പ്രളയത്തിൽ തകർന്ന ക്വീൻസ്ലൻഡിന് 15 ഇന പരിപാടികൾക്ക് സാമ്പത്തിക സഹായം
ബ്രിസ്ബേൻ : 2025-ലെ വിനാശകരമായ പ്രളയത്തിൽ തകർന്ന പടിഞ്ഞാറൻ ക്വീൻസ്ലൻഡിന്റെ (Western Queensland) വിനോദസഞ്ചാര മേഖലയെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും കൈപിടിച്ചുയർത്താൻ സുപ്രധാന പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ ഭരണകൂടം. പ്രളയബാധിതമായ ഒൻപത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി (LGAs) നടക്കുന്ന 15 വ്യത്യസ്ത പരിപാടികൾക്കായി 2,82,000 ഡോളർ അനുവദിച്ചതായി ഫെഡറൽ-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അറിയിച്ചു.
‘വെസ്റ്റേൺ ക്വീൻസ്ലൻഡ് ഇവന്റ്സ് ബൂസ്റ്റ് ഫണ്ട്’ (Western Queensland Events Boost Fund) എന്ന പേരിലുള്ള ഈ പദ്ധതി, കോമൺവെൽത്ത്-സ്റ്റേറ്റ് ഡിസാസ്റ്റർ റിക്കവറി ഫണ്ടിംഗ് അറേഞ്ച്മെന്റ്സിന്റെ (DRFA) ഭാഗമായാണ് നടപ്പിലാക്കുന്നത്. ദുരന്തത്തിൽ തകർന്ന പ്രാദേശിക സമൂഹങ്ങളെ പുനർനിർമ്മിക്കുന്നതിനൊപ്പം പ്രദേശത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ഈ ധനസഹായം ലക്ഷ്യമിടുന്നു. ടൂറിസം ആൻഡ് ഇവന്റ്സ് ക്വീൻസ്ലൻഡ് (TEQ) മുഖേനയാണ് ഫണ്ട് വിതരണം ചെയ്യുന്നത്.
പുറത്തുനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വിപുലമായ മാർക്കറ്റിംഗ് ക്യാമ്പയിനുകൾ, പരിപാടികളുടെ നവീകരണം, കൂടുതൽ കലാകാരന്മാരെ ഉൾപ്പെടുത്തൽ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ഡിജിറ്റൽ-പബ്ലിക് റിലേഷൻസ് പ്രൊമോഷനുകൾ എന്നിവയ്ക്കാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങൾ:
ക്രിസ്റ്റി മക്ബെയ്ൻ (ഫെഡറൽ എമർജൻസി മാനേജ്മെന്റ് മന്ത്രി): “ഓസ്ട്രേലിയയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ഔട്ട്ബാക്ക് ക്വീൻസ്ലൻഡ്. ഈ പരിപാടികളിലൂടെ കൂടുതൽ ആളുകൾ ഇവിടേക്ക് സന്ദർശനത്തിനെത്തുമെന്നും, അതുവഴി പ്രാദേശിക സമ്പദ്വ്യവസ്ഥ വീണ്ടും സജീവമാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനായി ക്രിസഫുല്ലി സർക്കാരുമായി ചേർന്ന് അൽബനീസ് സർക്കാർ തുടർന്നും പ്രവർത്തിക്കും.”
നിറ്റ ഗ്രീൻ (ഫെഡറൽ അസിസ്റ്റന്റ് ടൂറിസം മന്ത്രി): “ഔട്ട്ബാക്ക് ക്വീൻസ്ലൻഡിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞ കുറച്ചു മാസങ്ങൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഈ പ്രഖ്യാപനം അവർക്ക് വലിയൊരു ആശ്വാസമാകും. വിനോദസഞ്ചാരികളെ ആകർഷിക്കാനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കാനും ഇതിലൂടെ സാധിക്കും.”
ആൻഡ്രൂ പവൽ (പരിസ്ഥിതി-ടൂറിസം മന്ത്രി): “പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും ടൂറിസത്തിന്റെയും പ്രധാന ചാലകശക്തികളാണ് ഇത്തരം വിനോദസഞ്ചാര പരിപാടികൾ. ഹോട്ടലുകളിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനും, പ്രദേശത്തെ കച്ചവടങ്ങൾ വർദ്ധിപ്പിക്കാനും, ജനങ്ങളിൽ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും ഇത് സഹായിക്കും.”
ടൂറിസം ആൻഡ് ഇവന്റ്സ് ക്വീൻസ്ലൻഡ് നടപ്പിലാക്കുന്ന 2.14 ദശലക്ഷം ഡോളറിന്റെ ബൃഹത്തായ ടൂറിസം റിക്കവറി പ്രോഗ്രാമിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ ബൂസ്റ്റ് ഫണ്ട്. തെരഞ്ഞെടുക്കപ്പെട്ട 15 പരിപാടികളും ഈ പ്രദേശത്തിന്റെ വൈവിധ്യവും കരുത്തും വിളിച്ചോതുന്നതാണെന്ന് TEQ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രെയ്ഗ് ഡേവിഡ്സൺ പ്രതികരിച്ചു.
News by
Sajin Thiruvallam
News Editor

News Editor