ഓസ്‌ട്രേലിയൻ മനസ്സാക്ഷിയെ ഞെട്ടിച്ച സ്യൂട്ട്കേസ് കൊലപാതകം: ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊലയാളി 

admin മാർച്ച്‌ 18, 2026
ഓസ്‌ട്രേലിയൻ മനസ്സാക്ഷിയെ ഞെട്ടിച്ച സ്യൂട്ട്കേസ് കൊലപാതകം: ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊലയാളി 

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായ കാർലി-ഖാൻഡാലൈസ് ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ഡാനിയൽ ജെയിംസ് ഹോൾഡോം (51) ശിക്ഷാ ഇളവ് തേടി കോടതിയിൽ. തന്റെ മുൻ കാമുകിയായ കാർലി ജെയ്ഡ് പിയേഴ്സ്-സ്റ്റീവൻസണെയും (20) അവരുടെ രണ്ടു വയസ്സുകാരിയായ മകൾ ഖാൻഡാലൈസിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കോടതി വിധിച്ച പരോളില്ലാത്ത ഇരട്ട ജീവപര്യന്തം ‘അമിതമാണ്’ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹോൾഡോം അപ്പീൽ നൽകിയിരിക്കുന്നത്. ഈ അപ്പീലിലെ സുപ്രധാന ഹിയറിങ് ഇന്ന് ന്യൂ സൗത്ത് വെയിൽസ് (NSW) സുപ്രീം കോടതിയിൽ നടന്നത്.

ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഓരോ മലയാളിയെയും അന്ന് ഏറെ ഭയപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്ത ഒരു വാർത്തയായിരുന്നു ഈ ‘സ്യൂട്ട്കേസ് കൊലപാതകം’. കേസിന്റെ നാൾവഴികളും പുതിയ വിവരങ്ങളും:

ക്രൂരതയുടെ ആ നാളുകൾ: 1200 കിലോമീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട അമ്മയും കുഞ്ഞും

2008 ഡിസംബറിലാണ് നാടിനെ നടുക്കിയ ഈ കൊലപാതക പരമ്പര നടന്നത്. ഡിസംബർ 14-15 തീയതികളിൽ ന്യൂ സൗത്ത് വെയിൽസിലെ കുപ്രസിദ്ധമായ ബെലാൻഗ്ലോ സ്റ്റേറ്റ് ഫോറസ്റ്റിൽ വെച്ച് ഡാനിയൽ ഹോൾഡോം കാർലിയെ ക്രൂരമായി ലൈംഗികമായി ആക്രമിക്കപ്പെത്തുകയും  കൊല്ലപ്പെടുത്തുകയും ചെയ്തത്. കാർലിയുടെ ശരീരത്തിൽ അതിക്രൂരമായി ആക്രമണം നടത്തുകയും ‘സാഡിസ്റ്റിക്’ ആയ രീതിയിൽ ഉപദ്രവിച്ച ശേഷം ഇയാൾ ചിത്രങ്ങൾ പകർത്തുകയും (trophy photos) ചെയ്തുവെന്ന് കോടതി അന്ന് കണ്ടെത്തിയിരുന്നു.  കഴുത്തിലും നെഞ്ചിലും കാൽവെച്ച് ഞെരിച്ചുകൊന്ന ശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു.

നാല് ദിവസത്തിന് ശേഷം, കാർലിയുടെ രണ്ട് വയസ്സുള്ള മകൾ ഖാൻഡാലൈസിനെയും പ്രതി ഇല്ലാതാക്കി. NSW-ലെ ഒരു മോട്ടലിൽ വെച്ച് കുഞ്ഞിന്റെ തലയിൽ പ്ലാസ്റ്റിക് ഡയപ്പർ ചുറ്റിയും വായിൽ തുണി തിരുകിയും ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി, അവിടെ നിന്നും ഏകദേശം 1200 കിലോമീറ്റർ അകലെ സൗത്ത് ഓസ്‌ട്രേലിയയിലെ വൈനാർക്കയിലെ ഹൈവേയോരത്ത് ഉപേക്ഷിച്ചു.

വർഷങ്ങളോളം ഇവർ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. 2010-ൽ കാർലിയുടെ അസ്ഥികൂടം ബെലാൻഗ്ലോ വനത്തിൽ നിന്നും, 2015-ൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കേസിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന ഡിഎൻഎ (DNA) പരിശോധനയിലാണ് കൊല്ലപ്പെട്ടത് അമ്മയും മകളുമാണെന്നും, കൊലയാളി ഡാനിയൽ ഹോൾഡോം ആണെന്നും പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കാർലിയുടെ ഫോൺ ഉപയോഗിച്ച് അവർ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാനും, അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 90,000-ത്തോളം ഡോളർ തട്ടിയെടുക്കാനും പ്രതി ശ്രമിച്ചിരുന്നു.

