ഓസ്ട്രേലിയയിൽ ഡിഫ്തീരിയ പടരുന്നു: അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ
ഓസ്ട്രേലിയയിൽ സമീപകാലത്തെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര ഇടപെടലുമായി ആൽബനീസീ സർക്കാർ. രാജ്യത്തുടനീളം രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ 7.2 മില്യൺ ഡോളറിന്റെ അടിയന്തര സഹായ പാക്കേജ് ആരോഗ്യ മന്ത്രി മാർക്ക് ബട്ലർ പ്രഖ്യാപിച്ചു. വാക്സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കാനും, അവശ്യ മരുന്നുകൾ അതിവേഗം ലഭ്യമാക്കാനുമാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. നോർത്തേൺ ടെറിട്ടറിയിലാണ് രോഗം ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ രോഗവ്യാപനം
നാഷണൽ ഡിസീസ് സർവൈലൻസ് സിസ്റ്റത്തിന്റെ പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ 230 ഡിഫ്തീരിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1991-ൽ ദേശീയ തലത്തിൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിത്. നോർത്തേൺ ടെറിട്ടറിയിലാണ് (NT) ഇതിൽ 60 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനുപുറമെ വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, ക്വീൻസ്‌ലാൻഡ് എന്നീ സംസ്ഥാനങ്ങളിലേക്കും രോഗം പടർന്നിട്ടുണ്ട്.
നോർത്തേൺ ടെറിട്ടറിയിൽ ഡിഫ്തീരിയ ബാധിച്ചുള്ള ഒരു മരണം സംഭവിച്ചതായി സംശയിക്കുന്നതായും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018-ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ഡിഫ്തീരിയ മരണമായിരിക്കാം ഇതെന്നാണ് ആരോഗ്യവിദഗ്ദ്ധർ വിലയിരുത്തുന്നത്.
7.2 മില്യൺ ഡോളറിന്റെ അടിയന്തര പാക്കേജ്
രോഗപ്രതിരോധം ലക്ഷ്യമാക്കി സർക്കാർ പ്രഖ്യാപിച്ച 7.2 മില്യൺ ഡോളറിന്റെ പാക്കേജിൽ 5.2 മില്യൺ ഡോളർ നാഷണൽ ക്രിട്ടിക്കൽ കെയർ ആൻഡ് ട്രോമ റെസ്പോൺസ് സെന്ററിനാണ് നൽകുക. കൂടുതൽ ബൂസ്റ്റർ വാക്സിനുകളും ആന്റിബയോട്ടിക്കുകളും അടിയന്തരമായി വാങ്ങുന്നതിനും, ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും.
വാക്സിനേഷൻ മാത്രമാണ് പോംവഴി
ഡിഫ്തീരിയയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാർഗം വാക്സിനേഷനാണെന്ന് മന്ത്രി മാർക്ക് ബട്ലർ വ്യക്തമാക്കി. രാജ്യത്ത് ആവശ്യത്തിന് വാക്സിനുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് 2, 4, 6, 18 മാസങ്ങളിലും, പിന്നീട് 4 വയസ്സിലും വാക്സിൻ നൽകണം. 11-13 പ്രായത്തിലുള്ള കുട്ടികൾക്കും, 50 വയസ്സ് കഴിഞ്ഞ മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ കർശനമായി ശുപാർശ ചെയ്യുന്നുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ എല്ലാ 5 വർഷത്തിലും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുണ്ട്.
“ഓസ്ട്രേലിയയിൽ ഉപയോഗിക്കുന്ന ഡിഫ്തീരിയ വാക്സിനുകൾ പൂർണ്ണമായും സുരക്ഷിതവും ഫലപ്രദവുമാണ്. രക്ഷിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ല,” അസിസ്റ്റന്റ് ആരോഗ്യ മന്ത്രി റെബേക്ക വൈറ്റ് വ്യക്തമാക്കി. വാക്സിനേഷൻ വിവരങ്ങൾ കൃത്യമായി അറിയാത്തവർ ഉടൻ തന്നെ അടുത്തുള്ള ജിപിയെയോ (GP) ഹെൽത്ത് ക്ലിനിക്കിനെയോ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്.
News by
Sajin Thiruvallam
News Editor

News Editor