NDIS-ൽ 1.5 മില്യൺ ഡോളറിന്റെ വൻ തട്ടിപ്പ്; വ്യാജ ക്ലെയിമുകൾ സമർപ്പിച്ച സിഡ്‌നി സ്വദേശി അറസ്റ്റിൽ 

admin ഏപ്രിൽ 23, 2026
NDIS-ൽ 1.5 മില്യൺ ഡോളറിന്റെ വൻ തട്ടിപ്പ്; വ്യാജ ക്ലെയിമുകൾ സമർപ്പിച്ച സിഡ്‌നി സ്വദേശി അറസ്റ്റിൽ 

സിഡ്‌നി: 1.5 മില്യൺ ഡോളറിന്റെ എൻ.ഡി.ഐ.എസ് (NDIS) ഫണ്ട് തട്ടിയതുമായി ബന്ധപ്പെട്ട് മുപ്പത്തിമൂന്നുകാരനായ സിഡ്‌നി സ്വദേശി അറസ്റ്റിൽ. ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP), നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് ഏജൻസി (NDIA), എൻ.ഡി.ഐ.എസ് കമ്മീഷൻ, ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് (ATO) എന്നിവർ ഉൾപ്പെട്ട സംയുക്ത ദൗത്യസംഘമാണ് ഇന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കാംഡെൻ (Camden) ലോക്കൽ കോടതിയിൽ ഹാജരാക്കും.

തട്ടിപ്പിന്റെ നാൾവഴികൾ 2024 ജനുവരിയിലാണ് ഇയാൾ തട്ടിപ്പ് വിരുദ്ധ ദൗത്യസംഘത്തിന്റെ (Fraud Fusion Taskforce – FFT) നിരീക്ഷണത്തിലാകുന്നത്. എൻ.ഡി.ഐ.എസിൽ രജിസ്റ്റർ ചെയ്ത സർവീസ് പ്രൊവൈഡർ ആണെന്ന വ്യാജേനയാണ് ഇയാൾ ക്ലെയിമുകൾ സമർപ്പിച്ചിരുന്നത്. സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി (Organised criminal groups) അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാൾ, യാതൊരു സേവനങ്ങളും നൽകാതെയാണ് 1.5 മില്യൺ ഡോളറിലധികം തുക കൈക്കലാക്കിയത്.

തുടർന്ന് 2024 ജൂൺ 25-ന് അന്വേഷണ സംഘം ബാങ്ക്‌സ്‌ടൗണിലെ (Bankstown) ഇയാളുടെ അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തി നിർണായക വിവരങ്ങൾ ശേഖരിച്ചു. 2024 ജനുവരി 17 നും മാർച്ച് 30 നും ഇടയിൽ 22 എൻ.ഡി.ഐ.എസ് ഗുണഭോക്താക്കളുടെ പേരിൽ 80 വ്യാജ ക്ലെയിമുകളാണ് ഇയാൾ സമർപ്പിച്ചത്. എന്നാൽ തങ്ങളുടെ പേരിൽ നടക്കുന്ന ഈ തട്ടിപ്പുകളെക്കുറിച്ച് ഈ ഗുണഭോക്താക്കൾക്കാർക്കും യാതൊരു അറിവുമുണ്ടായിരുന്നില്ല.

ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ, 2024 ഓഗസ്റ്റ് 19-ന് എൻ.ഡി.ഐ.എസ് സേവനങ്ങൾ നൽകുന്നതിൽ നിന്ന് ഇയാളെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ 2026 ഫെബ്രുവരിയിൽ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് ഏജൻസി (NDIA) ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന്  സിഡ്‌നിയിലെ താഹ്മൂർ (Tahmoor) എന്ന സ്ഥലത്തെ ഒരു നിർമ്മാണ സൈറ്റിൽ നിന്നാണ് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് പ്രതിയെ നാടകീയമായി അറസ്റ്റ് ചെയ്തത്.

പത്ത് വർഷം വരെ തടവ് സാമ്പത്തിക ലാഭത്തിനായി വഞ്ചന നടത്തിയെന്ന 22 കുറ്റങ്ങളും (Obtaining a financial advantage by deception), ഇതിന് ശ്രമിച്ചുവെന്ന 10 കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

കർശന മുന്നറിയിപ്പുമായി അധികൃതർ അർഹരായവർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന സംഘടിത കുറ്റവാളികളെ പിടികൂടാൻ പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് എ.എഫ്.പി ആക്ടിങ് കമാൻഡർ തിമോത്തി അണ്ടർഹിൽ വ്യക്തമാക്കി. നികുതിദായകരുടെ പണം അപഹരിക്കുന്നതിനൊപ്പം, ദുർബലരായ സമൂഹത്തിന് ലഭിക്കേണ്ട അടിയന്തര പരിചരണമാണ് ഇവർ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.ഐ.എസ് ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർ നിയമത്തിന്റെ മുഴുവൻ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുമെന്ന് എൻ.ഡി.ഐ.എ (NDIA) വക്താവ് മുന്നറിയിപ്പ് നൽകി. തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് എൻ.ഡി.ഐ.എസ് ക്വാളിറ്റി ആൻഡ് സേഫ്ഗാർഡ്‌സ് കമ്മീഷണർ ലൂയിസ് ഗ്ലാൻവില്ലും അറിയിച്ചു.

എൻ.ഡി.ഐ.എസ് തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 1800 650 717 എന്ന നമ്പറിലോ fraudreporting@ndis.gov.au എന്ന ഇമെയിലിലോ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്. പരിഭാഷകന്റെ സേവനത്തിനായി 13 14 50 എന്ന നമ്പറിൽ ബന്ധപ്പെടാം.

Photo : AFP


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW