ഇന്ധന പ്രതിസന്ധി: ഓസ്‌ട്രേലിയയെ സുരക്ഷിതമാക്കാൻ നാല് ഘട്ട കർമപദ്ധതി
കാൻബറ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും അത് സൃഷ്ടിക്കുന്ന ആഗോള ഇന്ധനക്ഷാമവും ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ കർശന നടപടികളുമായി ഫെഡറൽ സർക്കാർ. രാജ്യത്ത് ഇന്ധന വിതരണം തടസ്സമില്ലാതെ കൊണ്ടുപോകുന്നതിനായി ദേശീയ മന്ത്രിസഭയുമായി (National Cabinet) ചേർന്ന് വിപുലമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബനീസീ വ്യക്തമാക്കി. ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കങ്ങൾ വിശദീകരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇറാൻ ഉൾപ്പെട്ട സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധികൾ ആഗോള എണ്ണ വിതരണ ശൃംഖലയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയ മുൻകൂർ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
നാല് ഘട്ടങ്ങളുള്ള ദേശീയ ഇന്ധന സുരക്ഷാ പ്ലാൻ
പ്രതിസന്ധി നേരിടാൻ മാർച്ച് 30-ന് ദേശീയ മന്ത്രിസഭ അംഗീകരിച്ച നാല് ഘട്ട കർമപദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്:
ആസൂത്രണവും തയ്യാറെടുപ്പും (Plan and Prepare)
ഗതാഗതം സുഗമമാക്കുക (Keeping Australia Moving): നിലവിൽ ഓസ്‌ട്രേലിയ ഈ രണ്ടാം ഘട്ടത്തിലാണ്. രാജ്യത്ത് ഗുരുതരമായ ഇന്ധനക്ഷാമമില്ല, വിതരണം തടസ്സമില്ലാതെ നടക്കുന്നു.
ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകൾ (Taking Targeted Action)
അവശ്യ സേവനങ്ങളുടെ സംരക്ഷണം (Protecting Critical Services): പ്രതിസന്ധി രൂക്ഷമായാൽ ആശുപത്രികൾ, അഗ്നിശമന സേന, ഭക്ഷ്യവിതരണം തുടങ്ങിയ അടിയന്തര മേഖലകൾക്ക് ഇന്ധന ലഭ്യതയിൽ മുൻഗണന നൽകും.
Working with National Cabinet, we’re doing everything we can to keep fuel flowing where it’s needed most. pic.twitter.com/ZXPKIv8iNF
— Anthony Albanese (@AlboMP) April 23, 2026
നികുതിയിളവും കൂടുതൽ ഇന്ധനവും
സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും ഫെഡറൽ എക്സൈസ് തീരുവ സർക്കാർ പകുതിയായി കുറച്ചു. ലിറ്ററിന് 52.6 സെന്റിൽ നിന്ന് 20.6 സെന്റായാണ് നികുതി കുറച്ചത്. ഇതോടെ പമ്പ് വിലയിൽ വലിയ കുറവുണ്ടാകും. ഭാവി വെഹിക്കിളുകളുടെ റോഡ് യൂസർ ചാർജും താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
ഇതിന് പുറമെ, ഇന്ധന ലഭ്യത ഉറപ്പാക്കാൻ സിംഗപ്പൂർ, ബ്രൂണൈ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സർക്കാർ പ്രത്യേക കരാറിലെത്തി. ബിപി (BP), വൈവാ (Viva) തുടങ്ങിയ കമ്പനികൾ 20 കോടി ലിറ്ററിലധികം ഡീസൽ അധികമായി രാജ്യത്ത് എത്തിക്കും. അടുത്ത നാല് ആഴ്ചകൾക്കുള്ളിൽ 61 ടാങ്കറുകളിലായി 410 കോടി ലിറ്റർ ഇന്ധനം ഓസ്‌ട്രേലിയൻ തീരത്തെത്തുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. മുൻ എനർജി റെഗുലേറ്റർ മേധാവി ആന്തിയ ഹാരിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
‘പാനിക് ബൈയിംഗ്’ വേണ്ട
യുദ്ധം ഉടൻ അവസാനിച്ചാലും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിപണിയിൽ നിന്ന് പൂർണ്ണമായി മാറാൻ കുറഞ്ഞത് 90 ദിവസമെങ്കിലും എടുക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിസന്ധിഘട്ടം മറികടക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. അവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും, പൊതുഗതാഗതം പരമാവധി ഉപയോഗിക്കാനും സർക്കാർ നിർദ്ദേശിക്കുന്നു.
ജനങ്ങളുടെ സഹകരണത്തോടെ നിലവിൽ രാജ്യത്തെ പെട്രോൾ ശേഖരം 46 ദിവസത്തേക്കുള്ളതായി (യുദ്ധത്തിന് മുൻപ് ഇത് 36 ദിവസമായിരുന്നു) ഉയർത്താൻ സാധിച്ചു. ഡീസൽ 31 ദിവസത്തേക്കും ജെറ്റ് ഇന്ധനം 30 ദിവസത്തേക്കും സ്റ്റോക്കുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് (Panic Buying) ഒഴിവാക്കണമെന്നും ഗ്രാമീണ മേഖലകളിലേക്കുള്ള ഇന്ധന വിതരണത്തിന് മുൻഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കി
News by
Sajin Thiruvallam
News Editor

News Editor