‘സപ്പോർട്ട് അറ്റ് ഹോം’ പദ്ധതിയിൽ ഒക്ടോബർ 1 മുതൽ സുപ്രധാന മാറ്റങ്ങൾ

News Desk ഒക്ടോബർ 1, 2026
‘സപ്പോർട്ട് അറ്റ് ഹോം’ പദ്ധതിയിൽ  ഒക്ടോബർ 1 മുതൽ  സുപ്രധാന മാറ്റങ്ങൾ

വാർദ്ധക്യകാലത്ത് സ്വന്തം വീടുകളിൽ കഴിയാൻ ആഗ്രഹിക്കുന്ന ഓസ്ട്രേലിയയിലെ ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർക്ക് സാമ്പത്തികമായി വലിയൊരു ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീടുകളിലെ പരിചരണത്തിനായി വൻതുക സ്വന്തം പോക്കറ്റിൽ നിന്നും ചിലവാക്കേണ്ടി വന്നിരുന്ന ഒരു പ്രധാന സേവനത്തിന്റെ സാമ്പത്തിക ഭാരം ഇനിമുതൽ ഒഴിവാവുകയാണ്. എന്നാൽ ഈ പുതിയ നിയമം എല്ലാ സേവനങ്ങൾക്കും ബാധകമാണോ? മുമ്പ് അടച്ച തുക തിരികെ ലഭിക്കുമോ? 

Click here to listen to this news…

ഒക്ടോബർ 1 മുതൽ മാറിയത് എന്ത്?

ഓസ്ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നതനുസരിച്ച് ഒക്ടോബർ 1, 2026 മുതൽ സപ്പോർട്ട് അറ്റ് ഹോം (Support at Home) പദ്ധതിക്ക് കീഴിലുള്ള വ്യക്തിഗത പരിചരണത്തിന് (Personal care) പങ്കാളിത്ത ഫീസ് നൽകേണ്ടതില്ല. മുമ്പ് ‘ഇൻഡിപെൻഡൻസ്’ കാറ്റഗറിയിലായിരുന്ന ഈ സേവനം, ഒക്ടോബർ 1 മുതൽ ‘ക്ലിനിക്കൽ സപ്പോർട്ട്’ (Clinical Supports) വിഭാഗത്തിലേക്ക് മാറ്റി. ഇതോടെയാണ് ഇതിന്റെ പൂർണ്ണ ചെലവ് സർക്കാർ വഹിക്കാൻ തീരുമാനിച്ചത്.

അതായത്, ഒരു വ്യക്തിയുടെ സപ്പോർട്ട് പ്ലാനിൽ പേഴ്സണൽ കെയർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനായി ഇനി ഒരു തുകയും അധികമായി നൽകേണ്ടതില്ല. എന്നാൽ ഇതിനായി ആ വ്യക്തിയുടെ സപ്പോർട്ട് അറ്റ് ഹോം ഫണ്ടിൽ ആവശ്യത്തിന് തുക ലഭ്യമായിരിക്കണം എന്ന് മാത്രം.

ആർക്കൊക്കെയാണ് ഇതിന്റെ പ്രയോജനം ലഭിക്കുക?

ഏകദേശം 400,000 മുതിർന്ന ഓസ്ട്രേലിയക്കാർക്ക് ഈ മാറ്റം പൂർണ്ണമായും ഗുണം ചെയ്യുമെന്നും ഇതിനായി 1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നുമാണ് ഏജ്ഡ് കെയർ വകുപ്പ് മന്ത്രി സാം റേ (Sam Rae) പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ ജൂൺ 30 വരെയുള്ള ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 390,000 ആളുകൾക്കാണ് ഈ സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്.

My Aged Care പട്ടിക പ്രകാരം ഇനി പറയുന്ന സേവനങ്ങൾക്കാണ് ഈ സാമ്പത്തിക ഇളവ് ലഭിക്കുക:

കുളിപ്പിക്കുന്നതിനും വസ്ത്രം ധരിപ്പിക്കുന്നതിനുമുള്ള സഹായം.

ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കൽ.

ശുചിത്വവും (Hygiene), കോണ്ടിനെൻസ് സപ്പോർട്ടും.

മരുന്നുകൾ കഴിക്കാൻ സഹായിക്കൽ (Assistance with self-administration of medication).

ഈ മാറ്റങ്ങൾക്കായി പുതിയൊരു അസസ്മെന്റിന്റെ ആവശ്യമില്ല. നിലവിൽ ഈ സേവനങ്ങൾ ലഭിക്കുന്നവർക്ക് അത് തടസ്സമില്ലാതെ തുടരാവുന്നതാണ്.

മുൻപ് അടച്ച തുക തിരികെ ലഭിക്കുമോ? മറ്റ് സേവനങ്ങൾ സൗജന്യമാണോ?

പുതിയ നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നുവെങ്കിലും, അതിന് മുമ്പ് നൽകിയ സേവനങ്ങൾക്ക് റീഫണ്ട് ലഭിക്കില്ല. ഒക്ടോബർ 1-ന് മുമ്പ് നൽകിയ സേവനങ്ങളുടെ ബിൽ ഈ തീയതിക്ക് ശേഷം ക്ലെയിം ചെയ്താലും അതിന് പഴയത് പോലെ തന്നെ പങ്കാളിത്ത ഫീസ് ഈടാക്കുന്നതായിരിക്കും.

കൂടാതെ, വീട് വൃത്തിയാക്കൽ (Cleaning), ഭക്ഷണം തയ്യാറാക്കൽ (Meals), ഗാർഡനിങ്, ഷോപ്പിംഗ്, യാത്രാസൗകര്യങ്ങൾ (Transport) തുടങ്ങിയ ദൈനംദിന കാര്യങ്ങൾക്കുള്ള സേവനങ്ങൾക്കൊന്നും ഈ സൗജന്യ ആനുകൂല്യം ബാധകമല്ല. അവയ്ക്ക് പഴയത് പോലെ തന്നെ കോൺട്രിബ്യൂഷൻ അടക്കേണ്ടതുണ്ട്.

നിങ്ങളുടെ പ്രതികരണം: നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ ‘Support at Home’ സേവനങ്ങൾ ഉപയോഗിക്കുന്നവരാണോ? സർക്കാരിന്റെ ഈ പുതിയ മാറ്റം അവർക്ക് സാമ്പത്തികമായി എത്രത്തോളം സഹായകമാകുമെന്ന് കമന്റ് ചെയ്യുക.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW