Middle East Crisis: ഊർജ്ജ സുരക്ഷയ്ക്കായി പുതിയ കരാറുമായി ഓസ്ട്രേലിയയും മലേഷ്യയും

admin ഏപ്രിൽ 16, 2026
Middle East Crisis: ഊർജ്ജ സുരക്ഷയ്ക്കായി പുതിയ കരാറുമായി ഓസ്ട്രേലിയയും മലേഷ്യയും

കാൻബെറ / കോലാലംപൂർ: ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഊർജ്ജ സുരക്ഷാ വിഷയത്തിൽ സംയുക്ത പ്രസ്താവന പുറത്തിറക്കി ഓസ്‌ട്രേലിയയും മലേഷ്യയും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസീയും  മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഇന്ന്  പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഊർജ്ജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ’ (Comprehensive Strategic Partnership) തുടർച്ചയായാണ് ഈ പുതിയ നീക്കം.

മേഖലയുടെ സാമ്പത്തിക ഭദ്രത, സുരക്ഷ, സമാധാനം എന്നിവ ഉറപ്പാക്കുന്നതിലും നിയമാധിഷ്ഠിതമായ തുറന്ന വ്യാപാര നയങ്ങളിലും ഇരു രാജ്യങ്ങൾക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് പ്രസ്താവനയിൽ പറയുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ ആശങ്ക 

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിലും അത് മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലും ഇരു നേതാക്കളും കടുത്ത ആശങ്ക രേഖപ്പെടുത്തി. എണ്ണ, പ്രകൃതിവാതകം തുടങ്ങിയ അവശ്യ ഊർജ്ജ സ്രോതസ്സുകളുടെ വിതരണ ശൃംഖലയെയും വിലയെയും ഈ യുദ്ധസാഹചര്യങ്ങൾ സാരമായി ബാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഊർജ്ജ വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്ന് ഇരു രാജ്യങ്ങളും വിലയിരുത്തി.

പരസ്പര സഹകരണവും പുനരുപയോഗ ഊർജ്ജവും 

പരസ്പരം ഊർജ്ജം കൈമാറുന്ന രാജ്യങ്ങൾ എന്ന നിലയിൽ ഓസ്‌ട്രേലിയയുടെയും മലേഷ്യയുടെയും ഊർജ്ജ സുരക്ഷയിൽ ഈ ഉഭയകക്ഷി ബന്ധത്തിന് വലിയ പങ്കുണ്ട്. ഊർജ്ജ ഉൽപ്പന്നങ്ങളുടെ സുതാര്യവും നിയമാധിഷ്ഠിതവുമായ വ്യാപാരം ഉറപ്പാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഊർജ്ജ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുതാര്യമായ ആശയവിനിമയം നടത്താനും പ്രായോഗിക സഹകരണം കൂടുതൽ ഊഷ്മളമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾ മുന്നിൽക്കണ്ട് വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രാദേശിക സഹകരണം കൂടുതൽ ശക്തമാക്കും. ഇതിനുപുറമെ, പരമ്പരാഗത ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റത്തെ (energy transition) പ്രോത്സാഹിപ്പിക്കാനും, പുനരുപയോഗ ഊർജ്ജത്തിന്റെ (renewable energy) ഉപയോഗം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. ആഗോള ഊർജ്ജ വിതരണത്തിലെ സുതാര്യത ജനങ്ങളുടെ സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും അത്യന്താപേക്ഷിതമാണെന്നും, ഊർജ്ജ വിപണിയെ ബാധിക്കുന്ന മാറ്റങ്ങളിൽ ഇരു രാജ്യങ്ങളും നിരന്തരം കൂടിയാലോചനകൾ തുടരുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW