ഓസ്ട്രേലിയയിൽ വാർഷിക അവധി 5 ആഴ്ചയാക്കാൻ പുതിയ കാമ്പെയ്ൻ; കടുത്ത എതിർപ്പുമായി വ്യവസായ പ്രമുഖർ
ഓസ്ട്രേലിയൻ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ള പുതിയ കാമ്പെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ തൊഴിൽ യൂണിയനായ ACTU. ജീവനക്കാരുടെ വാർഷിക അവധി (Annual Leave) ഒരു ആഴ്ച കൂടി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇന്ന് ആരംഭിച്ച ഈ കാമ്പെയ്ൻ, നാഷണൽ എംപ്ലോയ്മെന്റ് സ്റ്റാൻഡേർഡ്സിൽ (NES) മാറ്റങ്ങൾ വരുത്താനുള്ള പാർലമെന്ററി സമിതിയുടെ അന്വേഷണത്തിന് (House of Representatives inquiry) മുൻപാകെ യൂണിയനുകൾ ശക്തമായി അവതരിപ്പിക്കും.
യൂണിയനുകളുടെ വാദങ്ങൾ:
ഓസ്ട്രേലിയയിലെ ഭൂരിഭാഗം ജീവനക്കാരും വലിയ തൊഴിൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും, ശരാശരി 4.5 ആഴ്ചത്തെ അധിക ജോലിയാണ് പ്രതിഫലമില്ലാതെ അവർ ഓരോ വർഷവും ചെയ്യുന്നതെന്നും ACTU സെക്രട്ടറി സാലി മക്മാനസ് (Sally McManus) ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരമായാണ് അവധി 4 ആഴ്ചയിൽ നിന്നും 5 ആഴ്ചയാക്കാനും, ഷിഫ്റ്റ് ജോലിക്കാർക്ക് ഇത് 5-ൽ നിന്ന് 6 ആഴ്ചയാക്കാനും ആവശ്യപ്പെടുന്നത്.
അവധി വർദ്ധിപ്പിക്കുന്നതിലൂടെ തൊഴിലുടമകൾക്ക് 2 ശതമാനത്തോളം അധിക ചെലവ് വരുമെങ്കിലും, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് (turnover) കുറയ്ക്കാനും മാനസിക സമ്മർദ്ദങ്ങൾ മൂലമുള്ള അവധികൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് യൂണിയനുകൾ അവകാശപ്പെടുന്നു. കഴിഞ്ഞ 50 വർഷമായി രാജ്യത്തെ വാർഷിക അവധി നിരക്കിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അവർ ഓർമ്മിപ്പിക്കുന്നു.
വ്യവസായ പ്രമുഖരുടെ എതിർപ്പ്:
അതെസമയം, യൂണിയനുകളുടെ ഈ ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വ്യവസായ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ബിസിനസുകൾക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് (SMEs) വലിയ സാമ്പത്തിക ബാധ്യതയാണ് ഈ പുതിയ നിർദ്ദേശം ഉണ്ടാക്കുകയെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
Ai Group ഇതിനെ “യാഥാർത്ഥ്യത്തിന് നിരക്കാത്തത്” (out of touch) എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ സ്ഥാപനങ്ങൾക്കും ഒരേ നിയമം (one-size-fits-all) അടിച്ചേൽപ്പിക്കുന്നത് പ്രായോഗികമല്ലെന്നും, ഇത് ഓസ്ട്രേലിയയിലെ നിക്ഷേപങ്ങളെയും തൊഴിലവസരങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ബിസിനസ് കൗൺസിൽ ഓഫ് ഓസ്ട്രേലിയ (BCA) ചീഫ് എക്സിക്യൂട്ടീവ് ബ്രാൻ ബ്ലാക്കും (Bran Black) വ്യക്തമാക്കി.
സർക്കാർ നിലപാട്:
വാർഷിക അവധി വർദ്ധിപ്പിക്കുന്ന വിഷയം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ട്രഷറർ ജിം ചാൽമേഴ്സ് (Jim Chalmers) വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, പാർലമെന്ററി സമിതിയുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഈ കാമ്പെയ്ൻ വരും ദിവസങ്ങളിൽ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലും തൊഴിൽ മേഖലയിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.