പുതിയ സൂപ്പർആനുവേഷൻ നിയമം വരുന്നു ; കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം
കാൻബെറ: ഓസ്‌ട്രേലിയയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും, സൂപ്പർആനുവേഷൻ സിസ്റ്റം കൂടുതൽ നീതിയുക്തമാക്കുന്നതിനുമുള്ള അൽ ബനീസി സർക്കാരിന്റെ പുതിയ നിയമനിർമ്മാണം അവസാന ഘട്ടത്തിലേക്ക്. പുതിയ സൂപ്പർആനുവേഷൻ ബില്ലിന് (Treasury Laws Amendment Bill 2026) യാതൊരു ഭേദഗതികളുമില്ലാതെ ഗ്രീൻസ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചതായി ട്രഷറർ ജിം ചാൽമേഴ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ സൂപ്പർ (LISTO വർദ്ധനവ്): ലോ ഇൻകം സൂപ്പർആനുവേഷൻ ടാക്സ് ഓഫ്സെറ്റിൽ (LISTO) വർദ്ധനവ് വരുത്തും. ഇതുവഴി തൊഴിലാളികളുടെ വരുമാനവും സൂപ്പർ വിഹിതവും അടിസ്ഥാനമാക്കി അവരുടെ സൂപ്പർ അക്കൗണ്ടിലേക്ക് പ്രതിവർഷം 810 ഡോളർ വരെ (ശരാശരി 410 ഡോളർ) അധികമായി ലഭിക്കും. വിരമിക്കുന്ന സമയത്ത് ശരാശരി 15,000 ഡോളറിന്റെ അധിക നേട്ടം ഇതിലൂടെ ലഭിച്ചേക്കാം.
മലയാളികൾക്ക് ഉൾപ്പെടെ ഗുണകരമാകുന്ന മാറ്റം: എയ്ജ്ഡ് കെയർ, ഡിസെബിലിറ്റി സപ്പോർട്ട്, ചൈൽഡ് കെയർ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന 1,00,000-ൽ അധികം ആളുകൾക്കും, സെയിൽസ്, അഡ്മിനിസ്ട്രേഷൻ മേഖലകളിലെ തൊഴിലാളികൾക്കും ഇതിന്റെ പ്രധാന ഗുണം ലഭിക്കും.
മൊത്തം 1.3 മില്യൺ ഗുണഭോക്താക്കൾ: ഈ പുതിയ പരിഷ്കാരം ഓസ്‌ട്രേലിയയിലെ 1.3 മില്യൺ ആളുകൾക്ക് ഗുണം ചെയ്യും. ഇതിൽ 7,50,000 സ്ത്രീകളും 30 വയസ്സിന് താഴെയുള്ള 5,50,000 യുവാക്കളും ഉൾപ്പെടുന്നു.
3 മില്യൺ ഡോളറിന് മുകളിലുള്ള അക്കൗണ്ടുകൾ: 3 മില്യൺ ഡോളറിന് മുകളിൽ സൂപ്പർ ബാലൻസ് ഉള്ളവരുടെ നികുതി ഇളവുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇത് ഓസ്‌ട്രേലിയയിലെ കേവലം 0.5 ശതമാനം ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ.
രാഷ്ട്രീയ പിന്തുണയും സർക്കാരിന്റെ വെല്ലുവിളിയും: സെനറ്റിന്റെ പരിഗണനയിലുള്ള ഈ ബില്ലിന് ഗ്രീൻസ് പാർട്ടി പിന്തുണ നൽകിയതിനെ സർക്കാർ സ്വാഗതം ചെയ്തു. പുതിയ പ്രതിപക്ഷ നേതാവിനും ലിബറൽ-നാഷണൽ പാർട്ടികൾക്കും ഈ നിയമത്തെ പിന്തുണയ്ക്കാൻ ട്രഷറർ ആഹ്വാനം ചെയ്തു. ഈ ബില്ലിനെ എതിർക്കുന്നത് സാധാരണക്കാരായ തൊഴിലാളികളുടെ സുരക്ഷിതമായ റിട്ടയർമെന്റ് ജീവിതത്തെ എതിർക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് പ്രധാന സൂപ്പർ മാറ്റങ്ങൾ: ഈ വർഷം ജൂലൈ 1 മുതൽ ശമ്പളത്തിനൊപ്പം തന്നെ സൂപ്പർ നൽകുന്ന രീതി (Payday Super) ആരംഭിക്കും. കൂടാതെ സൂപ്പർ ഗ്യാരണ്ടി 12 ശതമാനമായി ഉയർത്തുന്നതും, പെയ്ഡ് പേരന്റൽ ലീവിനൊപ്പം (Paid Parental Leave) സൂപ്പർ നൽകുന്നതുമായ മുൻ പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ ബില്ലും വരുന്നത്.