ആശുപത്രിയിൽ നിന്നും മുങ്ങിയ തടവുകാരൻ സിഡ്‌നിയിൽ പിടിയിൽ

admin ഏപ്രിൽ 12, 2026
ആശുപത്രിയിൽ നിന്നും മുങ്ങിയ തടവുകാരൻ സിഡ്‌നിയിൽ പിടിയിൽ

സിഡ്‌നി: ബാങ്ക്‌സ്‌ടൗൺ ആശുപത്രിയിൽ നിന്നും കഴിഞ്ഞ ആഴ്ച രക്ഷപ്പെട്ട തടവുകാരനെ പൊലീസ് പിടികൂടി. സിഡ്‌നിയിലെ വെസ്റ്റേൺ സബർബായ സെവൻ ഹിൽസിൽ (Seven Hills) നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വില്ലാഹുഡ് ഇമിഗ്രേഷൻ ഡിറ്റൻഷൻ സെൻ്ററിൽ (Villawood Immigration Detention Centre) കഴിഞ്ഞിരുന്ന 30 വയസ്സുകാരനായ ഇയാളെ വൈദ്യചികിത്സയ്ക്കായി ബാങ്ക്‌സ്‌ടൗൺ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു (ഏപ്രിൽ 8, 2026) സംഭവം. ഇതിനുപിന്നാലെ ഇയാൾക്കായി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP), ബാങ്ക്‌സ്‌ടൗൺ പൊലീസ് ഏരിയ കമാൻഡ്, ഓസ്ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) എന്നിവർ സംയുക്തമായാണ് അന്വേഷണം നടത്തിയത്. വിപുലമായ അന്വേഷണങ്ങൾക്കൊടുവിൽ, ഇന്ന്  ഉച്ചതിരിഞ്ഞ് 3 മണിയോടെ പൊലീസ് സംഘം സെവൻ ഹിൽസിലെ ജൂൺ സ്ട്രീറ്റിലുള്ള ഒരു വീട്ടിലെത്തി. വീടിനു മുന്നിൽ പ്രതിയുടേതെന്ന് കരുതുന്ന ഷൂസുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശം പൊലീസ് ക്രൈം സീനായി പ്രഖ്യാപിച്ചു.

തുടർന്ന് ബ്ലാക്ക്‌ടൗൺ പൊലീസ് ഏരിയ കമാൻഡ്, പൊലീസ് ട്രാൻസ്പോർട്ട് കമാൻഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെ പ്രദേശത്ത് സജീവമായ തിരച്ചിൽ നടത്തി. വൈകുന്നേരം 3.45-ഓടെ സെവൻ ഹിൽസിലെ ഹാർട്ട്‌ലി റോഡിൻ്റെയും ടെർമിനസ് റോഡിൻ്റെയും മൂലയിൽ വെച്ച് പൊലീസ് ട്രാൻസ്പോർട്ട് കമാൻഡ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ ഉടൻ തന്നെ ബ്ലാക്ക്‌ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും വാറണ്ട് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ജാമ്യം നിഷേധിക്കപ്പെട്ട ഇയാളെ തിങ്കളാഴ്ച ബ്ലാക്ക്‌ടൗൺ ലോക്കൽ കോടതിയിൽ ഹാജരാക്കും.

ഒളിവിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തിരച്ചിലിൻ്റെ വിവിധ ഘട്ടങ്ങളിൽ സഹകരിച്ച പൊതുജനങ്ങൾക്ക് പൊലീസ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Photo : AFP

 


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW