ക്യാൻസർ രോഗികൾക്ക് ആശ്വാസം: മരുന്നുകളുടെ വിലക്കുറവിൽ പുതിയ പ്രഖ്യാപനം
കാൻബറ: ശ്വാസകോശ, മൂത്രാശയ ക്യാൻസറുകളോട് പൊരുതുന്ന ആയിരക്കണക്കിന് ഓസ്‌ട്രേലിയൻ പൗരന്മാർക്ക് വലിയൊരു ആശ്വാസമായി ആൽബനീസീ സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്സ് സ്കീമിൽ (PBS) പുതിയ മരുന്നുകൾ ഉൾപ്പെടുത്തുകയും നിലവിലുള്ളവയുടെ പരിധി വിപുലീകരിക്കുകയും ചെയ്തതോടെ, ജീവൻരക്ഷാ മരുന്നുകൾക്ക് ഇനി മുതൽ തുച്ഛമായ വില മാത്രം നൽകിയാൽ മതിയാകും. സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം രോഗികൾക്ക് സാമ്പത്തികമായി വലിയൊരു കൈത്താങ്ങാകും.
വിലക്കുറവ് ലഭിക്കുന്ന പ്രധാന മരുന്നുകൾ:
ഡർവാലുമാബ് (Durvalumab – Imfinzi®): ശ്വാസകോശ, മൂത്രാശയ ക്യാൻസർ ചികിത്സകൾക്കായി ഈ മരുന്നിന്റെ ഉപയോഗം കൂടുതൽ വിപുലീകരിച്ചു. കീമോറേഡിയേഷൻ ചികിത്സയ്ക്ക് ശേഷവും രോഗം മൂർച്ഛിക്കാത്ത, പ്രാഥമിക ഘട്ടത്തിലുള്ള സ്മോൾ സെൽ ശ്വാസകോശ ക്യാൻസറിനാണ് (Limited stage small cell lung cancer) ഇത് പ്രധാനമായും നൽകുന്നത്. വളരെ വേഗത്തിൽ പടരുന്ന ഈ ക്യാൻസർ, ഓസ്‌ട്രേലിയയിലെ മൊത്തം ശ്വാസകോശ ക്യാൻസർ ബാധിതരിൽ 13 ശതമാനത്തോളം വരും.
കൂടാതെ, പേശികളെ ബാധിക്കുന്ന മൂത്രാശയ ക്യാൻസറിന്റെ ചികിത്സയ്ക്കും ഈ മരുന്ന് ലഭ്യമാകും. 2024-ൽ മാത്രം 3,300-ലധികം ആളുകൾക്കാണ് ഓസ്‌ട്രേലിയയിൽ മൂത്രാശയ ക്യാൻസർ സ്ഥിരീകരിച്ചത്. PBS സബ്‌സിഡി ഇല്ലായിരുന്നെങ്കിൽ, ഒരു രോഗിക്ക് ഈ മരുന്നിനായി 11,000 ഡോളറിലധികം (ഏകദേശം 6 ലക്ഷം രൂപ) ചെലവാക്കേണ്ടി വരുമായിരുന്നു.
റെപ്പോട്രെക്റ്റിനിബ് (Repotrectinib – Augtyro®): മുതിർന്നവരിലെ നോൺ-സ്മോൾ സെൽ ശ്വാസകോശ ക്യാൻസറിന്റെ (c-ROS protooncogene 1 positive NSCLC) ചികിത്സയ്ക്കായി ഈ മരുന്ന് ആദ്യമായാണ് PBS-ൽ ഉൾപ്പെടുത്തുന്നത്. സബ്‌സിഡി ഇല്ലെങ്കിൽ ഒരു തവണത്തെ മരുന്നിന് 9,700 ഡോളറോളം വിലവരുന്നതാണിത്.
പുതിയ വിലവിവരങ്ങൾ
ഈ പദ്ധതി പ്രകാരം, അർഹരായ രോഗികൾക്ക് ഈ ഉയർന്ന വിലയുള്ള മരുന്നുകൾക്ക് പരമാവധി 25 ഡോളർ (ഏകദേശം 1,400 രൂപ) മാത്രമേ ചെലവ് വരൂ. കൺസഷൻ കാർഡ് (Concession card) ഉള്ളവർക്ക് ഇത് വെറും 7.70 ഡോളറിന് ലഭ്യമാകും. 2022 ജൂലൈ മുതൽ ഇതുവരെ 431 പുതിയ മരുന്നുകൾക്കാണ് ആൽബനീസീ സർക്കാർ PBS വഴി സബ്‌സിഡി അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമെ, ശ്വാസകോശ ക്യാൻസർ വരാൻ സാധ്യതയുള്ളവർക്ക് നാഷണൽ ലംഗ് ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാം വഴി സൗജന്യ പരിശോധനയും സർക്കാർ ഉറപ്പാക്കുന്നുണ്ട്.
മന്ത്രിയുടെ വാക്കുകൾ:
“ശ്വാസകോശ, മൂത്രാശയ ക്യാൻസറുകളോട് പൊരുതുന്നവരുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ചികിത്സകൾ. PBS-ൽ ഉൾപ്പെടുത്തിയില്ലായിരുന്നെങ്കിൽ, ഓസ്‌ട്രേലിയയിലെ ക്യാൻസർ രോഗികൾക്ക് ആയിരക്കണക്കിന് ഡോളറുകൾ ചെലവാക്കേണ്ടി വരുമായിരുന്നു. എല്ലാ ഓസ്‌ട്രേലിയക്കാർക്കും മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്,” ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor