വെസ്റ്റേൺ സിഡ്‌നി എയർപോർട്ടിന്റെ പുതിയ ഫ്ലൈറ്റ് പാതകൾ ജൂലൈ 9 മുതൽ
സിഡ്‌നി: വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ (നാൻസി-ബേർഡ് വാൾട്ടൺ) എയർപോർട്ടിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി സിഡ്‌നിയിലെ വ്യോമപാതകളിൽ ഏർപ്പെടുത്തിയ മാറ്റങ്ങൾ 2026 ജൂലൈ 9 മുതൽ പ്രാബല്യത്തിൽ വരും. ഇൻഫ്രാസ്ട്രക്ചർ-ഗതാഗത വകുപ്പ് മന്ത്രി കാതറിൻ കിങ് ആണ് സുപ്രധാനമായ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ മാറ്റങ്ങൾ കിങ്സ്‌ഫോർഡ് സ്മിത്ത്, ബാങ്ക്‌സ്ടൗൺ, വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ തുടങ്ങി സിഡ്‌നിയിലെ എല്ലാ വിമാനത്താവളങ്ങളെയും ബാധിക്കുന്നതാണ്.
ജനകീയ പങ്കാളിത്തത്തോടെയുള്ള രൂപകല്പന
തുടർച്ചയായ മൂന്ന് വർഷത്തെ പഠനങ്ങൾക്കും ജനകീയ കൂടിയാലോചനകൾക്കും ശേഷമാണ് പുതിയ പാതകൾ അന്തിമമാക്കിയത്. അൻപതിലധികം നേരിട്ടുള്ള ഫീഡ്‌ബാക്ക് സെഷനുകളിലൂടെയും 8,400-ലധികം അഭിപ്രായങ്ങളിലൂടെയുമാണ് 2025 ജൂണിൽ ഈ പാതകൾക്ക് അംഗീകാരം ലഭിച്ചത്. ശബ്ദമലിനീകരണം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ എയർസർവീസസ് ഓസ്‌ട്രേലിയ വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
രാത്രികാലങ്ങളിലെ നിയന്ത്രണങ്ങൾ
യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമീപവാസികളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതിനാണ് പുതിയ പാതകളിൽ മുൻഗണന നൽകിയിരിക്കുന്നത്. ഇതിനായി രാത്രി 11 മണി മുതൽ പുലർച്ചെ 5.30 വരെ ‘റെസിപ്രോക്കൽ റൺവേ ഓപ്പറേഷൻസ്’ (RRO) ഏർപ്പെടുത്തും. അതായത് വിമാനങ്ങൾ ഒരേ ദിശയിൽ നിന്ന് തന്നെ ടേക്ക് ഓഫും ലാൻഡിംഗും നടത്തും. ഈ സംവിധാനം നിലവിൽ വരുന്നതോടെ വാലേഷ്യ, ബ്ലൂ മൗണ്ടൻസ്, പശ്ചിമ സിഡ്‌നിയുടെ മറ്റ് ജനസാന്ദ്രതയേറിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ വിമാനങ്ങളുടെ ശബ്ദശല്യം ഗണ്യമായി കുറയും.
ശബ്ദ നിരീക്ഷണ സംവിധാനങ്ങൾ
പശ്ചിമ സിഡ്‌നി നിവാസികൾക്കായി ലൈവ് നോയ്‌സ് മോണിറ്ററിങ് ടൂൾ (www.webtrak.emsbk.com/wsi3) ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ വിമാനത്താവളത്തിന് ചുറ്റുമുള്ള ഫ്ലൈറ്റ് വിവരങ്ങളും ശബ്ദ തോതും തത്സമയം അറിയാൻ സാധിക്കും. കൂടാതെ ഒമ്പത് സ്ഥിരം ശബ്ദ മോണിറ്ററുകളും, അഞ്ച് വർഷത്തിനിടെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാവുന്ന നാല് താൽക്കാലിക മോണിറ്ററുകളും എയർസർവീസസ് ഓസ്‌ട്രേലിയ സജ്ജമാക്കിയിട്ടുണ്ട്. ആദ്യ വർഷങ്ങളിൽ ഫ്ലൈറ്റ് പാത പ്രശ്നങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക അഡ്വൈസറി ബോർഡും രൂപീകരിക്കും.
ഏറ്റവും കൂടുതൽ ശബ്ദമലിനീകരണം നേരിടാൻ സാധ്യതയുള്ള ലഡൻഹാം, ഗ്രീൻഡേൽ, സിൽവർഡേൽ, വാലേഷ്യ, കെമ്പ്‌സ് ക്രീക്ക് എന്നിവിടങ്ങളിലെ ഭൂവുടമകൾക്ക് വീടുകളിൽ ‘നോയ്‌സ് ഇൻസുലേഷൻ’ വർക്കുകൾ ചെയ്യുന്നതിനായി സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. 2028 ഏപ്രിൽ വരെയാണ് ഇതിനുള്ള സാവകാശം.
ഡിജിറ്റൽ കൺട്രോൾ സംവിധാനം
സിഡ്‌നിയിലെ വ്യോമഗതാഗതം ഏകോപിപ്പിക്കുന്നതിനായി വെസ്റ്റേൺ സിഡ്നി എയർപോർട്ടിൽ അത്യാധുനിക ‘ഡിജിറ്റൽ എയറോഡ്രോം സർവീസ്’ നിലവിൽ വരും. റൺവേയുടെ മുക്കും മൂലയും നിരീക്ഷിക്കാൻ 25 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലെ ദൃശ്യങ്ങൾ ഈസ്റ്റേൺ ക്രീക്കിലെ റിമോട്ട് ടവർ സെന്ററിലിരുന്ന് എയർ ട്രാഫിക് കൺട്രോളർമാർ വിലയിരുത്തും. ജൂലൈയിൽ കാർഗോ സർവീസുകളും ഒക്ടോബറിൽ പാസഞ്ചർ സർവീസുകളും ആരംഭിക്കാനാണ് പദ്ധതി.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണം
“വെസ്റ്റേൺ സിഡ്നി എയർപോർട്ടിനായി നമ്മുടെ ആകാശം തുറന്നുകൊടുക്കുന്നതിലെ ഏറ്റവും നിർണായകമായ കാൽവെപ്പാണിത്. രണ്ട് വലിയ വിമാനത്താവളങ്ങൾ സിഡ്‌നിയിൽ പ്രവർത്തിക്കുമ്പോൾ വ്യോമപാതകളിൽ ചെറിയ ക്രമീകരണങ്ങൾ ആവശ്യമാണ്. വിമാനത്താവളങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവും ജനങ്ങളുടെ സുരക്ഷയും ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്,” മന്ത്രി കാതറിൻ കിങ് വ്യക്തമാക്കി.
പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്ത് ആരംഭിക്കുന്ന ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി ജനങ്ങളിലും സാങ്കേതികവിദ്യയിലുമാണ് നിക്ഷേപം നടത്തുന്നതെന്ന് എയർസർവീസസ് ഓസ്‌ട്രേലിയ സി.ഇ.ഒ റോബ് ഷാർപ്പ് പറഞ്ഞു. ഡിജിറ്റൽ എയറോഡ്രോം സംവിധാനങ്ങളിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor