Adelaide, Australia       മലയാളം

സിഡ്‌നിയിൽ വൻ പ്രതിഷേധം, സംഘർഷം; 9 പേർക്കെതിരെ കുറ്റം ചുമത്തി, വിമർശനവും 

admin February 10, 2026
സിഡ്‌നിയിൽ വൻ പ്രതിഷേധം, സംഘർഷം; 9 പേർക്കെതിരെ കുറ്റം ചുമത്തി, വിമർശനവും 

സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനെതിരെ സിഡ്‌നി നഗരമധ്യത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് കര്ശന നിയമനടപടികളുമായി ന്യൂ സൗത്ത് വെയിൽസ് പോലീസ്. തിങ്കളാഴ്ച വൈകുന്നേരം സിഡ്നി ടൗൺ ഹാളിന് സമീപം നടന്ന പാലസ്തീൻ അനുകൂല റാലിയാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേർക്കെതിരെ പോലീസ് കുറ്റം ചുമത്തി.

സംഭവം ഇങ്ങനെ: ഐസക് ഹെർസോഗിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ടൗൺ ഹാൾ പരിസരത്ത് തടിച്ചുകൂടിയത്. സമാധാനപരമായി തുടങ്ങിയ യോഗം, പ്രസംഗങ്ങൾക്ക് ശേഷം ജോർജ് സ്ട്രീറ്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷഭരിതമായത്. മുൻകൂട്ടി പ്രഖ്യാപിച്ച പൊതുസമ്മേളന നിയന്ത്രണ ഉത്തരവ് (PARD) നിലനിൽക്കുന്നതിനാൽ പോലീസ് മാർച്ച് തടഞ്ഞു.

വിലക്ക് ലംഘിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് പെപ്പർ സ്‌പ്രേ പ്രയോഗിച്ചു. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പെപ്പർ സ്‌പ്രേ ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി പേർക്ക് അടിയന്തര ചികിത്സ നൽകേണ്ടി വന്നു. അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

അറസ്റ്റും നിയമനടപടികളും: സംഭവസ്ഥലത്ത് നിന്ന് 27 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഒമ്പത് പേർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഭൂരിഭാഗം പേർക്കും എതിരെ പൊതുസ്ഥലത്ത് അക്രമം നടത്തുക, പോലീസിനെ ആക്രമിക്കുക, കൃത്യനിർവഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസിലെ പ്രധാന പ്രതിയായ 28-കാരന് ജാമ്യം നിഷേധിച്ചു. പോലീസിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പോലീസിനെ രണ്ടുതവണ ആക്രമിച്ച 19-കാരന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് 67 വയസ്സുകാരനെതിരെയും, കൈയേറ്റം നടത്തിയതിന് 31-കാരിക്കെതിരെയും കേസെടുത്തു. ആറ് പേർക്ക് കൂടി കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

തുടരുന്ന വിവാദം: പോലീസ് നടപടിക്കെതിരെ പ്രതിഷേധക്കാർക്കിടയിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ നിന്നും ശക്തമായ വിമർശനം ഉയരുന്നുണ്ട്. തെരുവിൽ നിസ്കരിക്കുകയായിരുന്നവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. പോലീസ് അമിതമായി ബലപ്രയോഗം നടത്തിയെന്നാണ് ഇവരുടെ ആരോപണം.

എന്നാൽ, പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് നടപടിക്ക് കാരണമെന്നാണ് പോലീസ് ഭാഷ്യം. ഉദ്യോഗസ്ഥർക്ക് നേരെ മിസൈൽ മാതൃകയിലുള്ള വസ്തുക്കൾ എറിഞ്ഞെന്നും നിർദ്ദേശങ്ങൾ തുടർച്ചയായി അവഗണിച്ചെന്നും പോലീസ് ആരോപിക്കുന്നു.

അന്വേഷണം ഊർജിതം: സംഭവത്തിൽ പങ്കളികളായ കൂടുതൽ പേരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ, പോലീസ് ബോഡി വോൺ ക്യാമറകൾ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ എന്നിവ പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

 

admin
RELATED POST
0 COMMENTS

Leave a comment

Your email address will not be published. Required fields are marked *

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW