മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം: ‘മെൽബൺ മീറ്റ്സ് മോദി’ രജിസ്ട്രേഷൻ അവസാനിച്ചു; ഒരുക്കങ്ങൾ സജീവം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിനായി (Modi Visit Australia 2026) ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസി ഇന്ത്യക്കാർ. ജൂലൈയിൽ മെൽബണിൽ വെച്ച് നടക്കുന്ന വമ്പൻ കമ്മ്യൂണിറ്റി പരിപാടിയായ ‘മെൽബൺ മീറ്റ്സ് മോദിയുടെ’ (Melbourne Meets Modi) ഔദ്യോഗിക രജിസ്ട്രേഷൻ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. സിഡ്നിയിൽ നിന്നും മെൽബണിലേക്ക് പ്രവാസികൾക്കായി പ്രത്യേക വിമാനം ഒരുക്കാനുള്ള ശ്രമങ്ങളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന പ്രധാനമന്ത്രിയുടെ ചരിത്ര സന്ദർശനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാം.
മെൽബൺ മീറ്റ്സ് മോദി: രജിസ്ട്രേഷൻ പൂർത്തിയായി
ജൂലൈയിൽ നടക്കുന്ന കമ്മ്യൂണിറ്റി റിസപ്ഷനായ ‘മെൽബൺ മീറ്റ്സ് മോദി’യുടെ ഔദ്യോഗിക രജിസ്ട്രേഷൻ ജൂൺ 15 അർദ്ധരാത്രിയോടെ അവസാനിച്ചു. സംഘാടകരായ @MelbMeetsModi തങ്ങളുടെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടിക്കറ്റിംഗ്, സുരക്ഷാ വിവരങ്ങൾ എന്നിവ വരും ദിവസങ്ങളിൽ അറിയിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 26,000-ത്തിനും 31,000-ത്തിനും ഇടയിൽ ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇതിനകം താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വേദിയാകാൻ മാർവൽ സ്റ്റേഡിയം; ജൂലൈയിൽ സന്ദർശനം
മെൽബൺ ഡോക്ക്ലാൻഡ്സിലുള്ള മാർവൽ സ്റ്റേഡിയമാണ് (Marvel Stadium) ഈ വമ്പൻ പരിപാടിയുടെ പ്രധാന വേദിയായി പരിഗണിക്കുന്നത്. ജൂലൈ 9 വ്യാഴാഴ്ച വൈകുന്നേരമായിരിക്കും ഈ പരിപാടി നടക്കുകയെന്നാണ് സൂചന. ജൂലൈ മാസത്തിൽ ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിലായി പ്രധാനമന്ത്രി പര്യടനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂലൈ 9, 10 തീയതികളിലായിരിക്കും അദ്ദേഹം ഓസ്ട്രേലിയയിലെത്തുക. സിഡ്നിയിൽ വെച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസുമായി ഔദ്യോഗിക കൂടിക്കാഴ്ചയും അദ്ദേഹം നടത്തും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ഓസ്ട്രേലിയൻ സന്ദർശനമാണിത് (നേരത്തെ 2014, 2023 വർഷങ്ങളിൽ സന്ദർശിച്ചിരുന്നു).
സിഡ്നിയിൽ നിന്നും ‘മോദി എക്സ്പ്രസ്സ് ഫ്ലൈറ്റ്’
മെൽബണിലെ പരിപാടിയിൽ പങ്കെടുക്കാൻ സിഡ്നിയിൽ നിന്നുള്ള പ്രവാസികൾക്കായി ‘മോദി എക്സ്പ്രസ്സ് ഫ്ലൈറ്റ്’ (Modi Express Flight) ഒരുക്കാനുള്ള തയ്യാറെടുപ്പുകളും ഇപ്പോൾ നടക്കുന്നുണ്ട്. ഇതിനായുള്ള എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) ഗൂഗിൾ ഫോം വഴി സ്വീകരിക്കുന്നുണ്ട്. എയർലൈൻ, ടിക്കറ്റ് നിരക്ക്, സമയം തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഫോം പൂരിപ്പിക്കുന്നത് വഴി ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കില്ലെന്നും, ആളുകളുടെ പ്രതികരണവും ലഭ്യതയും അനുസരിച്ചായിരിക്കും വിമാനം ചാർട്ടർ ചെയ്യുകയെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ-ഇന്ത്യൻ സർക്കാരുകളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News by
Sajin Thiruvallam
News Editor

News Editor