മെൽബണിൽ വീണ്ടും തീവെപ്പും വെടിവെപ്പും
മെൽബൺ: നഗരത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് മെൽബണിൽ വീണ്ടും അക്രമപരമ്പരകൾ. പോർട്ട് മെൽബണിൽ പുതുതായി ആരംഭിച്ച ‘ചെറി’ (Chery) കാർ ഡീലർഷിപ്പിൽ പുലർച്ചെ വൻ അഗ്നിബാധയുണ്ടായി. ഷോറൂം തുറന്ന് വെറും ആറ് ദിവസം പിന്നിടുമ്പോഴാണ് ഈ ആക്രമണം. അതിക്രമിച്ചുകയറിയ രണ്ടുപേർ ഗ്ലാസുകൾ തകർത്ത് വാഹനങ്ങൾക്ക് തീയിടുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. കുറച്ചുനാൾ മുൻപും ഇവിടെ സമാനമായ ആക്രമണശ്രമം നടന്നിരുന്നു.
കിങ് സ്ട്രീറ്റിലെ പ്രശസ്തമായ ‘ലാഡി ഡാ’ (La Di Da) നൈറ്റ്ക്ലബ്ബിൽ തീവെപ്പുണ്ടായതിന് തൊട്ടുപിന്നാലെയാണ് കാർ ഷോറൂമിലും ആക്രമണം നടന്നത്. ഈ വർഷം മെൽബണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന 34-ാമത്തെ അഗ്നിബാധയാണിത്. നൈറ്റ് ക്ലബ് ഉടമകൾക്ക് നേരത്തെ തന്നെ വധഭീഷണി ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ, കഴിഞ്ഞ ദിവസം വടക്കൻ മെൽബണിൽ നടന്ന ഡ്രൈവ്-ബൈ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തു.
തുടർച്ചയായ ഈ അക്രമസംഭവങ്ങൾക്ക് പിന്നിൽ വൻകിട ഓർഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റുകളാണെന്നാണ് പൊലീസിന്റെ നിഗമനം. അനധികൃത മദ്യവ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിക്ടോറിയ പൊലീസ് അടുത്തിടെ രൂപീകരിച്ച ‘ഓപ്പറേഷൻ എക്ലിപ്സ്’ (Operation Eclipse) ടാസ്ക് ഫോഴ്സാണ് കേസുകൾ അന്വേഷിക്കുന്നത്.
പണം വാഗ്ദാനം ചെയ്ത് യുവാക്കളെ ഉപയോഗിച്ചാണ് ഗുണ്ടാസംഘങ്ങൾ ഇത്തരം ആക്രമണങ്ങൾ നടപ്പിലാക്കുന്നത്. തുടർക്കഥയാകുന്ന അക്രമങ്ങൾ നഗരത്തിലെ വ്യവസായികളെയും സാധാരണക്കാരെയും ഒരുപോലെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.
News by
Sajin Thiruvallam
News Editor

News Editor