ഇന്ധന പ്രതിസന്ധി ചർച്ചക്കിടെ, മൂല്യങ്ങളുമായി ഒത്തുപോകാത്ത കുടിയേറ്റക്കാരുടെ വിസ റദ്ദാക്കണമെന്ന് ആവശ്യം
കാൻബെറ: പശ്ചിമേഷ്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന യുദ്ധം ഓസ്‌ട്രേലിയയുടെ ഇന്ധന വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. രാജ്യത്ത് നിലവിൽ 38 ദിവസത്തേക്കുള്ള ഇന്ധന ശേഖരം മാത്രമാണുള്ളതെന്നും പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനോടൊപ്പം, ഓസ്‌ട്രേലിയൻ മൂല്യങ്ങൾ അംഗീകരിക്കാത്ത വിസ ഉടമകളെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള പുതിയ കുടിയേറ്റ നയം പ്രതിപക്ഷം പ്രഖ്യാപിച്ചതും രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രമുഖ ടെലിവിഷൻ പരിപാടിയായ ‘ടുഡേ ഷോ’യിൽ (Today Show) ഇന്ന് നടന്ന ചർച്ചയിലാണ് ലേബർ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതിനിധികൾ ഈ വിഷയങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയത്.
ഇന്ധനക്ഷാമം; സംസ്ഥാനങ്ങൾ സ്വന്തം വഴിക്ക്
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം ഒരു രാജ്യത്ത് 90 ദിവസത്തേക്കുള്ള ഇന്ധന ശേഖരം ഉണ്ടായിരിക്കണം. എന്നാൽ ഓസ്‌ട്രേലിയയിൽ ഇത് വെറും 38 ദിവസത്തേക്കുള്ളത് മാത്രമാണെന്ന് ന്യൂ സൗത്ത് വെയിൽസ് (NSW) പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയ (WA) സ്വന്തമായി തന്ത്രപ്രധാനമായ ഇന്ധന ശേഖരം (Strategic stockpile) രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
എന്നാൽ, അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഇത്തരം അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് ഓസ്‌ട്രേലിയക്ക് പൂർണ്ണമായും ഒഴിഞ്ഞുനിൽക്കാനാകില്ലെന്ന് വയോജന സംരക്ഷണ മന്ത്രി സാം റേ (Sam Rae) വ്യക്തമാക്കി. ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ചരക്കുകപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സൈനിക ഇടപെടൽ
പശ്ചിമേഷ്യൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓസ്‌ട്രേലിയയുടെ സൈനിക സഹായം തേടിയാൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ചർച്ചയായി. സൈന്യം സജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ അമേരിക്കയിൽ നിന്ന് ഔദ്യോഗികമായി യാതൊരു ആവശ്യവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സാം റേ പറഞ്ഞു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനങ്ങൾ മാത്രമേ സർക്കാർ എടുക്കുകയുള്ളൂ.
കർശന കുടിയേറ്റ നയവുമായി ലിബറൽ പാർട്ടി
രാജ്യത്ത് വർദ്ധിച്ചുവരുന്ന കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലിബറൽ പാർട്ടി പ്രഖ്യാപിക്കുന്ന പുതിയ കുടിയേറ്റ നയം ചർച്ചകളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമായി. വിസയിൽ രാജ്യത്ത് എത്തുന്നവർ ഓസ്‌ട്രേലിയൻ മൂല്യങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവരെ നാടുകടത്താനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. ഇതിനായി വിസ ഉടമകളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ വരെ പരിശോധിച്ചേക്കും.
“ഓസ്‌ട്രേലിയയിൽ ജീവിക്കുക എന്നത് ഒരു പദവിയാണെന്നും അതൊരു അവകാശമല്ലെന്നും” കെല്ലി സ്ലോൺ വ്യക്തമാക്കി. രാജ്യത്തിന്റെ മൂല്യങ്ങൾ പങ്കിടാത്തവരെയും രാജ്യത്തിനായി സംഭാവന നൽകാത്തവരെയും ഇവിടെ തുടരാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
എന്നാൽ, ലിബറൽ പാർട്ടിയുടേത് വെറും രാഷ്ട്രീയ നാടകമാണെന്ന് മന്ത്രി സാം റേ തിരിച്ചടിച്ചു. ഇത് രാജ്യത്തിന്റെ താൽപ്പര്യങ്ങളെക്കാൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും, നിർമ്മാണം, ശിശുപരിപാലനം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ഏതെല്ലാം തൊഴിലാളികളുടെ വിസയാണ് പ്രതിപക്ഷം റദ്ദാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
News by
Sajin Thiruvallam
News Editor

News Editor