അഡ്‌ലെയ്ഡിൽ കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 16-കാരൻ അറസ്റ്റിൽ

News Desk ഫെബ്രുവരി 4, 2026
അഡ്‌ലെയ്ഡിൽ കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 16-കാരൻ അറസ്റ്റിൽ

അഡ്‌ലെയ്‌ഡ്: ഫ്ലാഗ്സ്റ്റാഫ് ഹില്ലിലെ (Flagstaff Hill) പാർക്കിൽ വെച്ച് കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ 16-കാരൻ അറസ്റ്റിൽ. സ്റ്റർട്ട് (Sturt) സ്വദേശിയായ 16-കാരനെയാണ് പോലീസ് പിടികൂടിയത്. കേസിൽ ഇയാളെ ഇന്ന് അഡ്‌ലെയ്‌ഡ് യൂത്ത് കോർട്ടിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിയോടെ റെഗാനോ റോഡിലെ (Regano Rd) പാർക്കിലായിരുന്നു സംഭവം. പാർക്കിലുണ്ടായിരുന്ന കുട്ടിയെ, തൻ്റെ നഷ്ടപ്പെട്ട ഫോൺ കണ്ടുപിടിക്കാൻ സഹായിക്കണമെന്ന വ്യാജേന പ്രതി സമീപിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള പബ്ലിക് ടോയ്‌ലറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്.

മൂന്ന് തവണ ബലാത്സംഗം ചെയ്തു, തട്ടിക്കൊണ്ടുപോകൽ (Abduction), ആയുധം ഉപയോഗിച്ചുള്ള ആക്രമണം, മുൻപ് ലഭിച്ച ബോണ്ട് വ്യവസ്ഥകളുടെ ലംഘനം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തിന് ശേഷം ഇരയായ കുട്ടി അതീവ അവശനായി പോലീസിനൊപ്പം നിൽക്കുന്നത് കണ്ടുവെന്ന് സമീപവാസികൾ പറഞ്ഞു. അതീവ ഗൗരവകരമായ ഈ സംഭവത്തിന് ശേഷം തങ്ങളുടെ കുട്ടികളെ പാർക്കിലേക്ക് ഒറ്റയ്ക്ക് വിടാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. കുറ്റകൃത്യം നടന്ന ടോയ്‌ലറ്റ് ബ്ലോക്ക് പൊളിച്ചുനീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

കോടതി റിമാൻഡ് ചെയ്ത പ്രതിയെ വരും ദിവസങ്ങളിൽ വീണ്ടും കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW