ഓസ്‌ട്രേലിയയിലെ പ്രമുഖ ചൈൽഡ് കെയർ ശൃംഖലക്കെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്
ബ്രിസ്‌ബെയ്ൻ : ഓസ്‌ട്രേലിയയിലുടനീളം 250-ലധികം ചൈൽഡ് കെയർ സെന്ററുകൾ (Early childhood education and care) പ്രവർത്തിപ്പിക്കുന്ന ലാഭാധിഷ്ഠിത സ്ഥാപനമായ ‘അഫിനിറ്റി എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ’ (Affinity Education Group) പ്രവർത്തനങ്ങളിൽ ഗുരുതരമായ സുരക്ഷാ-ഗുണനിലവാര വീഴ്ചകളെന്ന് റിപ്പോർട്ട്. കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും സംബന്ധിച്ച് ബ്രിസ്‌ബെയ്നിൽ നടന്ന അന്വേഷണ കമ്മീഷൻ ഹിയറിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഗ്രീൻസ് പാർട്ടിയുടെ ഏർലി എഡ്യൂക്കേഷൻ വക്താവായ സെനറ്റർ സ്റ്റെഫ് ഹോഡ്‌ജിൻസ്-മേ (Steph Hodgins-May) നടത്തിയ ചോദ്യം ചെയ്യലിലാണ് അഫിനിറ്റി ഗ്രൂപ്പ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്. ജോഷ്വ ബ്രൗൺ എന്ന വ്യക്തി ഒന്നിലധികം അഫിനിറ്റി സെന്ററുകളിൽ ജോലി ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊപ്പമാണ് പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
30 ശതമാനം കൊഴിഞ്ഞുപോക്ക്: സ്ഥാപനത്തിലെ 30 ശതമാനം ജീവനക്കാരും (അതായത് മൂന്നിലൊരാൾ) ഓരോ വർഷവും ജോലി ഉപേക്ഷിച്ചു പോകുന്നുണ്ട്. ജോലിയിൽ തുടരുന്നതിനായി 30,000 ഡോളർ മാനേജ്‌മെന്റ് ബോണസ് വാഗ്ദാനം ചെയ്തിട്ടും ഈ ഉയർന്ന കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
യോഗ്യതയില്ലാത്ത ജീവനക്കാർ (Staffing Waivers): അഫിനിറ്റിയുടെ 17 ശതമാനം സെന്ററുകളും പ്രവർത്തിക്കുന്നത് ഇളവുകളോടെയാണ് (Staffing waivers). അതായത്, നിയമപ്രകാരം വേണ്ടതിലും യോഗ്യത കുറഞ്ഞ ജീവനക്കാരെയോ, എണ്ണം കുറഞ്ഞ ജീവനക്കാരെയോ ഉപയോഗിച്ചാണ് ഈ സെന്ററുകൾ പ്രവർത്തിക്കുന്നത്. ദേശീയ തലത്തിൽ ഇത്തരം ഇളവുകൾ എടുക്കുന്ന സെന്ററുകളുടെ ശരാശരി വെറും 5.8 ശതമാനം മാത്രമുള്ളപ്പോഴാണ് അഫിനിറ്റിയിൽ ഇത് മൂന്നിരട്ടിയായി വർദ്ധിച്ചിരിക്കുന്നത്.
സുരക്ഷാ ജീവനക്കാരുടെ കുറവ്: പുതിയ മാനേജ്മെന്റ് മാറ്റങ്ങൾ വരുമ്പോൾ കുട്ടികളുടെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരുടെ (Safeguarding staff) എണ്ണം കുറയുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അഫിനിറ്റിക്ക് കഴിഞ്ഞില്ല. ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പള വിവരങ്ങൾ നൽകാനും അവർ തയ്യാറായില്ല.
കുട്ടികളുടെ സുരക്ഷ അപകടത്തിൽ: സെനറ്റർ ഹോഡ്‌ജിൻസ്-മേ
ജീവനക്കാരെ നിലനിർത്തുക എന്നതാണ് കുട്ടികളുടെ സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും ഏറ്റവും പ്രധാന ഘടകമെന്ന് ഹിയറിംഗിൽ വിലയിരുത്തപ്പെട്ടു. അഫിനിറ്റിയുടെ നടപടികളിൽ സെനറ്റർ ഹോഡ്‌ജിൻസ്-മേ കടുത്ത ആശങ്ക രേഖപ്പെടുത്തി.
“മാതാപിതാക്കളിൽ നിന്ന് വലിയ തുക ഈടാക്കുമ്പോഴും യോഗ്യത കുറഞ്ഞ ജീവനക്കാരെ വെച്ച് സെന്ററുകൾ നടത്തുന്ന പ്രവണത അംഗീകരിക്കാനാവില്ല. എല്ലാ ദിവസവും കുട്ടികളെ കൊണ്ടുവിടുമ്പോൾ അവിടെ പുതിയ ആളുകളെ കാണുന്നത് ഒട്ടും സുരക്ഷിതമല്ല. കുടുംബങ്ങൾക്ക് സ്ഥിരത ആവശ്യമാണ്,” അവർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആരംഭിച്ച മിക്ക ഏർലി ലേണിംഗ് സെന്ററുകളും ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി. “സർക്കാർ ഫണ്ടുകൾ ഷെയർഹോൾഡർമാർക്കും എക്സിക്യൂട്ടീവ് ബോണസുകൾക്കും വേണ്ടി വകമാറ്റുന്നതിന് പകരം, ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ഉപയോഗിക്കണം. ഇതിനായി താൽക്കാലിക പരിഹാരങ്ങൾക്ക് പകരം കൃത്യമായ നിയമപരിഷ്കാരങ്ങൾ തന്നെ അനിവാര്യമാണ്,” സെനറ്റർ വ്യക്തമാക്കി.