2018-ലെ കോടതി വിധി: പരോളില്ലാത്ത ഇരട്ട ജീവപര്യന്തം

2015-ൽ അറസ്റ്റിലായ ഹോൾഡോം 2018-ലാണ് കുറ്റം സമ്മതിച്ചത്. കേസിന്റെ ഹീനത കണക്കിലെടുത്ത് 2018 നവംബർ 30-ന് ജസ്റ്റിസ് റോബർട്ട് അലൻ ഹുൽം പ്രതിക്ക് ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുന്ന പരോളില്ലാത്ത രണ്ട് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. “ഒരു തരത്തിലുള്ള ദയയും അർഹിക്കാത്ത, അത്യന്തം ക്രൂരമായ പ്രവൃത്തി” എന്നാണ് കോടതി അന്ന് ഈ കേസിനെ വിശേഷിപ്പിച്ചത്. ഇരകളുടെ കുടുംബം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വരെ അന്ന് ആവശ്യപ്പെട്ടിരുന്നു.

എന്തിനാണ് ഇപ്പോൾ അപ്പീൽ നൽകിയിരിക്കുന്നത്?

വിധി വന്ന് വർഷങ്ങൾക്ക് ശേഷം, തനിക്ക് ലഭിച്ച ശിക്ഷയിൽ ഇളവ് വേണമെന്നാണ് ഡാനിയൽ ഹോൾഡോമിന്റെ പുതിയ ആവശ്യം. ഇതിനായി പ്രധാനമായും മൂന്ന് വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വെക്കുന്നത്:

കുറ്റം നേരത്തെ സമ്മതിച്ചതിന്റെ ആനുകൂല്യം (Guilty plea discount): വിചാരണയ്ക്ക് മുൻപ് തന്നെ താൻ കുറ്റം സമ്മതിച്ചിരുന്നുവെന്നും, എന്നാൽ ശിക്ഷാവിധിയിൽ ജഡ്ജി ഇതിന്റെ ആനുകൂല്യം തനിക്ക് നൽകിയില്ലെന്നും പ്രതി വാദിക്കുന്നു.

വ്യക്തിപരമായ പശ്ചാത്തലം: തന്റെ മുൻകാല ജീവിത സാഹചര്യങ്ങളും മാനസിക അവസ്ഥകളും (Subjective factors) കോടതി മുഖവിലയ്‌ക്കെടുത്തില്ല.

സൈക്യാട്രിസ്റ്റ് റിപ്പോർട്ട് തള്ളി: തന്റെ ഫോറൻസിക് സൈക്യാട്രിസ്റ്റ് നൽകിയ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും ഹോൾഡോം പറയുന്നു.

ഓസ്‌ട്രേലിയ ഉറ്റുനോക്കുന്ന കോടതി വിധി

ഇന്ന് ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയിൽ രണ്ട് മണിക്കൂർ നടന്ന ഹിയറിങ്ങിനെ ഓസ്‌ട്രേലിയൻ ജനത ഒന്നടങ്കം ഉറ്റുനോക്കുകയാണ്. ചീഫ് ജഡ്ജി നതാലി ആഡംസ്, ജസ്റ്റിസ് പീറ്റർ ഹാമിൽ, ജസ്റ്റിസ് എഡ്വേർഡ് മസ്റ്റൺ എന്നിവരടങ്ങിയ അപ്പീൽ കോടതി ബെഞ്ച് ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പൂർണ്ണമായി കേട്ടു. എന്നാൽ, കേസിൽ അന്തിമ വിധി പ്രസ്താവിക്കുന്നത് കോടതി ഇപ്പോൾ മാറ്റിവെച്ചിരിക്കുകയാണ് (Reserved decision). 

അതെസമയം, കുറ്റം സമ്മതിക്കുന്നവർക്ക് ശിക്ഷയിൽ ഇളവ് നൽകുന്ന ഓസ്‌ട്രേലിയൻ ക്രിമിനൽ നിയമ വ്യവസ്ഥയുടെ (Guilty plea discount) സാധ്യതകളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. എങ്കിലും, കൊലപാതകത്തിന്റെ പൈശാചികതയും, ഒരു പിഞ്ചുകുഞ്ഞിനോട് കാണിച്ച കൊടുംക്രൂരതയും പരിഗണിക്കുമ്പോൾ ഹോൾഡോമിന്റെ ഈ അപ്പീൽ കോടതി തള്ളിക്കളയാനാണ് സാധ്യതയെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു. ഈ അപ്പീൽ ഇരകളുടെ കുടുംബത്തിന്, പ്രത്യേകിച്ച് കാർലിയുടെ മാതാവിനും ബന്ധുക്കൾക്കും വീണ്ടും വലിയ മാനസിക വ്യഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറ്റവാളിക്ക് യാതൊരു ഇളവും ലഭിക്കരുതെന്നും, തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്നും മാത്രമാണ് കുടുംബം ആവശ്യപ്പെടുന്നത്.

എന്തായാലും, ഓസ്‌ട്രേലിയൻ നീതിന്യായ വ്യവസ്ഥയും ജനങ്ങളും ഏറെ ശ്രദ്ധയോടെയാണ് ഈ അപ്പീൽ കോടതി വിധിക്കായി കാത്തിരിക്കുന്നത്.

Photo credit: ABC News

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW