NSW-യിൽ റോഡപകടങ്ങൾ ഇല്ലാതാക്കാൻ 33 പുതിയ സുരക്ഷാ പദ്ധതികൾ വരുന്നു

admin ഏപ്രിൽ 7, 2026
NSW-യിൽ റോഡപകടങ്ങൾ ഇല്ലാതാക്കാൻ 33 പുതിയ സുരക്ഷാ പദ്ധതികൾ വരുന്നു

സിഡ്‌നി : ഗ്രാമീണ ന്യൂ സൗത്ത് വെയിൽസിലെ (NSW) കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും ഡ്രൈവർമാർക്കും കൂടുതൽ സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 33 പുതിയ റോഡ് സുരക്ഷാ പദ്ധതികൾക്ക് തുടക്കമാകുന്നു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി അവിടെ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പിലാക്കുക എന്നതാണ് ഈ പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 19.7 ദശലക്ഷം ഡോളറാണ് ആൽബനീസീ  സർക്കാരും മിൻസ് സർക്കാരും സംയുക്തമായി (50/50 അനുപാതത്തിൽ) നിക്ഷേപിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ റോഡ് സേഫ്റ്റി പ്രോഗ്രാമുകളിലൊന്നാണിത്.

20 കൗൺസിലുകളിലായി വികസനം
ഇരുപതോളം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെ (Local Government Areas) ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ സുരക്ഷാ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപകടങ്ങൾ പതിവായ ക്രോസിംഗുകൾ, ഇന്റർസെക്ഷനുകൾ, പ്രധാന പാതകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. വോംബാറ്റ് ക്രോസിംഗുകൾ, റോഡ് റെഫ്യൂജുകൾ, കേർബ് റാംപുകൾ, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കുമായി പ്രത്യേക പാതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ഇതിനുപുറമെ, റൗണ്ട് എബൗട്ടുകൾ നവീകരിക്കുക, മെച്ചപ്പെട്ട വെളിച്ചം ഉറപ്പാക്കുക, വേലികളും സുരക്ഷാ ബാരിയറുകളും സ്ഥാപിക്കുക, പൊതുഗതാഗതം എളുപ്പമാക്കാൻ ബസ് ബേകൾ നിർമ്മിക്കുക തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനങ്ങളും പദ്ധതിയുടെ ഭാഗമാണ്. കോഫ്സ് ഹാർബർ സിറ്റി, ഡബ്ബോ റീജിയണൽ, ലിസ്മോർ സിറ്റി, ഓറഞ്ച് സിറ്റി, വോളോങ്കോങ് സിറ്റി തുടങ്ങി 20 കൗൺസിലുകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

പ്രധാന പദ്ധതികളും അനുവദിച്ച തുകയും:

തുംബറുമ്പ (Tumbarumba): ടൂമ റോഡ് വീതികൂട്ടുന്നതിനും സുരക്ഷാ ബാരിയറുകൾ, അധിക ലെയിനുകൾ എന്നിവ സ്ഥാപിക്കുന്നതിനും – $2,736,000

യെവാൽ (Yeoval): ഫോബ്സ് സ്ട്രീറ്റ്, ഒബ്ലി സ്ട്രീറ്റ് ഇന്റർസെക്ഷനിൽ റൗണ്ട് എബൗട്ടും കാൽനടയാത്രക്കാർക്കുള്ള ഫെൻസിംഗും നിർമ്മിക്കാൻ – $1,792,000

വോംബിയൻ കേവ്സ് (Wombeyan Caves): റോഡ് നവീകരണത്തിനും സുരക്ഷാ ബാരിയറുകൾക്കുമായി – $1,640,000

ഓലൻ റോഡ് (Oallen Road): മോട്ടോർസൈക്കിൾ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന ബാരിയറുകൾ സ്ഥാപിക്കാൻ – $1,184,000

ബൊറാൽ (Bowral): കാൽനടയാത്രക്കാർക്കായി ഫുട്പാത്തുകളും റെഫ്യൂജുകളും നിർമ്മിക്കാൻ – $1,068,000

വിൽക്കാനിയ (Wilcannia): കാൽനട-സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക പാതയൊരുക്കാൻ – $819,000

ബൈനലോങ് (Binalong): സ്കൂൾ പരിസരത്ത് സുരക്ഷാ സംവിധാനങ്ങൾ, ബസ് ബേ, പാർക്കിംഗ് എന്നിവ ഒരുക്കാൻ – $283,000

കൊറോറ (Korora): പബ്ലിക് സ്കൂളിന് സമീപം ഫുട്പാത്ത് നിർമ്മിക്കാൻ – $176,000

ലക്ഷ്യം റോഡപകടങ്ങൾ ഇല്ലാതാക്കുക
റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2024-ൽ ആരംഭിച്ച റോഡ് സേഫ്റ്റി പ്രോഗ്രാമിലൂടെ ഇതുവരെ 125 ദശലക്ഷം ഡോളറാണ് വിവിധ കൗൺസിലുകൾക്കായി അനുവദിച്ചിട്ടുള്ളത്.

ഗ്രാമീണ റോഡുകളിലൂടെ യാത്ര ചെയ്യുന്ന ഓരോരുത്തരും സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തേണ്ടത് പ്രധാനമാണെന്നും, ഈ പദ്ധതികൾ മേഖലയിലെ റോഡ് സുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും റീജിയണൽ ഡെവലപ്‌മെന്റ് മന്ത്രി ക്രിസ്റ്റി മക്ബെയ്ൻ പ്രതികരിച്ചു. 

എൻ.എസ്.ഡബ്ല്യു റോഡ്‌സ് മന്ത്രി ജെന്നി എച്ച്‌സൺ ഈ ഉദ്യമത്തെ സ്വാഗതം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സർക്കാരിന് കഴിയുമെന്നും, എന്നാൽ ഡ്രൈവർമാരുടെ ഉത്തരവാദിത്തബോധമാണ് ഏറ്റവും പ്രധാനമെന്നും അവർ ഓർമ്മിപ്പിച്ചു. “നമ്മുടെ ജീവനും, പ്രിയപ്പെട്ടവരുടെയും മറ്റ് യാത്രികരുടെയും ജീവനും സംരക്ഷിക്കാൻ റോഡിലെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്” – അവർ കൂട്ടിച്ചേർത്തു.

 


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW