കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ചരിത്രപരമായ തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
സിഡ്‌നി: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ചരിത്രപരമായ തീരുമാനമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് . നോവ സിഡ്‌നി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, സൈബർ ബുള്ളിയിംഗ്, ഓൺലൈൻ ഗ്രൂമിംഗ് തുടങ്ങിയ ഭീഷണികളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. “ഇതൊരു വലിയ ചുവടുവെപ്പാണ്. ഇത് കുട്ടികളുടെ ജീവൻ രക്ഷിക്കുകയും വരും തലമുറകളുടെ ജീവിതം മികച്ചതാക്കുകയും ചെയ്യും,” പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ ഈ നീക്കത്തെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, ടിക് ടോക്, സ്‌നാപ്ചാറ്റ്, എക്സ് (X), യൂട്യൂബ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കാണ് ഈ നിയന്ത്രണം ബാധകമാകുക. കുട്ടികളെ വീണ്ടും കളിക്കളങ്ങളിലേക്കും, നേരിട്ടുള്ള സൗഹൃദങ്ങളിലേക്കും തിരികെ കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
