30 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം; ഓസ്ട്രേലിയയിൽ വൻ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്
കാൻബറ: രാജ്യത്തിന്റെ നിർമിത ബുദ്ധി (AI), സൈബർ സുരക്ഷാ മേഖലകൾ കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റുമായി പുതിയ ധാരണാപത്രം (MoU) ഒപ്പുവെച്ച് ഓസ്ട്രേലിയൻ ഫെഡറൽ ഗവൺമെന്റ്. വ്യവസായ, ശാസ്ത്ര, നവീകരണ വകുപ്പ് മന്ത്രി ടിം ഐറസും ശാസ്ത്ര, സാങ്കേതിക, ഡിജിറ്റൽ സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് മന്ത്രി ഡോ. ആൻഡ്രൂ ചാൾട്ടണും സംയുക്തമായാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2025 അവസാനത്തോടെ സർക്കാർ പ്രഖ്യാപിച്ച ‘നാഷണൽ എ.ഐ പ്ലാനിന്റെ’ തുടർച്ചയായാണ് ഈ പുതിയ കാൽവെപ്പ്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുമായി പ്രധാനമന്ത്രി ആന്റണി അൽബാനീസീ സിഡ്നിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വൻകിട നിക്ഷേപവും തൊഴിൽ പരിശീലനവും
പുതിയ ധാരണാപത്രപ്രകാരം 2029 ആകുമ്പോഴേക്കും 25 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് ഓസ്ട്രേലിയയിൽ നടത്താൻ ഒരുങ്ങുന്നത്. രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വിപുലപ്പെടുത്തുന്നതിനൊപ്പം, 30 ലക്ഷം ഓസ്ട്രേലിയൻ തൊഴിലാളികൾക്ക് ആധുനിക എ.ഐ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിലൂടെ ദേശീയ സൈബർ സുരക്ഷ കുറ്റമറ്റതാക്കാനും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കാനും സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ദേശീയ താല്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള ഏത് എ.ഐ നിക്ഷേപങ്ങളെയും അൽബാനീസ് സർക്കാർ സ്വാഗതം ചെയ്യുന്നുണ്ടെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

Photo credit : Social Media/Albanese
ധാരണാപത്രത്തിലെ പ്രധാന ലക്ഷ്യങ്ങൾ
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് മൈക്രോസോഫ്റ്റ്. 2023-ൽ പ്രഖ്യാപിച്ച 5 ബില്യൺ ഡോളർ നിക്ഷേപത്തിന് പുറമെയാണ് പുതിയ എ.ഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾ കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കരാർ പ്രകാരം:
എ.ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ എ.ഐ സെന്റർ, ഫ്യൂച്ചർ സ്കിൽസ് ഓർഗനൈസേഷൻ എന്നിവയുമായി ചേർന്ന് മൈക്രോസോഫ്റ്റ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും.
ഈ വർഷം മാർച്ചിൽ ഗവൺമെന്റ് പുറത്തിറക്കിയ എ.ഐ ഇൻഫ്രാസ്ട്രക്ചർ മാർഗ്ഗരേഖകളുമായി ചേർന്നുനിൽക്കുന്നതായിരിക്കും കമ്പനിയുടെ ഭാവി പ്രവർത്തനങ്ങൾ. ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ്, സ്മാർട്ട് എനർജി കൗൺസിൽ തുടങ്ങിയ സംഘടനകൾ ഇതിനകം ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓസ്ട്രേലിയയെ ലോകത്തെ തന്നെ വിശ്വസനീയമായ ഒരു എ.ഐ ഹബ്ബാക്കി മാറ്റും.
മന്ത്രിമാരുടെ പ്രതികരണങ്ങൾ
“സുരക്ഷയ്ക്ക് പൂർണ്ണ മുൻഗണന നൽകിക്കൊണ്ട്, ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ മികച്ച നേട്ടങ്ങൾ എ.ഐയിലൂടെ ഉറപ്പാക്കാൻ മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിക്കും. നാഷണൽ എ.ഐ പ്ലാൻ കൂടുതൽ കാര്യക്ഷമമാക്കാനും, മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ആഗോള നിക്ഷേപകർക്ക് മുന്നിൽ ഓസ്ട്രേലിയയെ മികച്ചൊരു ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഈ സഹകരണം സഹായിക്കും,” വ്യവസായ-നവീകരണ വകുപ്പ് മന്ത്രി ടിം ഐറസ് വ്യക്തമാക്കി.
ഉത്തരവാദിത്തമുള്ള ആഗോള എ.ഐ കമ്പനികളുമായി സഹകരിക്കുന്നതിലൂടെ സുരക്ഷിതവും സുതാര്യവുമായ എ.ഐ ഉപയോഗത്തിൽ ഓസ്ട്രേലിയ ഒരു പ്രാദേശിക മാതൃകയായി മാറുകയാണെന്ന് അസിസ്റ്റന്റ് മന്ത്രി ഡോ. ആൻഡ്രൂ ചാൾട്ടൺ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ എപ്പോഴും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാകണം എന്ന സർക്കാരിന്റെ അടിസ്ഥാന നയം തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor