EV Tax Rules Australia: ഇലക്ട്രിക് കാറുകൾക്ക് പുതിയ നിയമം
കാൻബെറ: ഓസ്ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) നിലവിൽ നൽകിവരുന്ന ഫ്രിഞ്ച് ബെനഫിറ്റ്സ് ടാക്സ് (FBT) ഇളവുകളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് അൽബനീസീ സർക്കാർ. കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പിന്തുണ തുടരുന്നതിനൊപ്പമാണ് നികുതി സമ്പ്രദായം കൂടുതൽ സുതാര്യവും സാമ്പത്തികമായി സുസ്ഥിരവുമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പ്രഖ്യാപനം. ട്രഷറർ ജിം ചാൽമേഴ്സ്, കാലാവസ്ഥാ വ്യതിയാന-ഊർജ്ജ വകുപ്പ് മന്ത്രി ക്രിസ് ബോവൻ എന്നിവർ ചേർന്നാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്.
നിലവിലെ ‘ന്യൂ വെഹിക്കിൾ എഫിഷ്യൻസി സ്റ്റാൻഡേർഡ്സ്’ (New Vehicle Efficiency Standards) കാരണം താങ്ങാനാവുന്ന വിലയിലുള്ള നിരവധി ഇലക്ട്രിക് കാർ മോഡലുകൾ വിപണിയിൽ ലഭ്യമാണ്. ഈ സാഹചര്യത്തിൽ കുറഞ്ഞ വിലയിലുള്ള കാറുകൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനാണ് സർക്കാർ ഈ പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഈ പരിഷ്കാരങ്ങളിലൂടെ 2025-26 മുതലുള്ള അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ബജറ്റിൽ 1.7 ബില്യൺ ഡോളർ ലാഭിക്കാൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. പുതിയ മാറ്റങ്ങൾ നിലവിൽ പാട്ടത്തിനെടുത്തിട്ടുള്ള (existing leases) വാഹനങ്ങളെ ബാധിക്കില്ല.
മൂന്ന് ഘട്ടങ്ങളിലായാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുക:
ഒന്നാം ഘട്ടം: നിലവിലുള്ള ഇലക്ട്രിക് വാഹന നികുതി ഇളവുകൾ 2027 മാർച്ച് അവസാനം വരെ പൂർണ്ണമായും തുടരും.
രണ്ടാം ഘട്ടം: 2027 ഏപ്രിൽ 1 മുതൽ 2029 ഏപ്രിൽ 1 വരെയുള്ള കാലയളവിൽ, 75,000 ഡോളറോ അതിൽ താഴെയോ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമേ പൂർണ്ണമായ FBT ഇളവ് ലഭിക്കൂ. ഇതേ കാലയളവിൽ, 75,000 ഡോളറിനു മുകളിലും എന്നാൽ ലക്ഷ്വറി കാർ ടാക്സ് (Luxury car tax threshold) പരിധിക്ക് താഴെയുമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അടയ്ക്കേണ്ട FBT-യിൽ 25 ശതമാനം ഇളവായിരിക്കും ലഭിക്കുക. ഇത് വാഹന നിർമ്മാതാക്കളെ കൂടുതൽ വിലക്കുറവുള്ള കാറുകൾ ഓസ്ട്രേലിയൻ വിപണിയിൽ എത്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
മൂന്നാം ഘട്ടം: 2029 ഏപ്രിൽ 1 മുതൽ ലക്ഷ്വറി കാർ ടാക്സ് പരിധിക്ക് താഴെയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും FBT-യിൽ 25 ശതമാനം ഇളവ് മാത്രമായിരിക്കും ലഭിക്കുക.
യോഗ്യതയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ഇറക്കുമതി തീരുവയിലുള്ള ഇളവ് തുടർന്നും ലഭിക്കും.
2022 മെയ് മാസത്തിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ 1.8 ശതമാനം മാത്രമായിരുന്നു ഇലക്ട്രിക് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ. എന്നാൽ 2026 മാർച്ചിൽ ഇത് 22.9 ശതമാനമായി വർദ്ധിച്ചു. മുൻപ് 40,000 ഡോളറിൽ താഴെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് പത്തോളം മോഡലുകളായി വർദ്ധിച്ചു. ചരിത്രത്തിലാദ്യമായി 30,000 ഡോളറിൽ താഴെ വിലയുള്ള ഒരു മോഡലും ഇപ്പോൾ വിപണിയിലുണ്ട്. ഗോസ്ഫോർഡ് (Gosford), കെല്ലിവില്ലെ (Kellyville), വെരിബി (Werribee), ടൂവൂംബ (Toowoomba) തുടങ്ങിയ നഗരപ്രാന്തപ്രദേശങ്ങളിലാണ് ഇത്തരം വാഹനങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുള്ളതെന്ന് ഇലക്ട്രിക് കാർ ഡിസ്കൗണ്ട് റിവ്യൂ റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യം നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം ജനങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നികുതി പരിഷ്കാരം.
News by
Sajin Thiruvallam
News Editor

News Editor