അമേരിക്കൻ ഭക്ഷണരീതി പൊളിച്ചെഴുതി കെന്നഡി; സീഡ് ഓയിലുകൾക്ക് പകരം ഇനി വെണ്ണയും നെയ്യും?
വാഷിംഗ്ടൺ: ആരോഗ്യലോകത്ത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘സീഡ് ഓയിൽ’ ചർച്ചകൾക്ക് പുതിയ മാനം നൽകിക്കൊണ്ട് അമേരിക്കയുടെ പുതിയ ഭക്ഷണ മാർഗ്ഗരേഖ (Dietary Guidelines 2025-2030) പുറത്തിറങ്ങി. ജനുവരി 7-ന് യുഎസ് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ആണ് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
പതിറ്റാണ്ടുകളായി പിന്തുടരുന്ന “സാച്ചുറേറ്റഡ് ഫാറ്റുകൾ (പൂരിത കൊഴുപ്പ്) കുറയ്ക്കുക” എന്ന നയം തിരുത്തിക്കൊണ്ട്, “യഥാർത്ഥ ഭക്ഷണം” (Real Food) കഴിക്കാനാണ് പുതിയ നിർദ്ദേശം. പ്രോട്ടീനും, കൊഴുപ്പ് നീക്കാത്ത പാൽ ഉൽപ്പന്നങ്ങളും (Full-fat dairy) ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ഗൈഡ്ലൈൻ നിർദ്ദേശിക്കുന്നു.
വിവാദങ്ങളും യാഥാർത്ഥ്യവും: ‘ഹേറ്റ്ഫുൾ എയ്റ്റ്’ (Hateful Eight) എന്നറിയപ്പെടുന്ന കനോല, സൺഫ്ലവർ, സോയാബീൻ തുടങ്ങിയ 8 എണ്ണകൾ ശരീരത്തിന് വിഷമാണെന്ന് ഓൺലൈനിൽ വലിയ പ്രചരണമുണ്ട്. ഇവയിലെ ഒമേഗ-6 ഫാറ്റി ആസിഡുകൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുമെന്നാണ് ആരോപണം. എന്നാൽ, ഈ വാദത്തിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ഡോ. എമ്മ ബെക്കറ്റ് ഉൾപ്പെടെയുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒമേഗ-6 ശരീരത്തിന് അവശ്യമായ ഒന്നാണെന്നും, ഹൃദ്രോഗസാധ്യത കൂട്ടുമെന്നതിന് തെളിവില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
സീഡ് ഓയിലുകളേക്കാൾ ഉപരി, അവ അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളാണ് (Processed Foods) പൊണ്ണത്തടിക്കും രോഗങ്ങൾക്കും കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.