വിക്ടോറിയയിൽ കാർ രജിസ്ട്രേഷനിൽ ഇളവ്; ട്രംപിനെ വിമർശിച്ച് പ്രീമിയർ
മെൽബൺ: വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും ഇന്ധനവിലയ്ക്കും ഇടയിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ സുപ്രധാന പ്രഖ്യാപനവുമായി ഓസ്ട്രേലിയയിലെ വിക്ടോറിയൻ സർക്കാർ. സംസ്ഥാനത്തെ കാർ രജിസ്ട്രേഷൻ ഫീസിൽ (റീഗോ – Rego) 20 ശതമാനം ഒറ്റത്തവണ ഇളവ് നൽകുമെന്ന് പ്രീമിയർ ജസിന്റ അലൻ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായത് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ യുദ്ധമാണെന്ന് പ്രീമിയർ കുറ്റപ്പെടുത്തി.
സാമ്പത്തിക സമ്മർദ്ദത്തിന് കാരണം ‘ട്രംപിന്റെ യുദ്ധം’ മിഡിൽ ഈസ്റ്റിലെ, പ്രത്യേകിച്ച് ഇറാനിലെ സംഘർഷങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ജസിന്റ അലൻ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള എണ്ണവിലയിൽ വലിയ വർധനവുണ്ടാക്കി. ഇത് സംസ്ഥാനത്തെ സാധാരണ കുടുംബങ്ങളുടെ ദൈനംദിന ജീവിതച്ചെലവ് ഗണ്യമായി വർധിപ്പിച്ചു. “ഡൊണാൾഡ് ട്രംപിന്റെ യുദ്ധം ഇപ്പോഴും സാധാരണ കുടുംബങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ഒരു സർക്കാരിന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്. അതിനാലാണ് രജിസ്ട്രേഷൻ ഫീസിൽ 20 ശതമാനം ഇളവ് നൽകാൻ ഞങ്ങൾ തീരുമാനിച്ചത്,” പ്രീമിയർ വ്യക്തമാക്കി.
ഇളവുകൾ ഇങ്ങനെ: ജൂൺ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പ്രഖ്യാപനത്തിലൂടെ ഒരു വാഹനത്തിന് 186 ഡോളർ വരെയും, രണ്ട് വാഹനങ്ങളുള്ള കുടുംബങ്ങൾക്ക് 372 ഡോളർ വരെയും ലാഭിക്കാൻ സാധിക്കും. അടുത്തിടെ വിക്ടോറിയയിൽ പൊതുഗതാഗതം താത്കാലികമായി സൗജന്യമാക്കിയതിന് പിന്നാലെയാണ് ജനങ്ങൾക്ക് ആശ്വാസമേകുന്ന പുതിയ സാമ്പത്തിക ഇളവും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമെന്ന് വിമർശനം അതെസമയം, വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സർക്കാരിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണ് പുതിയ പ്രഖ്യാപനമെന്ന് വിമർശകർ ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന കടബാധ്യതയും പ്രാദേശിക നയങ്ങളുടെ പരാജയവുമാണ് ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് യഥാർത്ഥ കാരണമെന്നും, മറിച്ച് ആഗോള സംഘർഷങ്ങളല്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ജനങ്ങൾക്ക് അടിയന്തരമായി നൽകാൻ കഴിയുന്ന ഏറ്റവും മികച്ച പിന്തുണയാണിതെന്നാണ് സർക്കാരിന്റെ വിശദീകരണം.
News by
Sajin Thiruvallam
News Editor

News Editor