കാൻബെറയിൽ പുതിയ വീട് വാങ്ങാൻ പ്ലാനുണ്ടോ? ആൽബനീസീ-ബാർ സർക്കാരുകളുടെ പുതിയ പ്രഖ്യാപനം അറിയാം

admin ഏപ്രിൽ 20, 2026
കാൻബെറയിൽ പുതിയ വീട് വാങ്ങാൻ പ്ലാനുണ്ടോ? ആൽബനീസീ-ബാർ സർക്കാരുകളുടെ പുതിയ പ്രഖ്യാപനം അറിയാം

കാൻബെറ: ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ (ACT) ജനങ്ങൾക്ക്, പ്രത്യേകിച്ച് ആദ്യമായി സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ഭരണകൂടം. എസിടിയിൽ 4,900 പുതിയ വീടുകൾ നിർമ്മിക്കുന്നതിനായുള്ള സുപ്രധാന കരാറിൽ ആൽബനീസീ  സർക്കാരും ബാർ സർക്കാരും ഒപ്പുവെച്ചു. ഇതിൽ 1,700-ലധികം വീടുകൾ പൂർണ്ണമായും ആദ്യമായി വീട് വാങ്ങുന്നവർക്ക് (First Home Buyers) മാത്രമായി മാറ്റിവെച്ചിട്ടുള്ളവയാണ്.

കൂടുതൽ വീടുകൾ നിർമ്മിച്ച് സാധാരണക്കാരുടെ ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് ഇരു ലേബർ സർക്കാരുകളുടെയും ലക്ഷ്യമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഈ ഔദ്യോഗിക പ്രഖ്യാപനത്തിന് പുറമെ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, കേന്ദ്ര സർക്കാരിന്റെ ‘ആദ്യമായി വീട് വാങ്ങുന്നവർക്ക് 1 ലക്ഷം വീടുകൾ’ എന്ന 2025-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി കരാറിലേർപ്പെടുന്ന രണ്ടാമത്തെ ഭരണപ്രദേശമാണ് എസിടി. ഇതിന് മുൻപ്, 2026 ജനുവരിയിൽ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരുമായി 17,000 വീടുകൾ നിർമ്മിക്കാനുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പുവെച്ചിരുന്നു.

പ്രോപ്പർട്ടി കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ (Property Council of Australia) ഈ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം മുടങ്ങിക്കിടക്കുന്ന പല ഭവന നിർമ്മാണ പദ്ധതികൾക്കും ഈ ഫണ്ട് വലിയ ഊർജ്ജം പകരുമെന്ന് പ്രോപ്പർട്ടി കൗൺസിൽ എസിടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആഷ്‌ലി ബെറി അഭിപ്രായപ്പെട്ടിട്ടുണ്ട്.

 കൂടാതെ, 2025 ഒക്ടോബറിൽ തന്നെ കേന്ദ്ര സർക്കാർ ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള 5% ഡെപ്പോസിറ്റ് സ്‌കീം (5% Deposit Scheme) വരുമാന പരിധികളില്ലാതെ വ്യാപിപ്പിച്ചതും ഈ പുതിയ വീടുകൾ വാങ്ങാനൊരുങ്ങുന്നവർക്ക് ഇരട്ടി മധുരമാകും.

പദ്ധതിയുടെ സാമ്പത്തിക വിഹിതം:

ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ഈ പദ്ധതിക്കായി 250 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായമാണ് ആൽബനീസ് സർക്കാർ എസിടിക്ക് നൽകുന്നത്. ഈ തുക പ്രധാനമായും ഭൂമി വാസയോഗ്യമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി താഴെ പറയുന്ന രീതിയിൽ ഉപയോഗിക്കും:

കിങ്‌സ്റ്റൺ ആർട്സ് പ്രിസിൻക്ട്: അടിസ്ഥാന സൗകര്യ വികസനത്തിലൂടെ 75 വീടുകൾ ലഭ്യമാക്കാൻ 37.5 ദശലക്ഷം ഡോളർ. കിങ്‌സ്റ്റണിലെ ഹൈ-വോൾട്ടേജ് പവർലൈനുകൾ മാറ്റിസ്ഥാപിച്ച് 210 വീടുകൾക്ക് കൂടി വഴിയൊരുക്കാൻ 20 ദശലക്ഷം ഡോളർ വേറെയും അനുവദിച്ചിട്ടുണ്ട്.

വെസ്റ്റൺ ക്രീക്ക്: പാർപ്പിട വികസനത്തിനായി ഭൂമി ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യ നിക്ഷേപമായി 12.5 ദശലക്ഷം ഡോളർ (150 വീടുകൾ).

എസിടി എസ്റ്റേറ്റ് വർക്കുകൾ: 2034-ഓടെ എസിടിയിലുടനീളമായി 537 വീടുകൾ നിർമ്മിക്കുന്നതിനായി 100 ദശലക്ഷം ഡോളർ.

മൊളോംഗ്ലോ വാലി (ഡീപ് ക്രീക്ക്): ജലവിതരണ അടിസ്ഥാന സൗകര്യങ്ങൾക്കായി 20 ദശലക്ഷം ഡോളർ (65 വീടുകൾ).

ജിന്നിൻഡെറി പ്രദേശം (ബെൽക്കോണൻ): മാലിന്യനിക്ഷേപ കേന്ദ്രം (Landfill) സുരക്ഷിതമാക്കുന്നതിനായി 30 ദശലക്ഷം ഡോളർ (86 വീടുകൾ). ഇതിനുപുറമെ, ഓവർഹെഡ് പവർ ലൈനുകൾ മാറ്റാനും നിലവിലെ ഭവന വികസനം വ്യാപിപ്പിക്കാനുമായി 30 ദശലക്ഷം ഡോളർ കൂടി ഈ പ്രദേശത്ത് ചിലവഴിക്കും (മൊത്തം 120 പുതിയ വീടുകൾ).

സർക്കാരിന്റെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ:

ഓസ്‌ട്രേലിയൻ സർക്കാരിന്റെ 45 ബില്യൺ ഡോളറിന്റെ ബൃഹത്തായ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ ധനസഹായം നൽകുന്നത്. വീട് നിർമ്മാണ രംഗത്തെ മറ്റ് പ്രധാന നീക്കങ്ങൾ ഇവയാണ്:

നിർമ്മാണ മേഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനായി നാഷണൽ പ്ലാനിംഗ് റിഫോം ബ്ലൂപ്രിന്റും പരിസ്ഥിതി അനുമതികളിലെ ഇളവുകളും.

ഫ്രീ ടാഫ് (Free TAFE), 10,000 ഡോളർ അപ്രന്റീസ്ഷിപ്പ് ഇൻസെന്റീവുകൾ എന്നിവയിലൂടെ നിർമ്മാണ മേഖലയിൽ കൂടുതൽ തൊഴിലാളികൾക്ക് പരിശീലനം.

ഹൗസിംഗ് ഓസ്‌ട്രേലിയ ഫ്യൂച്ചർ ഫണ്ട് പോലുള്ള സംരംഭങ്ങളിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായി 55,000 സാമൂഹിക, താങ്ങാനാവുന്ന ഭവനങ്ങൾ (Social and affordable homes).

5% ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ 2,40,000-ലധികം ആളുകൾക്ക് വീട് വാങ്ങാൻ സഹായം.

ഭവന വിപണിയിൽ നിന്നും പിന്തള്ളപ്പെട്ടു പോകുന്നവർക്കായി ‘ഹെൽപ്പ് ടു ബൈ’ (Help to Buy) എന്ന ഷെയർഡ് ഇക്വിറ്റി സ്കീം.

എന്നിരുന്നാലും, ഈ പദ്ധതികൾക്കും വീട് വാങ്ങുന്നവർക്കുള്ള മറ്റ് അനുകൂല നടപടികൾക്കും മുൻ സഖ്യസർക്കാർ (Coalition) എതിരായിരുന്നുവെന്നും പത്രക്കുറിപ്പിൽ വിമർശിക്കുന്നുണ്ട്.

മന്ത്രിമാരുടെ പ്രതികരണങ്ങൾ:

ഭവന നിർമ്മാണ വകുപ്പ് മന്ത്രി ക്ലെയർ ഒനീൽ: “യുവാക്കൾക്കും ആദ്യമായി വീട് വാങ്ങുന്നവർക്കും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം എളുപ്പത്തിൽ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആൻഡ്രൂ ബാറുമായുള്ള ഈ ധാരണയിലൂടെ എസിടിയിലെ ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ സ്വന്തം വീടിന്റെ താക്കോൽ ലഭിക്കും. ഭവന വിപണി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങൾക്കറിയാം, എന്നാൽ ലേബർ സർക്കാർ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയക്കാരെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

എസിടി സെനറ്റർ കാറ്റി ഗല്ലഘർ: “2022 മുതൽ 800 ദശലക്ഷം ഡോളറിലധികമാണ് എസിടിയിലെ ഭവന നിർമ്മാണത്തിനായി ആൽബനീസ് ലേബർ സർക്കാർ വകയിരുത്തിയത്. ഇന്ന് പ്രഖ്യാപിച്ച 250 ദശലക്ഷം ഡോളർ ആ നിക്ഷേപത്തിന് കൂടുതൽ കരുത്തേകും. ദേശീയ ഭവന നിർമ്മാണ പരിപാടികളിലൂടെ എസിടിക്ക് അർഹമായ വിഹിതം ഇപ്പോൾ ലഭിക്കുന്നുണ്ട്.”

എസിടി ഉപമുഖ്യമന്ത്രി യെവെറ്റ് ബെറി: “2030-ഓടെ 30,000 വീടുകൾ അധികമായി നിർമ്മിക്കാനാണ് എസിടി സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രവുമായുള്ള ഈ കരാറിലൂടെ കൂടുതൽ താങ്ങാനാവുന്ന ഭവനങ്ങൾ ക്യാൻബെറയിൽ ലഭ്യമാകും. കൂടുതൽ ഭവനങ്ങൾ നൽകുന്നതിനായി രണ്ട് ലേബർ സർക്കാരുകൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്.”


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW