5600-ലധികം രഹസ്യരേഖകൾ ചോർത്തിയ ട്രഷറി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

admin ഏപ്രിൽ 21, 2026
5600-ലധികം  രഹസ്യരേഖകൾ ചോർത്തിയ ട്രഷറി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സിഡ്നി: ന്യൂ സൗത്ത് വെയിൽസ് (NSW) ട്രഷറിയിൽ വൻ സൈബർ സുരക്ഷാ വീഴ്ച. സർക്കാരിന്റെ അതീവ സെൻസിറ്റീവ് സ്വഭാവമുള്ള 5,600-ലധികം രേഖകൾ അനധികൃതമായി ആക്സസ് ചെയ്ത് ഡൗൺലോഡ് ചെയ്തതിന് ട്രഷറി ഉദ്യോഗസ്ഥനായ ജഗൻ ഗാന്തി വെങ്കട സത്യയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിലധികം സർക്കാർ വകുപ്പുകളുടെ രഹസ്യ വാണിജ്യ-സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടുന്നതാണ് ചോർന്ന രേഖകളെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതിനെ ഒരു “സിഗ്നിഫിക്കന്റ് സൈബർ ഇൻസിഡന്റ്” (Significant Cyber Incident) ആയി എൻ.എസ്.ഡബ്ല്യു സർക്കാർ പ്രഖ്യാപിച്ചു. ഇതിന് പുറമെ സർക്കാരിന്റെ സൈബർ സുരക്ഷാ പ്രോട്ടോക്കോളുകളുടെ പൂർണ്ണ അവലോകനത്തിന് ഉത്തരവിട്ട സർക്കാർ, അന്വേഷണത്തിനായി പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനും രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ട്രഷറിയുടെ കൊമേഴ്‌സ്യൽ ടീമിലും മേജർ പ്രോജക്ട്‌സ് ഡിവിഷനിലും ജോലി ചെയ്തുവരികയായിരുന്നു അറസ്റ്റിലായ ജഗൻ.

അപകടകരമായ ഡാറ്റാ കൈമാറ്റം നടന്നത് ഏപ്രിലിൽ

പൊലീസ് അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 10 മുതൽ 14 വരെയുള്ള കാലയളവിലാണ് ആയിരക്കണക്കിന് രേഖകൾ ജഗൻ ബാഹ്യ സെർവറിലേക്ക് മാറ്റിയത്. ട്രഷറിയുടെ ആന്തരിക സുരക്ഷാ സംവിധാനങ്ങൾ ഈ സംശയകരമായ ഡാറ്റാ കൈമാറ്റം കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടതോടെ 17-ന് എൻ.എസ്.ഡബ്ല്യു പൊലീസിന്റെ സൈബർ ക്രൈം സ്‌ക്വാഡ് (സ്ട്രൈക്ക് ഫോഴ്‌സ് സിവിക്) കേസിന്റെ പൂർണ്ണ ചുമതല ഏറ്റെടുത്തു.

തുടർന്ന് കഴിഞ്ഞ ദിവസം  ഉച്ചയ്ക്ക് 1.30-ഓടെ സിഡ്നി സിബിഡിയിൽ വെച്ച് ജഗനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരം 6.45-ന് ഹോംബുഷ് വെസ്റ്റിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിർണ്ണായകമായ ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു ഹാർഡ് ഡ്രൈവും കണ്ടെടുത്തു. ചോർത്തിയ ഡാറ്റയെല്ലാം നിലവിൽ വീണ്ടെടുത്ത് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും, ഏജൻസിയുടെ സിസ്റ്റത്തിലേക്ക് ബാഹ്യമായി മറ്റ് ഹാക്കിംഗുകൾ ഒന്നും നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

കുറ്റം: നിയന്ത്രിത ഡാറ്റ അനധികൃതമായി ആക്സസ് ചെയ്തു

കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന നിയന്ത്രിത ഡാറ്റ (Restricted Data) അനധികൃതമായി ആക്സസ് ചെയ്തതിനും അതിൽ മാറ്റങ്ങൾ വരുത്തിയതിനുമാണ് ജഗൻ ഗാന്തി വെങ്കട സത്യയ്‌ക്കെതിരെ നിലവിൽ കുറ്റം ചുമത്തിയിരിക്കുന്നത്. കർശന ഉപാധികളോടെ ജാമ്യം അനുവദിക്കപ്പെട്ട ഇദ്ദേഹം 2026 ജൂൺ 3-ന് ഡൗണിങ് സെന്റർ ലോക്കൽ കോടതിയിൽ ഹാജരാകേണ്ടതുണ്ട്.

ചോർത്തപ്പെട്ട രേഖകൾ കേവലം ഒരു വകുപ്പിന്റേത് മാത്രമല്ലെന്നും, “മുഴുവൻ സർക്കാരിനെയും” ബാധിക്കുന്നതാണെന്നും എൻ.എസ്.ഡബ്ല്യു ട്രഷറർ ഡാനിയൽ മൂക്കി (Daniel Mookhey) വ്യക്തമാക്കി.

“ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കോൺഫിഡൻഷ്യൽ ആയ കൊമേഴ്‌സ്യൽ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. സർക്കാരിന്റെ നിലവിലെയും മുൻകാലങ്ങളിലെയും പല നിർണ്ണായക ചർച്ചകളുടെയും വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ടാണ് ഇതൊരു സിഗ്നിഫിക്കന്റ് സൈബർ ഇൻസിഡന്റ് ആയി ഞങ്ങൾ പ്രഖ്യാപിച്ചത്,” ഡാനിയൽ മൂക്കി മാധ്യമങ്ങളോട് പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങളിൽ സമഗ്ര പരിശോധന

സംഭവത്തിന്റെ പശ്ചാത്തലത്തിൽ എൻ.എസ്.ഡബ്ല്യു ട്രഷറിയിലെ മുഴുവൻ സൈബർ സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പുനഃപരിശോധിക്കാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സർക്കാരുമായി ഇടപാട് നടത്തുന്നവർക്ക് സുരക്ഷയെക്കുറിച്ച് പൂർണ്ണ ആത്മവിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

എൻ.എസ്.ഡബ്ല്യു ചീഫ് സൈബർ സെക്യൂരിറ്റി ഓഫീസറുടെ നേതൃത്വത്തിലാണ് വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചോർന്ന രേഖകളിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. അതേസമയം, സർക്കാർ സേവനങ്ങളെയൊന്നും ഈ സംഭവം ബാധിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

അഴിമതി നടത്തിയിട്ടില്ലെന്ന് പ്രതി

അറസ്റ്റിന് ശേഷം താൻ യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്ന് ജഗൻ ഗാന്തി വെങ്കട സത്യ മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്. “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, ഒരു വിവരവും ആർക്കും വിറ്റിട്ടുമില്ല,” എന്ന് വ്യക്തമാക്കിയ അദ്ദേഹം അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചുവെന്നും അവകാശപ്പെട്ടു.

വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ, ഊർജ്ജ മേഖലയിലെ മാറ്റങ്ങൾ, സ്വകാര്യ മേഖലയുമായുള്ള സുപ്രധാന കരാറുകൾ എന്നിവ കൈകാര്യം ചെയ്യുന്ന ട്രഷറിയിലെ അതിപ്രധാന വിഭാഗമാണ് കൊമേഴ്‌സ്യൽ ടീം. അതിനാൽ തന്നെ ഈ ഡാറ്റാ ചോർച്ച സർക്കാരിന്റെ ഭാവി പദ്ധതികളെയും ചർച്ചകളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിദേശ ശക്തികളുടെ ഇടപെടലോ ഡാറ്റ മറ്റാർക്കെങ്കിലും കൈമാറിയതായോ ഇതുവരെ തെളിഞ്ഞിട്ടില്ല. ജൂൺ 3-ന് കോടതി കേസ് പരിഗണിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Photo: AI -Generated Image


News by
Author
Sajin Thiuvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW