അഡലെയ്ഡ് യൂണിവേഴ്സിറ്റി മഗിൽ ക്യാമ്പസ് ഭൂമി വിഭജിക്കുന്നു
അഡലൈഡ്: അഡലൈഡ് യൂണിവേഴ്സിറ്റിയുടെ മഗിൽ ക്യാമ്പസിന്റെ പകുതിയോളം ഭാഗം വീടുകൾക്കും വയോജന സംരക്ഷണ കേന്ദ്രങ്ങൾക്കുമായി വിൽക്കാൻ സൗത്ത് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ബാക്കി സ്ഥലം കമ്മ്യൂണിറ്റി ആവശ്യങ്ങൾക്കും ഓപ്പൺ സ്പേസിനുമായി നിലനിർത്തുമെന്ന് പ്രീമിയർ പീറ്റർ മലിനൗസ്കാസ് അറിയിച്ചു.
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയും (UniSA) അഡലൈഡ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ലയനത്തിന്റെ ഭാഗമായാണ് സർക്കാർ ഈ 15 ഹെക്ടർ സ്ഥലം 2023-ൽ ഏറ്റെടുത്തത്. പുതിയ പദ്ധതിയുടെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
ഭവനനിർമ്മാണം: സെന്റ് ബെർണാർഡ്സ് റോഡിന് കിഴക്കുള്ള മൂന്ന് ഹെക്ടർ സ്ഥലം അടുത്ത വർഷം മുതൽ വിൽപ്പനയ്‌ക്കിടും. ഏകദേശം 100 പ്ലോട്ടുകളാണ് ഇവിടെ വിൽക്കുക. ഇതിൽ 20 എണ്ണമെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലുള്ള വീടുകൾക്കായി നീക്കിവെക്കും. കൂടാതെ, അഞ്ച് നിലകൾ വരെയുള്ള റിട്ടയർമെന്റ് യൂണിറ്റുകളും വയോജന സംരക്ഷണ കേന്ദ്രങ്ങളും ഇവിടെ നിർമ്മിക്കാൻ പദ്ധതിയുണ്ട്.
പൊതു ഇടങ്ങൾ: ചരിത്രപ്രാധാന്യമുള്ള മുറെ ഹൗസ്, തേർഡ് ക്രീക്ക് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ കമ്മ്യൂണിറ്റി ആവശ്യങ്ങൾക്കുള്ള തുറസായ സ്ഥലങ്ങളായി തന്നെ നിലനിർത്തും. ക്യാമ്പസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടങ്ങൾ 2033-34 വരെ സർവകലാശാലയുടെ പാട്ടത്തിൽ തുടരും.
വിമർശനവും മറുപടിയും: മാർച്ചിൽ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിലിലായിരിക്കും ഇതു സംബന്ധിച്ച പൊതുജനാഭിപ്രായം തേടുക. എന്നാൽ വോട്ടെടുപ്പിന് ശേഷം മാത്രം ജനങ്ങളുടെ അഭിപ്രായം തേടാനുള്ള നീക്കത്തെ ലിബറൽ പാർട്ടി വിമർശിച്ചു. അതേസമയം, ഭവന പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് പ്രീമിയർ വ്യക്തമാക്കി. അതെസമയം, വികസനവും പ്രകൃതി സംരക്ഷണവും സന്തുലിതമാക്കിക്കൊണ്ടുള്ള ഈ തീരുമാനത്തെ പ്രാദേശിക കൂട്ടായ്മയായ ‘മഗിൽ മാറ്റേഴ്സ്’ (Magill Matters) സ്വാഗതം ചെയ്തിടുണ്ട്.