NDIS-ൽ വൻ അഴിച്ചുപണി; 1.6 ലക്ഷം പേരെ ഒഴിവാക്കിയേക്കും
കാൻബറ: ഓസ്‌ട്രേലിയയിലെ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീമിൽ (NDIS) സമഗ്രമായ മാറ്റങ്ങൾക്കൊരുങ്ങി അൽബാനീസീ സർക്കാർ. പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കാനും 2030-ഓടെ 15 ബില്യൺ ഡോളർ ലാഭിക്കാനും ലക്ഷ്യമിട്ട് ഏകദേശം 1,60,000 പേരെ എൻ.ഡി.ഐ.എസിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് ആരോഗ്യ-എൻ.ഡി.ഐ.എസ് മന്ത്രി മാർക്ക് ബട്‌ലർ വ്യക്തമാക്കി. ഇന്ന് രാവിലെ ചാനൽ നയനിലെ ‘ടുഡേ ഷോ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി പദ്ധതിയുടെ ഭാവി പരിപാടികൾ വിശദീകരിച്ചത്.
യഥാർത്ഥ ലക്ഷ്യത്തിലേക്കുള്ള തിരിച്ചുപോക്ക്
ഗുരുതരവും സ്ഥിരവുമായ വൈകല്യമുള്ളവർക്ക് (Significant and permanent disability) പിന്തുണ നൽകുക എന്നതായിരുന്നു എൻ.ഡി.ഐ.എസിന്റെ പ്രഥമ ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ ചെറിയ തോതിലുള്ള പിന്തുണ മാത്രം ആവശ്യമുള്ള വലിയൊരു വിഭാഗം ആളുകൾ ഈ പദ്ധതിയുടെ ഭാഗമാണ്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പരമാവധി 5.5 ലക്ഷം പേർ പദ്ധതിയിൽ ഉണ്ടാകുമെന്നായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ. എന്നാൽ ഇപ്പോഴത്തെ രീതി തുടർന്നാൽ ഗുണഭോക്താക്കളുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കും. ഇത് സാമ്പത്തികമായി താങ്ങാനാകുന്ന കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
1.6 ലക്ഷം എന്നത് പ്രാഥമിക കണക്ക്
1.6 ലക്ഷം പേരെ ഒഴിവാക്കുമെന്നത് പ്രാഥമികമായ ചില മോഡലിംഗ് കണക്കുകൾ മാത്രമാണെന്ന് മന്ത്രി ബട്‌ലർ വിശദീകരിച്ചു. വൈകല്യമുള്ളവരുടെ കൂട്ടായ്മകൾ, സാങ്കേതിക വിദഗ്ധർ, സംസ്ഥാന-ടെറിട്ടറി സർക്കാരുകൾ എന്നിവരുമായി കൂടിയാലോചിച്ച് പുതിയ മാനദണ്ഡങ്ങൾ (Assessment tool) വരും മാസങ്ങളിൽ തയ്യാറാക്കും. അതിനുശേഷമേ കൃത്യമായ എണ്ണം വ്യക്തമാകൂ.
എൻ.ഡി.ഐ.എസിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരെ സർക്കാർ കൈവിടില്ലെന്നും മന്ത്രി ഉറപ്പുനൽകി. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ഇവർക്കായി പ്രാദേശിക തലത്തിൽ അടിസ്ഥാന പിന്തുണകൾ (Foundational supports) ഒരുക്കും. ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഇപ്പോൾ നടപ്പിലാക്കുന്ന ‘ത്രൈവിങ് കിഡ്‌സ്’ (Thriving Kids) പദ്ധതി ഇതിനൊരു ഉദാഹരണമാണ്. സമാനമായ രീതിയിൽ മറ്റ് പ്രായത്തിലുള്ളവർക്കും സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പദ്ധതികൾ രൂപീകരിക്കും. അടുത്ത വർഷം കഴിഞ്ഞതിന് ശേഷം മാത്രമേ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയുള്ളൂ.
തട്ടിപ്പുകൾക്ക് പൂട്ടിടാൻ ഡിജിറ്റൽ പേയ്മെന്റ്
എൻ.ഡി.ഐ.എസിന്റെ പേരിൽ നടക്കുന്ന വൻകിട തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും തടയിടാനുള്ള കർശന നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം 6 ലക്ഷത്തോളം ക്ലെയിമുകളാണ് പദ്ധതിയിൽ വരുന്നത്.
“പലരും ഒരു എ ഫോർ (A4) പേപ്പറിൽ എഴുതി നൽകുന്ന ബില്ലുകൾക്ക് പോലൂം ആയിരക്കണക്കിന് ഡോളറുകൾ പാസാക്കപ്പെടുന്ന അവസ്ഥയുണ്ട്. പണം ഏത് അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് കൃത്യമായി നിരീക്ഷിക്കാൻ നിലവിൽ സംവിധാനമില്ല,” മന്ത്രി തുറന്നുപറഞ്ഞു. ഇതൊഴിവാക്കാൻ ഇനി മുതൽ എൻ.ഡി.ഐ.എസ് ബില്ലിംഗ് പൂർണ്ണമായും ഡിജിറ്റലാക്കും.
ക്ലെയിം ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും, സേവനദാതാക്കളുടെ (Providers) യോഗ്യതയും പശ്ചാത്തലവും പരിശോധിച്ച് രജിസ്ട്രേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയിലേക്ക് നുഴഞ്ഞുകയറിയ സംഘടിത കുറ്റവാളികളെയും തട്ടിപ്പുകാരെയും പുറത്താക്കാൻ ഈ പുതിയ ഡിജിറ്റൽ സംവിധാനം വഴി സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
News by
Sajin Thiruvallam
News Editor

News Editor