ഓസ്ട്രേലിയയിൽ വ്യത്യസ്ത കാലാവസ്ഥ: കൊടുങ്കാറ്റും മഴയും, കടുത്ത ചൂടും കാട്ടുതീ ഭീഷണിയും
ഓസ്ട്രേലിയയുടെ ഇരു തീരങ്ങളിലും വാരാന്ത്യത്തിൽ വ്യത്യസ്തമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കിഴക്കൻ തീരങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെങ്കിൽ, പടിഞ്ഞാറൻ തീരത്ത് കടുത്ത ചൂടും കാട്ടുതീ ഭീഷണിയുമാണ് നിലനിൽക്കുന്നത്.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ടാസ്മാനിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയും, ആലിപ്പഴ വർഷവും, ശക്തമായ കാറ്റും വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BoM) മുന്നറിയിപ്പ് നൽകി. ന്യൂ സൗത്ത് വെയിൽസിലെ ഉൾനാടൻ പ്രദേശങ്ങളിൽ 100 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്ന് മെറ്റീരിയോളജിസ്റ്റ് ഡീൻ നാരമോർ വ്യക്തമാക്കി. സിഡ്നി, കാൻബെറ എന്നിവിടങ്ങളിലും ഉച്ചകഴിഞ്ഞ് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

അതെസമയം, പടിഞ്ഞാറൻ ഓസ്ട്രേലിയയിലും പെർത്തിലും കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. വാരാന്ത്യത്തിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ പെർത്ത് ഉൾപ്പെടെയുള്ള പലയിടങ്ങളിലും ‘ടോട്ടൽ ഫയർ ബാൻ’ (Total Fire Ban) ഏർപ്പെടുത്തിയിട്ടുണ്ട്.
ടാസ്മാനിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കിഴക്കൻ മേഖലയിൽ പടരുന്ന കാട്ടുതീ അണയ്ക്കാൻ ഈ മഴ മതിയാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.