മിഡിൽ ഈസ്റ്റ് സംഘർഷം: ഇന്ധനവില ലിറ്ററിന് 3 ഡോളർ വരെ കുടിയേക്കാം? ; ആശങ്കയിൽ പ്രതികരിച്ചു മന്ത്രി
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരുടെ സുരക്ഷയും, രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ടുഡേ ഷോയിൽ (Today Show) നടന്ന അഭിമുഖത്തിൽ ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലറും (Mark Butler) നാഷണൽ സെനറ്റർ മാറ്റ് കാനവാനും (Matt Canavan) ഈ വിഷയങ്ങളെക്കുറിച്ച് പ്രതികരിച്ചു.
ഓസ്‌ട്രേലിയക്കാരുടെ മടക്കം
നിലവിൽ 1,15,000 ഓസ്‌ട്രേലിയക്കാരാണ് മിഡിൽ ഈസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 24,000 പേർ യു.എ.ഇയിലാണ് ഉള്ളത്. യു.എ.ഇ അടക്കം ഒൻപത് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം ഇറാൻ ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റുമായി സംസാരിക്കുകയും, അവരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഓസ്‌ട്രേലിയൻ പ്രതിരോധ സേനയെ (ADF) സജ്ജമാക്കി നിർത്തിയിട്ടുണ്ടെങ്കിലും, ഇത്രയധികം ആളുകളെ നാട്ടിലെത്തിക്കാൻ യാത്രാവിമാനങ്ങൾ സർവീസ് പുനരാരംഭിക്കുക മാത്രമാണ് പ്രായോഗികമായ വഴിയെന്ന് മന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി. ഇതിനായി വ്യോമപാതകൾ തുറന്നുകിട്ടേണ്ടതുണ്ട്. ഇറാന്റെ ആണവായുധ മോഹങ്ങൾ തടയുന്നതിനുള്ള നീക്കങ്ങളെ ഓസ്‌ട്രേലിയൻ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇതൊരു അവസാനമില്ലാത്ത യുദ്ധമായി മാറുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇന്ധനവിലയും നാണയപ്പെരുപ്പവും
യുദ്ധം നീളുന്നത് ഓസ്‌ട്രേലിയയിലെ ഇന്ധന വിതരണത്തെ ബാധിക്കുമെന്നും പെട്രോൾ വില ലിറ്ററിന് 3 ഡോളർ വരെ എത്തിയേക്കാമെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. ഇത് രാജ്യത്തെ നാണയപ്പെരുപ്പവും ജീവിതച്ചെലവും വീണ്ടും വർദ്ധിപ്പിക്കും.
സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സെനറ്റർ മാറ്റ് കാനവാൻ രംഗത്തെത്തി. രാജ്യത്ത് നിലവിൽ രണ്ട് ഇന്ധന റിഫൈനറികൾ മാത്രമാണുള്ളതെന്നും അവ രാജ്യത്തെ ആവശ്യത്തിന്റെ 20 ശതമാനം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റിഫൈനറികൾക്ക് മേൽ സർക്കാർ കാർബൺ ടാക്സ് ചുമത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. ‘നെറ്റ് സീറോ’ (Net Zero) നയങ്ങൾക്ക് പിന്നാലെ പോകാതെ, രാജ്യത്ത് പുതിയ എണ്ണ-വാതക നിക്ഷേപങ്ങൾ കണ്ടെത്തണമെന്നും, വിക്ടോറിയയിലുള്ള ഫ്രാക്കിംഗ് (fracking) നിരോധനം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങളെ ആശ്രയിക്കാതെ ഓസ്‌ട്രേലിയ ഊർജ്ജ കാര്യത്തിൽ സ്വയംപര്യാപ്തത നേടണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ, ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്ക മന്ത്രി ബട്ട്‌ലർ തള്ളി. വരുന്ന മെയ് മാസം വരെ ഉപയോഗിക്കാനുള്ള ഇന്ധനം നിലവിൽ രാജ്യത്തുണ്ടെന്നും, കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇന്ധനശേഖരമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.