajin Thiruvallam
News Editor

News Editor